റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിളക്കം; ‘കിസ് വാഗൺ’ നേടിയത് രണ്ട് പുരസ്കാരങ്ങൾ!
നവാഗത സംവിധായകനായ മിഥുൻ മുരളി സംവിധാനം ചെയ്ത ‘കിസ് വാഗൺ’ എന്ന മലയാള ചിത്രം റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ കരസ്ഥമാക്കിയത് 2 പുരസ്കാരങ്ങൾ. ക്രിട്ടിക്കുകളും, ജേണലിസ്റ്റുകളും, ജൂറിയും ചേർന്ന് സ്പെഷ്യൽ ജൂറി, ഫിപ്രെസ്കി എന്നീ പുരസ്കാരങ്ങളാണ് ചിത്രത്തിന് നൽകിയത്. ഫെസ്റ്റിവലിലെ ടൈഗർ വിഭാഗത്തിൽ മത്സരിച്ച ഏക ഇന്ത്യൻ സിനിമയും ‘കിസ് വാഗൺ’ ആയിരുന്നു. (‘Kiss Wagon’ bags multiple awards at Rotterdam Film Festival)
മിലിറ്ററി ഭരിക്കുന്ന സാങ്കൽപ്പിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാർസൽ ഡെലിവെറിയുടെ ഭാഗമായി പെൺകുട്ടി നടത്തുന്ന സാഹസികമായ യാത്ര ചിത്രത്തിൽ തുറന്നു കാട്ടുന്നു. നിഴൽനാടകങ്ങളുടെ (shadow play) രൂപഘടന ഉൾക്കൊണ്ട് കൊണ്ട് മൂന്നുമണിക്കൂർ നീളുന്ന രസകരമായ ദൃശ്യാനുഭവമാണ് കാഴ്ചക്കാർക്ക് ലഭിക്കുന്നത്.
Read also: റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ‘ഏഴ് കടൽ ഏഴ് മലൈ’ പ്രീമിയർ; ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ!
‘കിസ് വാഗൺ’ സിനിമയ്ക്ക് ഫിപ്രെസ്കി പുരസ്കാരം നൽകാനുള്ള തീരുമാനം ഐകകണ്ഠേന ആയിരുന്നു എന്നായിരുന്നു ഒരു ജൂറി അംഗം പറഞ്ഞത്. ചിത്രത്തെ കുറിച്ചുള്ള ജൂറി അഭിപ്രായം ഇങ്ങനെ, “ശൈലികൾ, ജോണറുകൾ, തീമുകൾ എന്നിവയുടെ സങ്കീർണ്ണമായ കൊളാഷ്, വിപുലവും വ്യക്തിഗതവുമായ കരകൗശലങ്ങൾ തുടങ്ങിയവയുടെ ഉപയോഗത്താൽ സിനിമ എന്നത് നിരന്തരം പുതുക്കുന്ന പരിധികളിലില്ലാത്ത ഇടമാണെന്ന് ഈ ധീരമായ ചിത്രം നമ്മെ ഓർമ്മിപ്പിച്ചു. ഒപ്പം സ്വാതന്ത്ര്യമില്ലായ്മ, ലിംഗപരമായ അടിച്ചമർത്തൽ എന്നീ ഗുരുതരമായ വിഷയങ്ങളെ നർമ്മവും, അത്ഭുതവും, ഗൂഢാലോചനയും സമന്വയിപ്പിക്കുന്ന രീതിയിൽ സമീപിക്കുന്നതിലെ തീക്ഷ്ണതയും, പുതുമയും ആഘോഷഭരിതമാണ്”.
തന്റെ സഹായിയായ ഗ്രീഷ്മ രാമചന്ദ്രനോടൊപ്പം രണ്ടുവർഷത്തോളം നീണ്ടുനിന്ന കഠിന പ്രയത്നത്തിനൊടുവിലാണ് ഇത്തരമൊരു രസകരമായ പരീക്ഷണത്തിന് മിഥുൻ മുതിർന്നത് . അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും എല്ലാം മിഥുൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗത സംവിധായകനും, സംസ്ഥാന അവാർഡ് ജേതാവുമായ കൃഷ്ണേന്ദു കലേഷാണ് മിഥുന്റെ ഈ മികച്ച ചിത്രത്തെ റോട്ടർഡാമിൽ അവതരിപ്പിച്ചത്.
Story highlights: ‘Kiss Wagon’ bags multiple awards at Rotterdam Film Festival