‘ഒടുവിൽ സച്ചിൻ “ടെണ്ടുൽക്കറെ” കണ്ടുമുട്ടി’; ആരാധകന് സർപ്രൈസ് നൽകി ക്രിക്കറ്റ് ഇതിഹാസം!

February 3, 2024

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ പ്രായഭേദമെന്യേ കോടിക്കണക്കിന് ആരാധകരുള്ള താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ‘ടെണ്ടുൽക്കർ’ എന്നത് ക്രിക്കറ്റ് ആരാധകർക്ക് ഒരു പേര് എന്നതിലുപരി ആവേശവും അതിലേറെ അതിശയവുമാണ്. പലപ്പോഴായി ആരാധകരുടെ അകമഴിഞ്ഞ സ്നേഹത്തിന് സാക്ഷിയായി സച്ചിൻ മാറിയിട്ടുണ്ട്. അത്തരത്തിൽ ഒരു കണ്ടുമുട്ടലിന്റെ വിശേഷമാണ് ടെണ്ടുൽക്കർ ഇപ്പോൾ ലോകത്തോട് പങ്കുവെയ്ക്കുന്നത്. (Sachin Tendulkar surprises fan on the road)

സച്ചിൻ തൻ്റെ എക്സ് അക്കൗണ്ടിലൂടെ അവിചാരിതമായി കണ്ടുമുട്ടിയ ആരാധകനൊപ്പമുള്ള വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘ഐ മിസ് യു’ എന്നെഴുതിയ സച്ചിന്റെ പത്താം നമ്പർ ജേഴ്സിയണിഞ്ഞ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആരാധകൻ സച്ചിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

“സച്ചിൻ ‘ടെണ്ടുൽക്കറെ’ കണ്ടുമുട്ടി… ഇത്രയധികം സ്നേഹം എനിക്ക് നൽകുന്നത് കാണുമ്പോൾ എൻ്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു. അപ്രതീക്ഷിതമായി പലയിടങ്ങളിൽ നിന്ന് വരുന്ന സ്നേഹമാണ് എൻ്റെ ജീവിതത്തെ വളരെ സവിശേഷമാക്കുന്നത്” എന്ന കുറിപ്പോടെയാണ് സച്ചിൻ ആരാധകനൊപ്പമുള്ള ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തൻ്റെ ജേഴ്സിയണിഞ്ഞ ആരാധകനെ പിന്തുടർന്ന് വഴി ചോദിക്കാൻ എന്ന മട്ടിൽ സച്ചിൻ വാഹനം നിർത്തിച്ചു. താൻ ഏറെ ആരാധിക്കുന്ന താരത്തെ നേരിൽ കണ്ട യാത്രികന് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത്ഭുതം അടക്കാനാവാതെ അയാൾ ദൈവത്തിന് നന്ദി പറഞ്ഞു.

Read also: “അദ്ദേഹത്തിന്റെ പേരിലുള്ള ജേഴ്‌സി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു”; ആമിറിനെ ചേർത്ത് പിടിച്ച് സച്ചിൻ!

പിന്നീട് അയാൾ സച്ചിന്റെ മുൻകാലങ്ങളിലെ മാച്ചുകളുടെ പത്ര കട്ടിങ്ങുകളും തൻ്റെ ആരാധനാപാത്രത്തിൻ്റെ ചിത്രങ്ങളും അടങ്ങുന്ന പ്രത്യേക ഫാൻ ഡയറി എടുത്ത് കൊണ്ട് വന്നു. ഡയറിയുടെ പേജുകൾ പരിശോധിച്ച സച്ചിൻ അതിശയത്തോടെ ഓരോ താളുകളും മറിച്ചു.

കൂടാതെ ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ച ആരാധകനെ സച്ചിൻ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. “ഇന്ന് ഞാൻ എന്റെ ദൈവത്തെ കണ്ടിരിക്കുന്നു. ഇന്നത്തെ ദിവസം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്” എന്ന് യാത്രക്കാരൻ പറയുന്നതും വിഡിയോയിൽ കാണാം.

Story highlights: Sachin Tendulkar surprises fan on the road