ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം; ആവേശത്തിരമാലകളുയർത്തിയ അഭ്യാസ പ്രകടനത്തിന് വേദിയായി കൊച്ചി

February 1, 2024

48-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘടിപ്പിച്ച അഭ്യാസ പ്രകടനത്തിന് വേദിയായി കൊച്ചി. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന അഭ്യാസപ്രകടനങ്ങളില്‍ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അണിനിരന്നു. കൊച്ചീ തീരപ്രദേശത്ത് നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലായിരുന്നു അഭ്യാസപ്രകടനങ്ങള്‍. ( Kochi Coast guard raising day 2024 )

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സമര്‍ത്ഥില്‍ ഇരുന്ന് ഗവര്‍ണര്‍ പ്രകടനങ്ങള്‍ വീക്ഷിച്ചു. കോസ്റ്റ് ഗാര്‍ഡ് ദിനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും കപ്പല്‍ യാത്രക്കായുള്ള അവസരം ഒരുക്കിയിരുന്നു. ചെറുതും വലുതുമായ നാല് കപ്പലുകളും മറ്റു രണ്ട് റെസ്‌ക്യൂ ബോട്ടുകളും റാലിയില്‍ പങ്കെടുത്തു.

ചെറു ബോട്ടുകളുടെ അതിവേഗ റേസിങ്ങും ആകാശത്ത് കൂടി ചീറിപ്പായുന്ന ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങളും കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ വിവിധയിനം ഹെലികോപ്റ്ററുകളും യുദ്ധ വിമാനങ്ങളും അഭ്യാസ പ്രകടനങ്ങളും നടത്തി.

Read Also : വിഡിയോ പകർത്താൻ 29 നിലകളുള്ള അപ്പാർട്ട്‌മെന്റിൽ നിന്നും ചാടി; പാരച്യൂട്ട് തുറക്കാനാകാതെ വന്നതിനെ തുടർന്ന് ദാരുണാന്ത്യം

കപ്പല്‍ തട്ടിക്കൊണ്ടുപോയ കടല്‍ക്കൊള്ളക്കാരെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുന്നതായിരുന്നു ആദ്യ പ്രകടനം. എഎല്‍എച്ച് ഹെലികോപ്റ്ററിന്റെ നേതൃത്വത്തിലായിരുന്നു കമാന്‍ഡോ ഓപ്പറേഷന്‍ നടന്നത്. അതോടൊപ്പം കടലില്‍ അകപ്പെട്ട ഒരാളെ കോസ്റ്റ് ഗാര്‍ഡിന്റെ ഫൈറ്റര്‍ ജെറ്റ്, ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തുന്നതും തീരരക്ഷ സേന പ്രദര്‍ശിപ്പിച്ചു. ഇതിന് ശേഷം കടലിലേക്കുള്ള കോസ്റ്റ് ഗാര്‍ഡിന്റെ നാല് റൗണ്ട് വെടിവയ്പ്പും കാണികള്‍ക്ക് ആവേശക്കാഴ്ചയായി മാറി. തീരസംരക്ഷണ സേനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു ആഴക്കടലിലെ ഈ അഭ്യാസ പ്രകടനങ്ങള്‍.

Story highlights : Kochi Coast guard raising day 2024