“ആശാനേ…”; കാലം മായ്ക്കാത്ത ഹനീഫിക്കയുടെ ഓർമകളിൽ!
മലയാള സിനിമ എത്രത്തോളം വലുതാണോ, അത്രയും പ്രിയപ്പെട്ടതാണ് മലയാളിക്ക് ഓരോ കലാകാരനും. ഇന്ന് ലോകം മുഴുവൻ മലയാള സിനിമയെയും, കഥകളെയും കലാകാരന്മാരെയും വാനോളം പുകഴ്ത്തുമ്പോൾ മണ്മറഞ്ഞ് പോകാതിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്ന നിരവധി കലാകാരന്മാരും ആ കൂട്ടത്തിലുണ്ട്. അങ്ങനെ മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അഭിനയ പ്രതിഭകളിൽ ഒരാളാണ് കൊച്ചിൻ ഹനീഫ. (Remembering Actor Cochin Haneefa on his 14th Death Anniversary)
“ആശാനേ…” എന്ന വിളി എവിടെ കേട്ടാലും മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്നത് ഒരു മുഖം മാത്രമാണ്. 1951 ഏപ്രിൽ 22 ന് വെളുത്തേടത്ത് മുഹമ്മദിൻ്റെയും ഹാജിറയുടെയും എട്ട് മക്കളിൽ രണ്ടാമനായി കൊച്ചിയിലാണ് ഹനീഫയുടെ ജനനം. സ്കൂൾ തലത്തിൽ മോണോ ആക്ട് അവതരിപ്പിച്ചാണ് മുഹമ്മദ് ഹനീഫ എന്ന പ്രതിഭയുടെ കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വൈകാതെ, മിമിക്രി, നാടകം എന്നിവയിൽ സജീവമായി. കൊച്ചിൻ കലാഭവൻ ട്രൂപ്പിൽ അംഗമായതോടെ കൊച്ചിൻ ഹനീഫ എന്ന പേരും അദ്ദേഹത്തിന്റെ ഭാഗമായി.
Read also: ‘ഒരുപാട് തവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഇരുന്നിട്ടുണ്ട്’; അച്ഛന്റെ ഓർമകളിൽ മുരളി ഗോപി..!
1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും ഹാസ്യനടനായും തിളങ്ങി. ഹനീഫ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും മനുഷ്യ ബന്ധങ്ങളുടെ ആഴവും അർത്ഥവും പറയുന്ന വൈകാരികത നിറഞ്ഞ സൃഷ്ടികളായിരുന്നു. ഒരു സന്ദേശം കൂടി, ആൺകിളിയുടെ താരാട്ട്, വാത്സല്യം എന്നീ സിനിമകളെല്ലാം അതിന് തെളിവാണ്. കടത്തനാടൻ അമ്പാടി, പുതിയ കരുക്കൾ, ലാൽ അമേരിക്കയിൽ, ഇണക്കിളി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം തിരക്കഥാകൃത്തിന്റെ വേഷവും അണിഞ്ഞു.
ഗൗരവമേറിയ സിനിമകളുടെ സംവിധായകൻ പിന്നീട് പ്രത്യക്ഷപ്പെട്ടത് ആളുകളെ കുടുകുടാ ചിരിപ്പിക്കുന്ന ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്. ഹനീഫയെ തേടി സിനിമകൾ എത്താൻ തുടങ്ങി. മാന്നാർ മത്തായി സ്പീക്കിംഗ്, പഞ്ചാബിഹൌസ്, അനിയത്തിപ്രാവ്, ഹിറ്റ്ലർ, പത്രം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ശുദ്ധ ഹാസ്യത്തിന്റെ പുതിയ തലങ്ങൾ മലയാളിക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സിനിമയ്ക്കകത്തും പുറത്തും അനേകം സുഹൃത്തുക്കൾ ഉള്ള കൊച്ചിൻ ഹനീഫയുടെ വേർപാടും ഏവർക്കും അതീവ വേദന സമ്മാനിച്ചതാണ്. നിഷ്കളങ്കമായ ചിരിയും അതിലേറെ നന്മയും ഉള്ളിൽ കരുതിയ ആ മഹാ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 14 വർഷങ്ങൾ… ഒരിക്കലും മായ്ക്കാനും മറക്കാനും കഴിയാത്ത ഓർമകളിലൂടെ മലയാളിയുടെ കൊച്ചിൻ ഹനീഫ ഇന്നും ജീവിക്കുന്നു!
Story highlights: Remembering Actor Cochin Haneefa on his 14th Death Anniversary