‘ഇത് എന്റെ ലൈഫ് ഗാർഡ്’; പരിഹസിച്ചവർക്ക് മുന്നിൽ മധുരപ്രതികാരത്തിന്റെ വീഡിയോ പങ്കുവച്ച് ധനശ്രീ

February 28, 2024

കുട്ടിക്കാലം മുതല്‍ നമുക്കെല്ലാവര്‍ക്കും നിരവധി സ്വപ്‌നങ്ങളുണ്ടാകും അല്ലേ.. മികച്ച ജോലി നേടുകയും, തുടര്‍ന്ന് മറ്റൊരാളെ ആശ്രയിക്കാതെ ജീവിതം നയിക്കണം അങ്ങനെ നിരവധി ആഗ്രഹങ്ങള്‍ ഉണ്ടാകും. അത്തരത്തില്‍ മികച്ച ജോലിയും ജീവിത നിലവാരവും സ്വപ്‌നം കണ്ട് യുകെ, യുഎസ് അടക്കമുള്ള വന്‍കിട രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനായി പോകുന്നത് ഇപ്പോള്‍ സാധാരണയായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ രാജ്യങ്ങളിലേക്ക് പോകുക എന്നത് ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന കാര്യമാണ്. വിദ്യാഭ്യാസ ലോണ്‍ ഉള്‍പ്പെടെ എടുത്താണ് നിരവധിയാളുകള്‍ വിദേശരാജ്യത്തേക്ക് പറക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് അസാധ്യമായ കാര്യമാണ്. ( Security guard’s daughter graduates from UK University )

എന്നാല്‍ അസാധ്യമെന്ന തോന്നിയിരുന്ന വിദേശപഠനം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ധനശ്രീ എന്ന പെണ്‍കുട്ടി. സന്തോഷത്തിലുപരി ‘എന്റെ അച്ഛനോട് നീ വെറുമൊരു സെക്യൂരിറ്റി ഗാര്‍ഡാണ്, പഠനത്തിനായി നിന്റെ മകളെ വിദേശത്തേക്ക് അയക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ യു.കെയിലെ സര്‍വകലാശാലയില്‍ ബിരുദം നേടി മധുരപ്രതികാരം ചെയ്തിരിക്കുകയാണ്. ബിരുദദാന ചടങ്ങ് ഉള്‍പ്പെടെ പിന്നിട്ട വഴികള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവച്ചാണ് ധന്യശ്രീ പരിഹസിച്ചവരോട് മറുപടി പറഞ്ഞത്.

വളരെ പെട്ടെന്ന് വീഡിയോ വൈറലായി. രണ്ട് ദിവസത്തിനകം ഈ വീഡിയോ രണ്ട് കോടിയിലേറെ പേരാണ് കണ്ടത്. ബോളിവുഡ് താരങ്ങളായ ആയുഷ്മാന്‍ ഖുറാന, ഇഷ ഗുപ്ത, ബോട്ട് സ്ഥാപകന്‍ അമന്‍ ഗുപ്ത അടക്കമുള്ള നിരവധി പ്രമുഖരും ധനശ്രീയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Read Also : ‘ബിരുദം നേടാനായില്ല, പക്ഷെ സ്വപ്ന ജോലി സ്വന്തമാക്കി’; യുവതിയുടെ വാര്‍ഷിക വരുമാനം 58 ലക്ഷം രൂപ!

‘തന്നെ വിശ്വസിച്ചതില്‍ അച്ഛനോട് നന്ദി അറിയിച്ചുകൊണ്ടാണ് ധന്യശ്രീ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. വിദേശത്തേക്ക് പോകുന്നതിനായി വിസ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായ ശേഷം ധന്യശ്രീ പിതാവിനെ ആലംഗനം ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ എയര്‍പോട്ടില്‍ മകളെ യാത്രയാക്കാനെത്തിയ അച്ഛനെ കാണാം. തുടര്‍ന്ന് യു.കെയിലെ ബിരുദദാന ചടങ്ങിന്റെ ദൃശ്യങ്ങളും ബിരുദ തൊപ്പി വച്ച ധനശ്രീയുടെ ചില ചിത്രങ്ങളും വീഡിയോയില്‍ കാണാം. ‘എന്റെ അച്ഛനോട് നീ ഒരു കാവല്‍ക്കാരന്‍ മാത്രമാണ്, നിങ്ങളുടെ മകളെ വിദേശത്തേക്ക് അയയ്ക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞ എല്ലാവരോടും ‘അദ്ദേഹം എന്റെ ലൈഫ്ഗാര്‍ഡ് ആണ്. അദ്ദേഹമത് ചെയ്തുകാണിച്ചു.’ – എന്നാണ് ധന്യശ്രീ വീഡിയോയില്‍ കുറിച്ചിട്ടുള്ളത്.

Story highlights : Security guard’s daughter graduates from UK University