വഴിവിളക്കിന് കീഴിൽ പഠനത്തിനൊപ്പം ഹെയർ ബാൻഡ് വിൽപ്പനയും; കുടുംബത്തിന് താങ്ങൊരുക്കി ഒരു ആറാം ക്ലാസുകാരൻ- വിഡിയോ

February 21, 2024

ഭാവിയിൽ ഒരു നാടിന് തന്നെ വഴിവിളക്കാകേണ്ടവരാണ് ഓരോ കുട്ടികളും. അവരുടെ വളർച്ചയുടെ പാതയിൽ ലഭിക്കുന്ന അറിവുകളും പാഠങ്ങളുമെല്ലാം മുന്നോട്ട് ഊർജം പകരും. ചില കുട്ടികൾ അവരുടെ ബാല്യത്തിൽ തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത് അവരുടെ പഠനവും ഒപ്പം കൊണ്ടുപോകുകയും എല്ലാവര്ക്കും മാതൃകയാകുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഹൃദ്യമായ അനുഭവങ്ങൾ ധാരാളം കേട്ടിട്ടുണ്ടാകുമല്ലോ. ഇപ്പോഴിതാ, ഡൽഹിയിലെ പാതയോരത്ത് നിന്നും ഒരു ആറാം ക്ലാസ്സുകാരന്റെ ജീവിതം ശ്രദ്ധേയമാകുകയാണ്.

ഡൽഹിയിൽ പാതവക്കിൽ ഇരുന്ന് പഠിക്കുന്ന കൊച്ചുകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയായിരുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന പവൻ എന്ന കുട്ടി കമല നഗർ മാർക്കറ്റിൽ ഹെയർ ബാൻഡ് വിൽക്കുക്കുകയാണ്. അച്ഛൻ കൊൽക്കത്തയിലാണ് ജോലി ചെയ്യുന്നത്. ‘അമ്മ ഒരു സാധാരണ വീട്ടമ്മയുമാണ്.

“കമല നഗർ മാർക്കറ്റിന് സമീപമുള്ള ഫുട്പാത്തിൽ ഈ കൊച്ചുകുട്ടി പഠിക്കുന്നത് കണ്ടു, അച്ഛൻ കൊൽക്കത്തയിൽ ആയതിനാൽ കുടുംബത്തെ പിന്തുണയ്ക്കുന്നുവെന്ന് എന്നോട് പറഞ്ഞു. ഞാൻ അവന്റെ സമർപ്പണം ഇഷ്ടപ്പെടുകയും കുറച്ച് ഷോട്ടുകൾ എടുക്കുകയും ചെയ്തു’- വിഡിയോയുടെ അടിക്കുറുപ്പ് ഇങ്ങനെയാണ്.

Read also: മറക്കല്ലേ മലയാളം; മാറ്റിവയ്ക്കാം, ഒരു ദിനം- ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ഹൃദയസ്പർശിയായ വിഡിയോ പെട്ടെന്ന് തന്നെ വൈറലായി. 1.5 ദശലക്ഷത്തിലധികം ലൈക്കുകൾ വിഡിയോയ്ക്ക് ലഭിച്ചു. മാത്രമല്ല, ഈ കുട്ടി ആരിൽനിന്നും സാമ്പത്തിക സഹായവും സ്വീകരിക്കുന്നില്ല. പടിക്കുന്നതിനായാണ് ഹെയർ ബാൻഡുകൾ വിൽക്കുന്നതെന്നാണ് അത്തരത്തിലുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്‌താൽ പവൻ നൽകുന്ന മറുപടി.

Story highlights- Little boy studies on footpath in Delhi