‘ബിരുദം നേടാനായില്ല, പക്ഷെ സ്വപ്ന ജോലി സ്വന്തമാക്കി’; യുവതിയുടെ വാര്‍ഷിക വരുമാനം 58 ലക്ഷം രൂപ!

December 7, 2023

സ്‌കൂളിലേക്ക് പോയിത്തുടങ്ങുന്നത് മുതല്‍ നമുക്കെല്ലാവര്‍ക്കും ഒരു സ്വപ്ന ജോലിയുണ്ടായിരിക്കും. ഇങ്ങനെ മികച്ച ജോലി നേടിയെടുക്കുന്നതിനായി നന്നായി പഠിക്കണമെന്നാണ് പതിവ് പല്ലവി. എന്നാല്‍ യാതൊരു ബിരുദവും ഇല്ലാതെ തന്റെ സ്വപനജോലി ചെയ്യുകയാണ് സ്ലോവാക്യന്‍ സ്വദേശിനിയായ ഡയാന തകാസോവ. വര്‍ഷത്തില്‍ സമ്പാദിക്കുന്നത് 50 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ( Diana Takacsova In UK Earns Rs 58 Lakh Without A Degree )

നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നപോയ ശേഷമാണ് ഡയാന തന്റെ സ്വപ്ന ജോലി നേടിയത്. സെന്റ് ആല്‍ബന്‍സില്‍ താമസിക്കുന്ന 34-കാരിയായ ഡയാനയുടെ ഒരു വര്‍ഷത്തെ അടിസ്ഥാന ശമ്പളം 55,000 പൗണ്ട് ( 57,72,321.50 ഇന്ത്യന്‍ രൂപ ) ആണ്. കൂടാതെ 2000 പൗണ്ട് വരെ ബോണസും ഓവര്‍ ടൈം ജോലി എടുക്കുന്നതിനും പണം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ 62 ലക്ഷത്തിന് മുകളില്‍ സമ്പാദിക്കുന്നുണ്ടെന്നാണ് ‘ദ സണ്‍’ അടക്കം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്രയും ഭീമമായ തുക സമ്പാദിക്കുന്ന ഡയാനയുടെ ജോലി എന്താണെന്ന് അറിയാന്‍ കൗതുകം തോന്നുന്നില്ലേ..? കെമിക്കല്‍, പെട്രോളിയം, ഫുഡ്, ഗ്യാസ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഹോയി എന്ന സ്ഥാപനത്തില്‍ ഇന്ധന ടാങ്ക് ഡ്രൈവറാണ്. ജീവിത സാഹചര്യം മോശമായതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഒഴിവുസമയങ്ങളില്‍ ജോലി ചെയ്ത് തുടങ്ങിയ ഡയാന, ഒരു ഫാമില്‍ ജോലി ചെയ്യുന്നതിനിടെയാണ് വാഹനങ്ങള്‍ ഓടിക്കാന്‍ പഠിക്കുന്നത്. അതോടെയാണ് വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ആഗ്രഹവും ഉണ്ടാകുന്നത്.

Read Also : ഭിത്തി കണ്ടാൽ തുരന്നു തിന്നും, വീട്ടിൽ നിറയെ വലിയ ദ്വാരങ്ങൾ; വിചിത്ര ശീലവുമായി യുവതി

19-ാം വയസില്‍ വിവാഹിതയായ ഡയാന, രണ്ട് വര്‍ഷത്തിനകം 21-ാം വയസില്‍ തന്റെ മകന് ജന്മം നല്‍കി. തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ഡയാന 2014-ലാണ് യുകെയില്‍ എത്തിയത്. ചെറിയ ജോലികള്‍ ചെയ്ത് തുടങ്ങിയ അവള്‍ ഒരുപാട് കാലത്തെ പരിശ്രമത്തിനൊടുവിലാണ് ഹോയിയില്‍ ഫ്യുവല്‍ ടാങ്ക് ഡ്രൈവറായിട്ടുള്ള തന്റെ സ്വപന ജോലി നേടിയെടുത്തത്.

Story Highlights : Diana Takacsova In UK Earns Rs 58 Lakh Without A Degree