‘ഭദ്ര’ ശാരീരിക വെല്ലുവിളിയെ ആത്മവിശ്വാസം കൊണ്ട് കീഴ്പ്പെടുത്തിയ എട്ടാം ക്ലാസുകാരി
മന്യഷ്യനെ സംബന്ധിച്ചിടത്തോളം ഓര്‍മശക്തി ഒരു അത്ഭുത പ്രതിഭാസമാണ്. വിവരങ്ങള്‍ സംഭരിക്കുകയും ആവശ്യമുള്ള സമയത്ത് വീണ്ടെടുക്കയും ചെയ്യുന്ന തലച്ചോറിന്റെ ശേഷിയാണ് ഓര്മ. ഓര്‍മശക്തി ദുര്‍ബലമായാല്‍ നിരവധി ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പരിശീലനത്തിലൂടെ ഓര്‍മശക്തി നേടിയെടുത്ത് നാഷണല്‍ ബ്രെയിന്‍ ഹാക്കേഴ്സ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് 13-കാരിയായ കൊച്ചുമിടുക്കി. ജനനം മുതല്‍ തളര്‍ത്തിയ ശാരീരിക വൈകല്യത്തെ ആത്മവിശ്വാസം കൊണ്ട് കീഴ്പ്പെടുത്തിയ എട്ടാം ക്ലാസുകാരിയാണ് ഭദ്രദേവി. തിരുവന്തപുരം കിളിമാനൂര്‍ സ്വദേശികളായ മുകുന്ദന് – മായ ദമ്പതികളുടെ മകളാണ് ഭദ്ര. ( National brain hackers record for Bhadra )
ആത്മവിശ്വാസത്തെ കൈമുതലാക്കിയാണ് ഭദ്രയുടെ മുന്നോട്ടുള്ള കുതിപ്പ്. 13-ാം വയസില്‍ ഈ പെണ്‍കുട്ടി നേടിയെടുത്തതെല്ലാം അതുല്യമായ നേട്ടങ്ങളാണ്. സംഗീതം, ചിത്രരചന, പ്രസംഗം അങ്ങനെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെയാണ് 118 മൂലകങ്ങളെ ഓര്‍മയില്‍ ഒളിപ്പിച്ച് നാഷണല്‍ ബ്രെയിന്‍ ഹാക്കേഴ്സ് എന്ന ദേശീയ റെക്കോഡിന് ഉടമയായത്. ഒരു മിനിറ്റും 20 സെക്കന്‍ഡും കൊണ്ടാണ് മൂലകങ്ങളെ അവയുടെ ക്രമത്തില്‍ ഭദ്ര ഓര്‍മിച്ചെടുക്കുന്നത്.
ക്രമം തെറ്റാതെ മൂലകങ്ങളെ ഓര്മിച്ചെടുക്കുന്നതില് മാത്രം ഒതുങ്ങുന്നതല്ല ഭദ്ര എന്ന എട്ടാം ക്ലാസുകാരിയുടെ മികവ്. മനോഹരമായി കവിത ചൊല്ലുന്നതിലും ചിത്രം വരയ്ക്കുന്നതിലും ഇവള് മിടുക്കിയാണ്. വിവിധ കലോത്സലങ്ങളിലായി നിരവധി സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ജന്മനാല് അരയ്ക്കു താഴെ തളര്‍ന്ന ഭദ്രയുടെ നട്ടെല്ലിന് പൂര്‍ണവളര്‍ച്ച എത്തിയിട്ടില്ല. ഇക്കാലയളവില്‍ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമായെങ്കിലും ഒന്നും ഫലം കണ്ടില്ല. എന്നാല്‍ വിധിയ്ക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ അവളുടെ കുടുംബം ഒരുക്കമായിരുന്നില്ല.
ഭാവിയില്‍ ഒരു അധ്യാപിക ആവണമെന്നാണ് ഭദ്രയുടെ ആഗ്രഹം. മകളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് കൂടുംബം. എല്ലാം കാര്യങ്ങളും അനായാസം മനപാഠമാക്കുന്നതില്‍ മിടുക്കിയായ ഭദ്ര, ഇക്കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നതിലും അതിയായ താല്പര്യമുള്ളയാളാണ്. ദൃഢനിശ്ചയവും പ്രതീക്ഷകളുമാണ് ഈ എട്ടാം ക്ലാസുകാരിയെ മുന്നോട്ടുനയിക്കുന്നത്.
മന്യഷ്യനെ സംബന്ധിച്ചിടത്തോളം ഓര്‍മശക്തി ഒരു അത്ഭുത പ്രതിഭാസമാണ്. വിവരങ്ങള്‍ സംഭരിക്കുകയും ആവശ്യമുള്ള സമയത്ത് വീണ്ടെടുക്കയും ചെയ്യുന്ന തലച്ചോറിന്റെ ശേഷിയാണ് ഓര്മ. ഓര്‍മശക്തി ദുര്‍ബലമായാല്‍ നിരവധി ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
Story highlights : National brain hackers record for Bhadra