മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം; കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി സന്തോഷ് ശിവൻ
2024 കാന്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സമ്മാനിക്കുന്ന പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. ഏറ്റവും മികച്ച ഛായാഗ്രഹണത്തിന് നൽകുന്ന പ്രത്യേക പുരസ്കാരമാണ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട്. രാജ്യന്തര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്കാരമാണിത്. ( Santhosh Sivan wins Cannes film award )
ഈ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ശിവൻ. പുരസ്കാര സമിതി സെപ്യൂട്ടി ഡയറക്ടർ ഡൊമിനിക് റൗഷോൺ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. അതിശയകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് സന്തോഷ് ശിവനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് പുരസ്കാര സമിതി അറിയിച്ചു.
മെയ് 24-ന് കാനിൽ നടക്കുന്ന റെഡ് കാർപറ്റ് ഇവന്റിന് ശേഷമുള്ള ചടങ്ങിൽ സന്തോഷ് ശിവന് പുരസ്കാരം സമർപ്പിക്കും. ഫിലിപ്പ് റൂസ്ലോ, വില്മോസ് സിഗ്മോണ്ട്, റോജര്‍ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്സ്കി, ക്രിസ്റ്റഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്നസ് ഗൊദാര്‍ദ്, ഡാരിയസ് ഖോന്‍ജി, ബാരി അക്രോയിഡ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
റോജ, യോദ്ധ, ദില്‍സേ, ഇരുവര്‍, കാലാപാനി, വാനപ്രസ്ഥം തുടങ്ങി നിരവധി ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ച സന്തോഷ് മികച്ച ദൃശ്യവിരുന്നാണ് പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. അനന്തഭദ്രം, അശോക, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധാന മികവും പുറത്തെടുത്തു. മകരമഞ്ഞ് എന്ന ചിത്രത്തിൽ അഭിനേതാവായി സന്തോഷ് ശിവൻ ക്യാമറയ്ക്ക് മുന്നിലും എത്തി.
Read Also : ലോകത്തിലെ ഏറ്റവും കഠിനമായ ജോലികളിൽ ഒന്ന്; എന്താണ് വൈമൊറോസ്ക..?
ഇതിനോടകം 12 ദേശീയ പുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും സന്തോഷ് ശിവൻ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമ ഫോട്ടോഗ്രാഫേഴ്സില്‍ ഏഷ്യ-പസഫികില്‍ നിന്ന് അംഗമായ ഏക വ്യക്തി കൂടിയാണ് അദ്ദേഹം.
Story highlights : Santhosh Sivan wins Cannes film award