ഇളംനിറങ്ങളിൽ വിടർന്ന വിസ്റ്റീരിയ പൂക്കൾകൊണ്ടൊരു മനോഹര കവാടം; വർഷത്തിൽ രണ്ടുതവണ മാത്രം തുറക്കുന്ന കാഴ്ചാവിസ്മയം!
കാണുന്നത് ഒരു ഓയിൽ പെയിന്റിംഗ് ആണോ എന്ന് അത്ഭുതം തോന്നാം. അത്ര മനോഹരമായ ഒരു കാഴ്ചയാണ് തെക്കൻ ജപ്പാനിലെ കവാച്ചി ഫുജി ഗാർഡൻ പാർക്കിനുള്ളിലെ പ്രശസ്തവും അതിശയകരവുമായ കമാനമായ വിസ്റ്റീരിയ ടണൽ. വർണങ്ങളുടെയും മത്തുപിടിപ്പിക്കുന്ന സുഗന്ധങ്ങളുടെയും ഈ ഗംഭീരമായ കാഴ്ച വസന്തകാലത്ത് സൗന്ദര്യത്താൽ നിറഞ്ഞുകവിഞ്ഞ് ഒഴുകും. കിറ്റാക്യുഷു പട്ടണത്തിന് പുറത്ത് ഫുകുവോക്ക പ്രിഫെക്ചറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 20 വ്യത്യസ്ത ഇനങ്ങളിലുള്ള 150 വിസ്റ്റീരിയകൾ ചേർന്ന് രൂപപ്പെടുത്തിയ അവിശ്വസനീയമായ ഈ കവാടത്താൽ മൂടപ്പെട്ട ഒരു തെരുവ് ഈ നഗരത്തിൻ്റെ സവിശേഷതയാണ്.
ജാപ്പനീസ് ഭാഷയിൽ ‘ഫുജി’ എന്ന് വിളിക്കപ്പെടുന്ന വിസ്റ്റീരിയ, ഉദിക്കുന്ന സൂര്യൻ്റെ പ്രതീകാത്മക പുഷ്പങ്ങളിൽ ഒന്നാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സസ്യങ്ങളിൽ ഒന്നാണിത്, ഏറ്റവും മനോഹരമായ പേസ്റ്റൽ നിറങ്ങളിൽ പൂക്കളുടെ കൂട്ടങ്ങളുള്ള വള്ളിപ്പടർപ്പാണിത്. വിസ്റ്റീരിയ എന്ന പൂവ് പ്രണയത്തിലെ വിശ്വസ്തതയുടെ വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നു, ബുദ്ധമതക്കാർക്ക് ഇത് എല്ലാറ്റിനുമുപരിയായി ദൈവത്തോടുള്ള പ്രാർത്ഥനയുടെ പ്രതീകമാണ്. ലോകത്തിലെ ഏറ്റവും റൊമാൻ്റിക് സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വിസ്റ്റേരിയ ടണൽ മാത്രമല്ല ഇവിടുത്തെ പ്രത്യേകത. 700-ലധികം മേപ്പിൾ മരങ്ങളുള്ള മറ്റൊരു മനോഹരമായ പൂന്തോട്ടവും പാർക്കിലുണ്ട്.
Read also: പൂജയ്ക്ക് ഉപയോഗിച്ച പൂക്കളിൽ നിന്ന് 100 കോടി വരുമാനം; സുഗന്ധം പരത്തി ഫൂൽ.കോ!
പൂന്തോട്ടങ്ങൾ വർഷത്തിൽ രണ്ടുതവണ മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്. ഏപ്രിൽ അവസാനം മുതൽ മെയ് അവസാനം വരെ വിസ്റ്റീരിയ പൂവിടുമ്പോൾ, നവംബർ അവസാന രണ്ടാഴ്ചകളിൽ മേപ്പിൾ ഇലകൾ പൊഴിയുന്നത് കാണാനായി തുറക്കുന്നു. പാർക്കിനുള്ളിൽ ഏപ്രിൽ 18 നും മെയ് 31 നും ഇടയിൽ നടക്കുന്ന “ഫുജി മത്സുരി” അല്ലെങ്കിൽ “വിസ്റ്റീരിയ ഫെസ്റ്റിവൽ” ഏറ്റവും പ്രധാന ആകർഷണമാണ്.
Story highlights- japan’s wisteria flower tunnel