ബ്ലാസ്റ്റേഴ്സ് താരങ്ങളെ കണ്ടു, സംസാരിച്ചു, ഒപ്പം പന്ത് തട്ടി; വണ്ടർ കിഡ് യാസീന്‍ സ്വപ്നസാഫല്യം..!
‘ഞാന്‍ ഒരു സിസര്‍കട്ട് കാണിച്ചു തരട്ടെ..’ എന്ന ചോദ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലെ ഫുട്ബോള്‍ ആരാധകരുടെ മനംകവര്‍ന്ന കൊച്ചു കുട്ടിയാണ് യാസീന്‍. ജന്മനാല് ഒരു കയ്യും കാലുമില്ലാത്ത ഒരു കൈ പകുതി മാത്രമുള്ള യാസീന്‍ നിലത്തിരുന്ന ഉതിര്‍ത്ത ഷോട്ട് ആരാധകരുടെ ഹൃദയങ്ങളിലാണ് പതിച്ചത്. കായംകുളം സ്വദേശിയായ ഷാനവാസിന്റെ മകന് യാസീന്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കാണണമെന്ന ആഗ്രഹവും പങ്കുവച്ചിരുന്നു. ( Muhammad Yasin visits Kerala Blasters players )
ഇപ്പോള്‍ യാസീന്റെ ആ ആഗ്രഹം സഫലമായിരിക്കുകയാണ്. മനോഹരമായ ഒരു വീഡിയോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചിട്ടുള്ളത്. വണ്ടര്‍ കിഡ് മുഹമ്മദ് യാസിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലന സെഷന് സന്ദര്‍ശിച്ചപ്പോള്‍ എന്ന കുറിപ്പുമായിട്ടാണ് യൂട്യൂബില്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ പരിശീലന മൈതാനത്ത് വച്ചാണ് യാസീന്‍ താരങ്ങളുമായി സംവദിക്കാനുള്ള അവസരം കിട്ടിയത്. ദിമിത്രി ഡയമെന്റക്കോസ്, പ്രീതം കോട്ടാല്‍, ഡാനിഷ് ഫാറൂഖി, രാഹുല്‍, ലെസ്കോവിച്ച് എന്നിവരെല്ലാം പരിശീലനത്തിനെത്തിയിരുന്നു. യാസീനോട് കുശലം പറഞ്ഞാണ് പരിശീലകന് വുകോമനോവിച്ചും പരിശീലന മൈതാനത്തേക്ക് എത്തിയത്.
ഒടുവില്‍ താരങ്ങളെല്ലാവരും മൈതാനത്ത് എത്തിയതോടെ യാസീനെ സ്വാഗതം ചെയ്ത് കോച്ച് സംസാരിച്ചു. താരങ്ങളോടൊപ്പം സംവദിച്ച ശേഷം അവരോടൊപ്പം പന്ത് തട്ടാനും യാസീന്‍ അവസരം ലഭിച്ചു. ഡയമെന്റക്കോസും രാഹുലും ഉള്‍പ്പെടയുള്ളവര്‍ യാസീനോട് സംവദിച്ചിരുന്നു. ഒടുവില്‍ താരങ്ങളെല്ലാം ഒപ്പിട്ട ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി സമ്മാനിച്ചാണ് യാസിനെ യാത്രയാക്കിയത്. പിതാവിനും കുടുംബത്തിനും ഒപ്പമായിരുന്നു യാസീന്‍ കേരള താരങ്ങളെ കാണാനായി കൊച്ചിയില്‍ എത്തിയിരുന്നത്.
കീബോര്‍ഡ്, ഡാന്‍സ്, അഭിനയം, ചിത്രരചന അടക്കം നിരവധി മേഖലകളില്‍ യാസീന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, എപിജെ അബ്ദുല്‍ കലാം ബാലപ്രതിഭ പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം എന്നിവയെല്ലാം യാസീന്‍ സ്വന്തമാക്കിയിട്ടുണ്ട്. പരിമിതികളെ ഇച്ഛാശക്തികൊണ്ട് എങ്ങനെ നേരിടാമെന്ന് നമുക്ക് കാണിച്ചുതരികായണ് യാസീന്‍ എന്ന കൊച്ചുമിടുക്കന്.
Story highlights : Muhammad Yasin visits Kerala Blasters players