വീട് വയ്ക്കാൻ അനുമതി നിഷേധിച്ചു; ഡബിൾ ഡെക്കർ ബസ് വീടാക്കി മാറ്റി എട്ടംഗ കുടുംബം

March 18, 2024

സ്വന്തമായിട്ട് ഒരു വീട് വയ്ക്കണം എന്നത് ഒട്ടമിക്കയാളുകളുടെ ജീവിത സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും. വാടകയ്ക്ക് അടക്കം താമസിക്കുന്നതില്‍ വ്യത്യസ്തമായി കൂടുതല്‍ സമാധാനത്തോടെയും മറ്റു ബുദ്ധിമുട്ടുകളില്‍ നിന്നും മാറി സമാധാനപരമായി ജീവിതം നയിക്കാം എന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ആഗ്രഹിച്ച സ്ഥലത്ത് വീട് വയക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും. അത്തരത്തില്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതോടെ സ്വന്തമായി ഒരു വീട് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഈ യുവാവ്. എന്നാല്‍ ആ വീട് കുറച്ച വ്യത്യസ്തമാണ്. ( UK family converted double decker bus into home )

കുടംബ സ്വത്തില്‍ വീട് വയ്ക്കാന്‍ പ്രാദേശിക കൗണ്‍സില്‍ അനുവാദം നല്‍കാത്തതിനെത്തുടര്‍ന്ന് ഡബിള്‍ ഡെക്കര്‍ ബസ് വീടാക്കി മാറ്റുകയായിരുന്നു യുകെ സ്വദേശിയും കുടുംബവും. താമസിക്കാന്‍ വീടില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ വീട് എന്ന ആശയത്തിലേക്ക് എത്തിയത്. ദമ്പതികളായ ആന്റണിയും എമ്മ ടെയ്‌ലറുമാണ് തങ്ങളുടെ അഞ്ച് മക്കളെയും വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ആന്റണിയുടെ സഹോദരിയെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു വീടിനായുള്ള ശ്രമം പരാജയപ്പെട്ടതോടെ രണ്ട് ബസുകള്‍ വീടാക്കി മാറ്റിയത്. ഡബിള്‍ ഡെക്കര്‍ ബസുകള്‍ വീടിന് വേണ്ട സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ വാടകയിനത്തില്‍ മാത്രം വര്‍ഷം പത്ത് ലക്ഷം രൂപ കുടുംബത്തിന് ലാഭിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീടിന്റെ ഉടമ അവിടെ നിന്നും ഉടന്‍ മാറണമെന്നുള്ള നോട്ടീസ് നല്‍കിയതോട എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലായിരുന്നു ആന്റണി. ഈ സമയത്താണ് ഇ-ബേയില്‍, വലിയ കേടുപാടുകള്‍ ഒന്നുമില്ലാത്ത രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍ വില്‍ക്കാനുണ്ടെന്ന വാര്‍ത്ത കാണുന്നത്. തുടര്‍ന്നാണ് ഈ ബസുകള്‍ വാങ്ങി വീടാക്കാനുള്ള ആശയം ഉരുത്തിരിയുന്നതും പരമ്പരാഗത സ്വത്ത് വഴി ലഭിച്ച പണം ഉപയോഗിച്ച ബസുകള്‍ വാങ്ങി വീടാക്കി മാറ്റിയതും.

Read Also : ശാസ്ത്രലോകത്തെ അമ്പരപ്പിച്ച അതിജീവനം; കാൻസറിനെ ചെറുത്തു തോൽപിച്ച റുസിയ ഉഗാണ്ടയിൽ സൂപ്പർ വുമൺ

38 ലക്ഷം രൂപയാണ് ബസുകളുടെ ഉള്‍വശം വീടാക്കി രൂപാന്തരപ്പെടുത്താന്‍ ആന്റണി ചെലവാക്കിയത്. ഏഴ് കിടപ്പുമുറികളും ആവശ്യമായ ബാത്ത്‌റൂമും അടുക്കളയും എല്ലാം അടങ്ങുന്ന ബസിന്റെ ഉള്‍ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതോടൊപ്പം വെള്ളം ചൂടാക്കാനുള്ള ബോയിലറുകളും സോളാര്‍ പാനലുകളും ബസില്‍ സ്ഥാപിച്ചിട്ടുണ്ട്. 2019-ല്‍ ബ്രെയിന്‍ അനൂറിസം ബാധിച്ച് അമ്മ മരിച്ചത് ആന്റണിയെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. അമ്മയുടെ മരണ ശേഷം അവരുടെ അനന്തരസ്വത്തായി ലഭിച്ച പണം ഉപയോഗിച്ചാണ് ആന്റണി ബസുകള്‍ വാങ്ങി വീടാക്കി മാറ്റിയത്.

Story highlights : UK family converted double decker bus into home