ചിലർക്ക് ഈ പോരാട്ടം വെറുമൊരു ‘സ്റ്റണ്ട്’ മാത്രം; കാൻസർ ദിനത്തിൽ മംമ്ത മോഹൻദാസ്
നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വ്യാജ മരണവാർത്തയായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞുനിന്നിരുന്നത്. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് താരം പ്രതികരിച്ചിരുന്നു. എന്നാൽ താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നിരുന്നത്. വ്യാജ വാർത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കാൻസർ പോരാളിയായ നടി മംമ്ത മോഹൻദാസ്. ( Mamta Mohandas pens about Cancer fight )
നടിയുടെ പേരെടുത്ത് പറയാതെയാണ് മംമ്തയുടെ പ്രതികരണം. ചിലർ രോഗത്തോട് ഏറ്റുമുട്ടുമ്പോൾ മറ്റുചിലർ ഇതിനെ വെറുമൊരു സ്റ്റണ്ടായി മാത്രം കാണുന്നുവെന്നാണ് നടി ലോക കാൻസർ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘കുറച്ചു പേർക്ക് ഈ പോരാട്ടം യഥാർഥമാണ്. മറ്റുള്ളവർക്ക് നമ്മുടെ പോരാട്ടം ഒരു ‘സ്റ്റണ്ട്’ മാത്രവും. ഇതാണ് നമ്മൾ ജീവിക്കുന്ന ലോകം. സ്വയം സംരക്ഷിക്കുക. എപ്പോഴും ആദ്യ പരിഗണന നിങ്ങൾക്ക് തന്നെയായിരിക്കണം. നിങ്ങളെ പരാജയപ്പെടുത്താനാകില്ല. നിങ്ങൾക്ക് അതിന് സാധിക്കും. രോഗത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവരെയും പോരാടി ജീവൻ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു’- മംമ്ത മോഹൻദാസ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
വർഷങ്ങളായി കാൻസറിനെതിരെ പടപൊരുതുന്ന ഒരു വ്യക്തിയാണ് മംമ്ത മോഹൻദാസ്. കാൻസർ രോഗത്തിനെതിരെ ധൈര്യപൂർവം പേരാടി ജീവിതം തിരിച്ചുപിടിച്ച വ്യക്തിയാണ് മംമ്ത. കാൻസർ ബോധവൽകരണവുമായി നടി രംഗത്തെത്താറുണ്ട്. 2009ലാണ് നടിയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം 2013ലാണ് താരം രോഗമുക്തി നേടുന്നത്.
അഭിനയത്തിൽ സജീവമായ മംമ്ത ഒരു ഗായിക കൂടിയാണ്. ബാന്ദ്രയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അൺലോക്, ഊമൈ വിഴികൾ, മഹാരാജ തുടങ്ങിയവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Story highlights : Mamta Mohandas pens about Cancer fight