ജോലിയോടുള്ള അടങ്ങാത്ത ആത്മാർത്ഥത; 26 വർഷത്തിനിടെ തെജ്പാൽ ലീവെടുത്തത് ഒറ്റത്തവണ..!

March 18, 2024

ചെയ്യുന്ന ജോലിയോടും സ്ഥാപനത്തോടും പൂര്‍ണമായും ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരുപാടാളുകള്‍ എല്ലാ ഓഫിസികളിലും ഉണ്ടാകും. വ്യക്തിഗത കാര്യങ്ങളെക്കാളുപരി ഓഫിസിലെ ജോലികള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും അവര്‍. പരമാവധി സമയത്തിനുള്ളില്‍ ഏല്‍പിച്ച ജോലി ചെയ്യുന്നതിനൊപ്പം അധികസമയം ഓഫീസില്‍ ചെലവഴിക്കാനും ഇവര്‍ക്ക് മടി കാണില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള രീതി പിന്തുടരുന്ന ഒരാളാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തേജ്പാല്‍ സിങ്. ( UP man took only one leave in 26 years of career )

തൊഴില്‍-ജീവിത സന്തുലിതാവസ്ഥ പ്രൊഫഷണല്‍ ഇടപെടലുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ഈ കാലഘട്ടത്തിലാണ് തേജ്പാല്‍ വ്യത്യസ്തനാകുന്നത്. കഴിഞ്ഞ 26 വര്‍ഷത്തെ ജോലിക്കിടയില്‍ ഇയാള്‍ ആകെ ഒരേയൊരു ലീവ് മാത്രമാണ് എടുത്തതെന്നാണ് ഏറെ വിചിത്രം. ജോലിക്കിടയില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി നിര്‍ബന്ധിത അവധി പോലും നിഷ്‌കര്‍ഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഇക്കാര്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും സംഗതി സത്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1995 ഡിസംബര്‍ 26 മുതല്‍ ദ്വാരികേശ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് തേജ്പാല്‍ സിങ് ജോലി ചെയ്യുന്നത്. പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 45 ദിവസത്തെ അവധി അനുവദിക്കുന്ന കമ്പനിയുടെ നയം ഉണ്ടായിരുന്നിട്ടും, തേജ്പാല്‍ ഇക്കാലയളവില്‍ ഒരിക്കല്‍ മാത്രമാണ് ഈ ആനുകൂല്യം നേടിയത്. അതും സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി 2003 -ല്‍ തേജ്പാല്‍ സിങ് ലീവെടുത്തിരിക്കുന്നത്. ഇത്രയും നീണ്ടകാലം ലീവെടുക്കാതെ തുടര്‍ച്ചയായി ജോലി ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും തേജ്പാല്‍ സിങ് ഇടംപിടിച്ചിട്ടുണ്ട്.

Read Also: വീട് വയ്ക്കാൻ അനുമതി നിഷേധിച്ചു; ഡബിൾ ഡെക്കർ ബസ് വീടാക്കി മാറ്റി എട്ടംഗ കുടുംബം

ഭാര്യയ്ക്കും നാല് മക്കള്‍ക്കുമൊപ്പം ബിജ്‌നോറിലാണ് തേജ്പാല്‍ സിങ് താമസിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ രണ്ട് ഇളയ സഹോദരന്മാരും അവരോടൊപ്പം താമസിക്കുന്നുണ്ട്. ഒരു വലിയ കുടുംബം ആയതിനാല്‍ തന്നെ ഉത്സവവേളകളില്‍ അവധിയെടുക്കാന്‍ തേജ്പാല്‍ സിങിനോട് കമ്പനിയില്‍ നിന്നും പറയാറുണ്ട്. എന്നാല്‍, ജോലിയോടുള്ള അടങ്ങാത്ത ആത്മാര്‍ത്ഥത കാരണം ഉത്സവ വേളകളിലും ഞായറാഴ്ചകളിലും ഒരുപോലെ ജോലി ചെയ്യുന്ന അദ്ദേഹം ഒരിക്കലും ഡ്യൂട്ടിക്ക് വൈകി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Story highlights ; UP man took only one leave in 26 years of career