‘മറക്കാനാവില്ല നർമം വിസ്മയാമാക്കിയ പ്രതിഭയെ’; സുബിയുടെ ചിരിയോർമകൾക്ക് ഒരാണ്ട്..!
കളിയും ചിരിയും തമാശയുമായി മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിച്ച താരമാണ് സുബി സുരേഷ്. മിനി സ്ക്രീനിലൂടെ തനതായ ഹാസ്യശൈലിയാൽ വേദിയിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത സുബി സുരേഷ് ഓർമയായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. കരൾ രോഗത്തെ തുടർന്ന് 41-ാം വയസിലെ സുബിയുടെ വിയോഗം ഏറെ നൊമ്പരമായിരുന്നു. ( Remembering actress and comedian Subi Suresh )
പുരുഷ കോമേഡിയന്മാർ അരങ്ങുവാണിരുന്ന മിമിക്രി വേദിയിലേക്ക് പെൺകരുത്തുമായി കടന്നുവന്ന സുബി സുരേഷ് വർഷങ്ങൾക്ക് ഇപ്പുറവും അറിയപ്പെടുന്നത് സിനിമാല എന്ന ജനപ്രിയ കോമഡി പരിപാടിയിലൂടെയാണ്. ബ്രേക്ക് ഡാൻസിന്റെ പശ്ചാത്തലവുമായിട്ടാണ് സുബി മിമിക്രിയുടെ വേദിയിലേക്കെത്തുന്നത്. കുട്ടിപ്പട്ടാളം എന്ന റിയാലിറ്റി ഷോയും സുബിക്ക് വലിയ ജനപ്രീതി സമ്മാനിച്ചു. പിന്നീട്, നിരവധി സ്റ്റേജ് ഷോകളിലൂടെ ഹാസ്യതാരമായും നർത്തകിയായും സുബി സുരേഷ് അരങ്ങുവാണിരുന്നു.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും മികവ് തെളിയിച്ച സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചു. സിനിമയിൽ പ്രത്യക്ഷപ്പെട്ടപ്പോഴും ഹാസ്യവേഷങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. രാജസേനൻ സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ ‘കനകസിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. എന്നാൽ സിനിമയക്കാൾ സ്റ്റേജ് ഷോകൾ തന്നെയാണ് തനിക്ക് ഉചിതമെന്ന് വിശ്വസിച്ചിരുന്ന ചുരുക്കം ചിലയാളുകളിൽ ഒരാളായിരുന്നു സുബി. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളിലെ അടക്കം സ്റ്റേജ് ഷോകളിൽ ചിരിപ്പിച്ചുകൊണ്ട് ജീവിതം മുന്നോട്ടുപോയി.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അനായാസം നേരിട്ടിരുന്ന നടിയായിരുന്ന സുബി. അതുതന്നെയാണ് രോഗാവസ്ഥയിലും സ്വന്തം സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിച്ച സാഹചര്യങ്ങൾ നമുക്ക് കാണിച്ചുതന്നത്. സ്വന്തം കുടുംബത്തിന്റെ സന്തോഷത്തിനായി എല്ലാം നേരിടാൻ സുബി എപ്പോഴും ഒരുക്കമായിരുന്നു. കുടുംബമാണ് എന്റെ ലോകം, അവരോടൊപ്പമുള്ള ഓരോ നിമിഷങ്ങളും തനിക്ക് വിലപ്പെട്ടതായിരുന്നു എന്നാണ് സുബി പറഞ്ഞിരുന്നത്.
Read Also : വേർപാടിന്റെ രണ്ടുവർഷങ്ങൾ; കെപിഎസി ലളിതയ്ക്ക് ഓർമ്മപ്പൂക്കൾ അർപ്പിച്ച് സിനിമാലോകം
ഏതൊരാളെയും പോലെ വിവാഹം എന്ന തന്റെ ആഗ്രഹം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു നടിയുടെ വിയോഗം. ഭാവി വരനെ ഫ്ലവേഴ്സ് ഒരു കോടി വേദിയിലൂടെ മലയാളികൾക്ക് സുബി പരിചയപ്പെടുത്തിയിരുന്നു. ഒരുപാട് നാളുകളായുള്ള പലരുടെയും ചോദ്യത്തിന് ഉത്തരം കിട്ടും എന്നായിരുന്നു സുബിയുടെ പ്രതികരണം. സ്വതസിദ്ധമായ ശൈലിയിൽ മലയാള ചലച്ചിത്ര – ടെലിവിഷൻ മേഖലയിൽ തന്റെതായ സ്ഥാനം നേടിയിരുന്ന ഈ കലാകാരി മലയാളി പ്രേക്ഷക മനസിൽ മായാതെ നിലനിൽക്കും..
Story highlights: Remembering actress and comedian Subi Suresh