വർക്കലയിലെ ടൈറ്റാനിക്; സ്കൂബ ‍ഡൈവിങ് സംഘം കണ്ടെത്തിയത് അജ്ഞാത കപ്പൽ..!

February 9, 2024

15 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് യൂറോപ്പിൽ നിന്നും ലോകത്തിലെ മറ്റ് വൻകരകളിലേക്ക് വ്യാപകമായി കപ്പലുകൾ യാത്ര ആരംഭിച്ചത്. പശ്ചാത്യ രാജ്യങ്ങളുടെ കീഴിലുള്ള കോളനി രാജ്യങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ കയറ്റിക്കൊണ്ടുപോകുക എന്നതായിരുന്നു പ്രധാനലക്ഷ്യം. എന്നാൽ ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ശത്രുരാജ്യങ്ങളുടെ കപ്പലുകൾ കടലിൽ മുക്കുക എന്നത് അക്കാലത്ത് പതിവ് സംഭവമായിരുന്നു. ബ്രിട്ടനും ഡച്ചുകാരും പോർച്ചു​ഗീസുകാരും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിലും ആധിപത്യം ഉറപ്പിച്ചിരുന്നു. ( Scuba divers spot mystery shipwreck off Varkala )

അത്തരത്തിൽ ദശാബ്ദങ്ങൾക്ക് മുമ്പ് കടലിൽ മുങ്ങിത്താഴ്ന്ന ഒരു കപ്പലിന്റ അവശിഷ്ടം കണ്ടെത്തി. തിരുവനന്തപുരം വർക്കലയ്ക്ക് സമീപമാണ് കടലിന്റെ അടിത്തട്ടിൽ കപ്പൽ കണ്ടെത്തിയത്. അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം നെടുങ്കണ്ട തീരത്തിന് സമീപത്തായി 45 മീറ്റർ ആഴത്തിലാണ് പഴയ കപ്പലിന്റെ സ്ഥാനം. നൂറ്റാണ്ടുകൾക്ക് മുമ്പ് വർക്കല തീരത്ത് മുങ്ങിത്താഴ്ന്ന ഡച്ച് കപ്പലിന്റെ അവശിഷ്ടമാണ് ഇതെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ ആക്രമണത്തിൽ തകർന്ന ബ്രിട്ടീഷ് ചരക്ക് കപ്പൽ ആകാമെന്ന അഭിപ്രായവുമുണ്ട്.

വർക്കലയിൽ സ്ഥിരാമായി സ്കൂബ ഡൈവിംഗ് നടത്തുന്ന നാലം​ഗ സംഘമാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മേൽപ്പരപ്പിൽ നിന്നും 30 മീറ്റർ ആഴത്തിൽ എത്തിയപ്പോൾ തന്നെ കപ്പൽ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നാണ് കപ്പലിന്റെ അടുത്തേക്ക് എത്തിയത്. 12 മീറ്റർ നീളം ഉയരം തോന്നിക്കുന്ന, 50 മീറ്ററിനടുത്ത് നീളമുള്ള കപ്പൽ പായൽ മൂടിയ അവസ്ഥയിലാണുള്ളത്.

45 മീറ്റർ താഴ്ചയിൽ കടലിനടിയിൽ അധികം നേരം ചെലവാക്കാൻ സാധിക്കാത്തതിനാൽ സംഘം പെട്ടെന്ന് തന്നെ മടങ്ങുകയായിരുന്നു. 10 മിനിട്ട് മാത്രം കപ്പലിനടുത്ത് ചെലവിട്ട സംഘത്തിന് കൂടുതൽ കാഴ്ചകൾ പകർത്താനായില്ല. രണ്ടായി ഈ ഭാഗത്ത് സമുദ്രത്തിന്റെ അടിത്തട്ടിൽ കപ്പൽ മുങ്ങികിടക്കുന്നതായി മത്സ്യതൊഴിലാളികൾ നേരത്തെ കണ്ടെത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു.

Read Also : ഒന്നര നുറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പലിൽ 66 കോടിയുടെ സ്വര്‍ണം; ‘സ്വർണക്കപ്പൽ’ മുങ്ങിയെടുക്കാൻ അനുമതി തേടി നിധി വേട്ടക്കാർ

കപ്പലിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരാൻ വിദ​ഗധ പരിശോധന വേണ്ടിവരും. ഇതിനായി കപ്പൽ കണ്ടെത്തിയ കാര്യം സർക്കാരിനെ അറിയിക്കാൻ ഒരുങുകയാണ് സ്കൂബ സംഘം. ചരിത്ര പ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളതെന്നതിനാൽ ഇത് ചരിത്രപരമായ പഠനസാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.

Story highlights : Scuba divers spot mystery shipwreck off Varkala