തിരക്ക് കാരണം വീർപ്പുമുട്ടുന്ന ലോക നഗരങ്ങൾ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ നഗരങ്ങളും
വലിയ വലിയ നഗരങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാകുമല്ലേ.. മികച്ച ജോലിയും ജീവിതരീതിയും ലക്ഷ്യമിട്ടുകൊണ്ടാണ് നിരവധിയാളുകൾ വലിയ നഗരങ്ങളിലേക്ക് ചേക്കേറുന്നത്. എന്നാൽ ഇത്തരം നഗരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം അവിടെയുള്ള ജനത്തിരക്ക് തന്നെയാണ്. ഇത്തരത്തിലുള്ള തിരക്ക് കാരണം ജനജീവിതം ബുദ്ധിമുട്ടാകുന്നത് സ്ഥിരം കാഴ്ചയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിൽപെട്ട് ഇഴഞ്ഞുനീങ്ങേണ്ടിവരുന്ന അനുഭവങ്ങൾ വളരെ മനംമടുപ്പിക്കുന്നതാണ്. ( List of most congested cities in the world )
2023 ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളെ കുറിച്ച് ആംസ്റ്റർഡാം ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലണ്ടൻ നഗരമാണ് ഒന്നാമത്. ലണ്ടൻ നഗരത്തിൽ റോഡുവഴി പത്ത് കിലോമീറ്റർ സഞ്ചരിക്കാൻ ഒരാൾ ചെലവിടുന്ന ശരാശരി സമയം 37 മിനിട്ടും 20 സെക്കൻഡുമാണ് എന്നത് നഗരത്തിരക്കിന്റ കാഠിന്യം കാണിക്കുന്നതാണ്. 55 രാജ്യങ്ങളിലെ 387 നഗരങ്ങളിലായിട്ടാണ് പഠനം നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള രണ്ട് നഗരങ്ങളും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
29 മിനിട്ടും 30 സെക്കൻഡ് ശരാശരി യാത്രാസമയമുള്ള അയർലൻഡ് തലസ്ഥാനമായ ഡബ്ലിൻ ഈ പട്ടികയിൽ രണ്ടാമതാണ്. 29 മിനിട്ടുമായി ടൊറന്റോ മൂന്നാമതും 28 മിനിട്ടും 50 സെക്കൻഡുമായി ഫാഷൻ തലസ്ഥാനം എന്ന് വാഴ്ത്തപ്പെടുന്ന ഇറ്റലിയിലെ മിലാൻ നാലാം സ്ഥാനത്താണ്. പെറു തലസ്ഥാനമായ ലിമയാണ് 28 മിനിട്ടും 30 സെക്കൻഡും യാത്രാ സമയവുമായി അഞ്ചാം സ്ഥാനത്തുള്ളത്.
Read Also : മനോഹരിയായി കശ്മീർ; ആ മഞ്ഞണിഞ്ഞ വീഥിയിലൂടെ ഒരു കുതിര സവാരി!
ഇന്ത്യൻ നഗരങ്ങളായ ബെംഗളൂരു, പൂനെ എന്നിവയാണ് യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. ബെംഗളൂരിലെ 10 കിലോമീറ്റർ യാത്രയ്ക്ക് ശരാശരി 28 മിനിട്ടും 10 സെക്കൻഡും ആവശ്യമായി വന്നപ്പോൾ പൂനെയിൽ 27 മിനിട്ടും 50 സെക്കൻഡുമെടുത്താണ് ഇത്രയും ദുരം സഞ്ചരിച്ചത്. റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഫിലിപ്പീൻസിലെ മനില, ബെൽജിയത്തിലെ ബ്രസൽസ് എന്നി നഗരങ്ങളാണ് യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലാണുള്ളത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതും തിരക്ക് കുറയ്ക്കുന്നതിനുള്ള തന്ത്രപരമായ നയങ്ങളും ടോംടോം പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story highlights : List of most congested cities in the world