‘സ്വർഗത്തിലെ ഒരു മത്സരം’; കശ്മീർ തെരുവിൽ ക്രിക്കറ്റ് കളിച്ച് സച്ചിൻ
കശ്മീർ സന്ദർശനത്തിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കശ്മീരിലെ തെരുവിൽ പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘ക്രിക്കറ്റും കശ്മീരും: സ്വർഗത്തിലെ ഒരു മത്സരം’ എന്ന ക്യാപ്ഷനോടെയാണ് സച്ചിൻ വീഡിയോ പങ്കുവെച്ചത്. സച്ചിൻ, ബാറ്റ് ചെയ്യുമ്പോൾ ചുറ്റും കൂടിനിൽക്കുന്ന പ്രദേശവാസികൾ കയ്യടിക്കുന്നതും വീഡിയോയിലുണ്ട്. ( Sachin playing cricket on the streets of Kashmir )
Cricket & Kashmir: A MATCH in HEAVEN! pic.twitter.com/rAG9z5tkJV
— Sachin Tendulkar (@sachin_rt) February 22, 2024
യാത്രക്കിടയിൽ റോഡരികിൽ വാഹനം നിർത്തി പ്രദേശവാസികളുടെ അടുത്തെത്തിയ സച്ചിൻ കളിക്കാൻ കൂടിക്കോട്ടെയെന്ന് ചോദിക്കുന്നുണ്ട്. ശേഷം ബാറ്റ് എടുത്ത് ഏതാനും പന്തുകൾ നേരിട്ടു. ബാറ്റിങ്ങിനിടെ കരിയിറിൽ സച്ചിൻ അധികം പരീക്ഷിക്കാത്ത അൺ ഓർത്തഡോക്സ് ഷോട്ടുകളും ആരാധകരെ ത്രസിപ്പിക്കുന്നതിനായി പായിച്ചു. സച്ചിന്റെ ഭാര്യ അഞ്ജലിയെയും വീഡിയോയിൽ കാണാം. ആരാധകർക്കൊപ്പം സെൽഫിയും പകർത്തിയ ശേഷമായിരുന്നു സച്ചിൻ മടങ്ങിയത്.
ഫെബ്രുവരി 17-ന് ദക്ഷിണ കശ്മീരിലെ വില്ലോ ബാറ്റുകളുണ്ടാക്കുന്ന ഫാക്ടറി സച്ചിൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സച്ചിനും ഭാര്യ അഞ്ജലിയും മകൾ സാറ ടെൻഡുൽക്കറും കശ്മീർ യാത്രയിലുണ്ട്. തന്റെ മൂത്ത സഹോദരി തനിക്ക് ആദ്യ ക്രിക്കറ്റ് ബാറ്റ് വാങ്ങി നൽകിയതിനെ കുറിച്ചും സച്ചിൻ വാചാലനായി. സഹോദരിയായ സവിത ടെണ്ടുൽക്കർ ആദ്യമായി സമ്മാനിച്ച ബാറ്റ് കശ്മീർ വില്ലോ ആയിരുന്നു സച്ചിൻ പറഞ്ഞു.
സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കർ ക്രിക്കറ്റ് തിരക്കുകളിലാണ്. രഞ്ജി ട്രോഫിയിൽ ഗോവയുടേയും, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റേയും താരമാണ് അർജുൻ. നേരത്തെ, കശ്മീരിലേക്കുള്ള യാത്രയ്ക്കിടയിൽ വിമാനയാത്രക്കിടയിൽ സഹയാത്രക്കാരിൽ നിന്നും വലിയ രീതിയിൽ സ്വീകരണം ലഭിച്ചിരുന്നു. വിമാനത്തിനകത്ത് വച്ച് സച്ചിൻ സച്ചിൻ എന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായിരുന്നു.
Story highlights : Sachin playing cricket on the streets of Kashmir