വിവാഹ വസ്ത്രം സ്വപ്നം മാത്രമാണോ..? ഒപ്പമുണ്ട് ‘കൈത്താങ്ങ്’ കൂട്ടായ്മ!

February 11, 2024

ഒരു പെൺകുട്ടി ഏറ്റവും സുന്ദരിയായി അണിഞ്ഞൊരുങ്ങണം എന്ന് ആഗ്രഹിക്കുന്നത് അവളുടെ വിവാഹ ദിവസമായിരിക്കും. പലർക്കും ലക്ഷങ്ങൾ വരെ മുടക്കി തങ്ങളുടെ വിവാഹ വസ്ത്രം വാങ്ങാൻ കഴിയുമ്പോൾ അതിന്റെ പത്തിലൊന്ന് പോലും ചെലവാക്കാൻ നിർവാഹമില്ലാത്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ എണ്ണമില്ലാത്ത പെൺകുട്ടികളാണ് ഇഷ്ടപ്പെട്ട വിവാഹ വസ്ത്രം വാങ്ങാൻ കഴിയാതെ നെട്ടോട്ടമോടുന്നത്. (‘Kaithangu’ group that arranges wedding dress for brides)

ദാരിദ്യം ഒരു വധുവിന്റെയും സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകരുത് എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയവരാണ് മണ്ണാർകാട് കോട്ടോപ്പാടത്തെ ‘കൈത്താങ്ങ്’ കൂട്ടായ്മയിലെ അംഗങ്ങൾ. നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹ വസ്ത്രങ്ങൾ ഒരുക്കിയാണ് ഇവർ ശ്രദ്ധ നേടുന്നത്.

ഒരു വർഷം മുൻപ് കൈത്താങ്ങ് കൂട്ടായ്മയെ തേടി ഒരു ഫോൺ സന്ദേശം വന്നു. “മറ്റെന്നാൾ എന്റെ മകളുടെ കല്യാണമാണ്. അവൾക്ക് ഉടുക്കാൻ കുപ്പായം പോലും വാങ്ങിയിട്ടില്ല”. ഇതായിരുന്നു മറുപുറത്ത് നിന്ന് കേട്ട ശബ്ദം. അന്ന് പതിമൂവായിരം രൂപ സ്വരൂപിച്ച് കൂട്ടായ്മ വധുവിന് വസ്ത്രം വാങ്ങി നൽകി. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി നീറുന്ന മണവാട്ടിമാർ ഇനിയുമുണ്ട് എന്ന തിരിച്ചറിവാണ് വസ്ത്ര ശേഖരണ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Read also: അധ്യാപകരായി മാറി ജനമൈത്രി പോലീസ്; തൊഴിൽ രഹിതർക്ക് സൗജന്യ പരിശീലനം!

പലപ്പോഴും വിവാഹ ദിവസം കഴിഞ്ഞാൽ ആരും ആ വസ്ത്രം ഉപയോഗിക്കുക പോലുമില്ല. ഇപ്പോൾ കൂട്ടായ്മയെ കുറിച്ച് സമൂഹ മാധ്യമങ്ങളും മറ്റും വഴി അറിയുന്ന പലരും ഒറ്റത്തവണ ഉപയോഗിച്ച, വീണ്ടും ഉപയോഗിക്കാൻ പാകത്തിലുള്ള തങ്ങളുടെ വസ്ത്രങ്ങൾ മറ്റൊരാൾക്കായി നൽകുന്നുണ്ട്.

ഇരുപത്തിരണ്ടോളം പെൺകുട്ടികൾക്കാണ് ഇപ്പോൾ കൂട്ടായ്മ വഴി സൗജന്യ വിവാഹ വസ്ത്രങ്ങൾ ലഭിച്ചത്. വസ്ത്രം നൽകുന്നവർ എത്ര ദൂരെ ഉള്ളവരായാലും കൂട്ടായ്മയിലെ അംഗങ്ങൾ പോയി ശേഖരിക്കാൻ തയ്യാറാണ്. പെൺകുട്ടികൾ ഏത് മതത്തിൽ പെട്ടവരാണെങ്കിലും, ഉടുക്കാൻ വിവാഹ വസ്ത്രങ്ങൾ ഇപ്പോൾ കൈത്താങ്ങിന്റെ പക്കലുണ്ട്.

Story highlights: ‘Kaithangu’ group that arranges wedding dress for brides