നഷ്ടപ്പെട്ട മകൻ 22 വർഷത്തിന് ശേഷം സന്യാസിയായി വീട്ടിലേക്ക്; എത്തിയത് തട്ടിപ്പുകാരൻ!

February 12, 2024

തട്ടിപ്പുകളുടെ പരമ്പരകൾ അരങ്ങേറുന്ന ഇടമാണ് ഇന്ത്യ. ഏതുനാട്ടിലും ഉണ്ടാകുന്ന കാര്യമാണ് എങ്കിലും ഇന്ത്യയിൽ തട്ടിപ്പുകൾ വേറൊരു തലത്തിൽത്തന്നെയാണ് സംഭവിക്കുന്നത്. ആളുകളുടെ വൈകാരികതയെ പോലും മുതലെടുക്കുന്ന സംഭവങ്ങൾ നിരവധി സംഭവിക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ പോലും ഏറ്റെടുത്ത ഒരു സംഭവം.

‘അമ്മ വഴക്ക് പറഞ്ഞതിനെത്തുടർന്ന് നാടുവിട്ട മകൻ 22 വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തിയെന്ന വാർത്ത വളരെയധികം ശ്രദ്ധനേടിയിരുന്നു. മടങ്ങിയെത്തിയെങ്കിലും സന്യാസത്തിലേക്ക് തിരിഞ്ഞ മകൻ അമ്മയിൽ നിന്നും ഭിക്ഷ സ്വീകരിച്ച് അവർക്കായി പാട്ടുപാടിനല്കി മടങ്ങുകയായിരുന്നു. പൊട്ടിക്കരയുന്ന അമ്മയുടെ വൈകാരികത ആളുകളിൽ നൊമ്പരമുണർത്തിയിരുന്നു.

എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം മകനായി എത്തിയത് ഒരു ആൾമാറാട്ടക്കാരൻ ആയിരുന്നു എന്നാണ്. അച്ഛനുണ്ടായ ചില സംശയങ്ങളെ തുടർന്നാണ് തട്ടിപ്പ് നാടകം പൊളിയുന്നത്. ജാർഖണ്ഡിൽ ഒരു ആശ്രമത്തിലേക്ക് എന്നുപറഞ്ഞാണ് പിങ്കു എന്ന മകന്റെ പേരിലെത്തിയ യുവാവ് മടങ്ങിയത്. ആളുകളിൽ നിന്നും നിരവധി സമ്മാനങ്ങളും തുകയുമൊക്കെ സ്വീകരിച്ചാണ് അയാൾ പോയത്. ഫെബ്രുവരി ഒന്നിന് ഗ്രാമം വിടുന്നതിന് മുമ്പ് ഗ്രാമവാസികൾ അദ്ദേഹത്തിന് 13 ക്വിൻ്റൽ ഭക്ഷ്യധാന്യവും രതിപാലിൻ്റെ സഹോദരി 11,000 രൂപയും രതിപാൽ അദ്ദേഹത്തിന് ഒരു ഫോണും നൽകിയിരുന്നു. സന്യാസിയാകുന്നുവെങ്കിലും വീടുമായുള്ള ബന്ധം കളയണ്ട എന്നുപറഞ്ഞ് ഇടയ്ക്ക് വിളിക്കാൻ അച്ഛൻ ഒരു ഫോണും വാങ്ങി നൽകിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ ഫോണിൽ നിന്നും കോൾ എത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്. തനിക്ക് സന്യാസിയാകേണ്ട എന്നും മടങ്ങിവരണമെന്നും യുവാവ് അച്ഛനെ അറിയിച്ചു.എന്നാൽ മടങ്ങിവരണമെങ്കിൽ പതിനൊന്നുലക്ഷം രൂപ ആശ്രമത്തിൽ അടയ്ക്കണമെന്നും അറിയിച്ചു. 22 വർഷങ്ങൾക്ക് ശേഷം മകൻ മടങ്ങിവരുമ്പോൾ എന്തിനും തയ്യാറായിരുന്നു ആ അച്ഛനും അമ്മയും. അവർ വീടും സ്ഥലവുമെല്ലാം വിറ്റ് തുകയുമായി ആശ്രമത്തിലേക്ക് എത്തി മകനെയും കൂട്ടി തിരികെ പോരാമെന്നു അറിയിച്ചു. എന്നാൽ, തുക ഓൺലൈനായോ ബാങ്ക് വഴിയോ അയച്ചാൽ മതിയെന്നായി യുവാവ്.

Read also: മഞ്ഞുപുതഞ്ഞ ട്രെയിനിൽ കാശ്മീരിലേക്ക് ഒരു സ്വപ്നയാത്ര- യാത്രാപ്രേമികൾക്കായി വിഡിയോ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ

നേരിട്ട് വന്ന് ആശ്രമത്തിലുള്ളവരോട് കാര്യങ്ങൾ പറയാം എന്ന് അച്ഛൻ അറിയിച്ചിട്ടും സമ്മതിക്കാതെ വന്നതോടെ അച്ഛന് സംശയമായി. അയാൾ പോലീസിൽ അറിയിച്ചു. അന്വേഷണത്തിൽ അങ്ങനെയൊരു ആശ്രമവുമില്ല. വന്ന വ്യക്തി ഇവരുടെ മകനുമല്ല. നഫീസ് എന്ന യുവാവ് ആണ് മകനെന്നപേരിൽ ഭാനുമതി എന്ന അമ്മയെയും അച്ഛൻ രതിപാൽ സിംങ്ങിനെയും കബളിപ്പിച്ചത്. ഇതോടെ ഇവർ ആകെ വിഷമത്തിലായി.

കഥ ഇവിടെയും അവസാനിക്കുന്നില്ല. കൂടുതൽ അന്വേഷണങ്ങൾക്കൊടുവിൽ, നഫീസിൻ്റെ സഹോദരൻ നേരത്തെ സമാനമായ പ്രവൃത്തി നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയിൽ ഒരു കുടുംബത്തെ കബളിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.

Story highlights- Lost son comes home after 22 year turns out to be a fraudster