സയനൈഡിനേക്കാൾ വിഷം, തീൻമേശയിലെത്തിയാല്‍ വലിയ വില; പഫർ ഫിഷിനെക്കുറിച്ച് അറിയാം..

February 3, 2024

ലോകത്ത് ഇപ്പോള്‍ ലഭ്യമായ മാരക വിഷങ്ങളിലൊന്നായ സയനൈഡിനേ്ക്കാള്‍ 1200 മടങ്ങ് വിഷമടങ്ങിയ ഒരു മത്സ്യമാണ് പഫര്‍ ഫിഷ്. ഈ മത്സ്യം ഭക്ഷിച്ച് ഒരു ബ്രസീലുകാരന്‍ മരണപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബ്രസീലിലെ മാഗ്‌നോ സെര്‍ജിയോ ഗോമസ് എന്ന 46 കാരനാണ് വിഷബാധയേറ്റ് 35 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന് മരണത്തിന് കീഴടങ്ങിയത്. ( Puffer Fish A Poisonous Delicacy Of Japan )

എന്നാല്‍ ജപ്പാനിലെ വിശിഷ്ഠ ഭക്ഷ്യവിഭവങ്ങളിലൊന്ന് ഉണ്ടാക്കുന്നത് ഈ പറഞ്ഞ പഫര്‍ മത്സ്യം ഉപയോഗിച്ചാണെന്നതാണ് കൗതുകകരം. ഫുഗു എന്ന ജാപ്പനീസ് ഡിഷാണ് പഫര്‍ ഫിഷിനെ ഉപയോഗിച്ച് തയ്യാറാക്കുന്നത്. വളരെ വിലകൂടിയ ഈ വിഭവമാണിത്.

മത്സ്യത്തെ മുറിക്കുന്നതിലെ ചെറിയൊരു പാളിച്ച പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കും എന്നത് തന്നെയാണ് പഫര്‍ ഫിഷിനെ പ്രത്യേക വിഭവമാക്കുന്നത്. അതുകൊണ്ടുതന്നെ ലൈസന്‍സുള്ള പരിശീലനം സിദ്ധിച്ച പാചക വിദഗ്ധര്‍ മാത്രമാണ് ഈ വിഭവം തയ്യാറാക്കാറുള്ളത്. ഈ വിഭവം കഴിച്ച് വര്‍ഷം തോറും നിരവധി അപകടങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജപ്പാന്‍കാരുടെ മെനുവില്‍ പഫര്‍ ഫിഷിന്റെ തട്ട് ഉയര്‍ന്ന് തന്നെയാണ് ഇരിക്കുന്നത്.

120-ലധികം ഇനം പഫര്‍ ഫിഷുകളാണ് ലോകത്തിലുള്ളത്. ഇവയില്‍ ഏറിയ പങ്കും കടല്‍ ജലത്തിലും വളരെ അപൂര്‍വ്വമായി ചിലത് ശുദ്ധജലത്തിലുമാണ് ജീവിക്കുന്നു. വിഷാംശം ശരീരത്തിലുണ്ടെന്നത് പ്രകടമാക്കുന്ന രീതിയില്‍ തന്നെയാണ് ഇവയില്‍ മിക്കതിന്റേയും ശരീര ഘടനയും രൂപവും. ഒരിഞ്ച് മുതല്‍ മൂന്ന് അടി വരെ വലിപ്പം വയ്ക്കുന്നവയാണ് പഫര്‍ ഫിഷുകള്‍.

Read Also : ഭക്ഷണം കഴിക്കാൻ തിടുക്കം വേണ്ട; പോഷകങ്ങൾ നഷ്ടമായേക്കാം!

ചെതുമ്പലുകളുടെ അഭാവമുള്ള ഇവയുടെ ശരീരോപരിതലം ചെറിയ മുള്ളുകളോട് കൂടിയവയാണ്. അധികം വേഗത്തില്‍ സഞ്ചാരിക്കാത്ത ഈ മത്സ്യങ്ങള്‍ക്ക് പ്രകൃതി നല്‍കിയിരിക്കുന്ന പ്രതിരോധമാണ് ശരീരത്തിലെ വിഷവും ബലൂണ്‍ പോലെ ഊതി വീര്‍പ്പിക്കാവുന്ന ശരീര പ്രകൃതിയും. ടെട്രോഡോടോക്‌സിന്‍ എന്ന വിഷമാണ് പഫര്‍ ഫിഷിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. പ്രായപൂര്‍ത്തിയായ 30 മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ അത്രയും വിഷം ഒരു പഫര്‍ ഫിഷില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.


Story highlights : Puffer Fish A Poisonous Delicacy Of Japan