രോഗാവസ്ഥയെ ചിരിച്ച് തോൽപ്പിച്ച് മോഡലായവൾ; മാതൃക ഈ ജീവിതം
പരിഹസിച്ചവര്‍ക്ക് മുന്‍പില്‍ നിറചിരിയോടെ നില്‍ക്കുന്ന മോഡലാണ് മഹോഗാനി ഗെറ്റര്‍. രോഗാവസ്ഥയെ ചിരിച്ച് തോല്‍പിച്ചവള്‍. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാകുമ്പോള്‍ സ്വയം ഉള്‍വലിഞ്ഞ് അപകര്‍ഷതാബോധവും പേറി ജീവിക്കുന്നവര്‍ക്ക് സ്വപ്‌നങ്ങളുമായി ഉയര്‍ന്ന് പറക്കാന്‍ പ്രചോദനം നല്‍കുകയാണ് ഈ പെണ്‍കരുത്ത്.
അമേരിക്കക്കാരിയാണ് മഹോഗാനി ഗെറ്റര്‍. പ്രായം ഇരുപത്തിയഞ്ചു വയസ്സ്. മുഖത്ത് എപ്പോഴും പുഞ്ചിരിയാണ്. ലിംഫെഡിമ എന്ന രോഗാവസ്ഥയാണ് ഈ പെണ്‍ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ തന്റെ സ്വപ്‌നങ്ങളെ ഈ മിടുക്കി കൈയെത്തി പിടിച്ചിരിക്കുന്നു. ശരീരത്തിലെ മൃദുവായ കോശങ്ങള്‍ അധികമായി ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗം വളരെയധികം നീരുവയ്ക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ലിംഫെഡിമ. മഹോഗാനി ഗെറ്ററിന്റെ ഇടതു കാലിനാണ് ലിംഫെഡിമ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 45 കിലോയോളമാണ് ഈ കാലിന്റെ തൂക്കം.
കാല് മുറിച്ചു കളഞ്ഞൂടേ, എന്ന് ചോദിച്ച് പലരും പരിഹസിച്ചുണ്ട് മഹോഗാനി ഗെറ്ററിനെ. എന്നാല്‍ അതിനെയെല്ലാം മറികടന്ന് മോഡലായിരിക്കുകയാണ് ഈ മിടുക്കി. ഒരു രോഗത്തിനും നമ്മുടെ ആത്മവിശ്വാസത്തേയും മനസന്തോഷത്തേയും നശിപ്പിക്കാനാവില്ലെന്ന് മഹോഗാനി ഗെറ്റര്‍ സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്നു. അതും തന്റെ ശാരീരിക വൈകല്യത്തെ മറച്ചുവയ്ക്കാതെ. അനേകര്‍ക്കുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് സ്വന്തം ജീവിതത്തിലൂടെ ഈ യുവതി പകര്‍ന്നു നല്‍കുന്നത്.
Read also: 225 കോടിയുടെ പരമ്പരാഗത സ്വത്ത് 50 പേർക്കായി വീതിച്ച് നൽകാനൊരുങ്ങി യുവതി
ചെറുപ്പത്തില്‍ തന്റെ രോഗാവസ്ഥയോര്‍ത്ത് പലപ്പോഴും കരഞ്ഞിട്ടുണ്ടെന്ന് മഹോഗാനി ഗെറ്റര്‍ പറയുന്നു. എന്നാല്‍ പിന്നീട് ആ അവസ്ഥയെ അംഗീകരിക്കാന്‍ പഠിച്ചതോടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായെന്നും കൂട്ടിച്ചേര്‍ത്തു. മഹോഗാനി ഗെറ്ററിന്റെ മാതാവ് നല്‍കിയ മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ കരുത്തായതും.
Story highlights- Mahogany Geter Model