ശാസ്ത്രലോകത്തെ അമ്പരപ്പിച്ച അതിജീവനം; കാൻസറിനെ ചെറുത്തു തോൽപിച്ച റുസിയ ഉഗാണ്ടയിൽ സൂപ്പർ വുമൺ

March 18, 2024

ഉഗാണ്ട സ്വദേശിനിയായ റുസിയ ഒരിക്കിരിസയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമെന്ന് മെഡിക്കല്‍ ലോകം വിധിയെഴുതിയതായിരുന്നു. അവിടെ നിന്നും ഈ വര്‍ഷത്തെ ഉഗാണ്ട പ്രസിഡന്റിന്റെ ഡയമണ്ട് ജൂബിലി പുരസ്‌കാരം ഏറ്റുവാങ്ങുന്നത് വരെ റുസിയയെ പ്രാപ്തയാക്കിയത് കേരളത്തിലേക്കുള്ള ഒരു യാത്രയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് ചികിത്സയ്ക്കായി കേരളത്തിലെത്തുമ്പോള്‍ റുസിയ ഒരു മടക്കം പ്രതീക്ഷിരിന്നില്ല എന്നതാണ് സത്യം. ( The success story of Ugandan native Rusia Orikiriza )

അത്രമേല്‍ അര്‍ബുദം കാര്‍ന്നുതിന്ന ജീവനുമായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് റുസിയ ഇവിടെയെത്തുന്നത്. തിരികെ രോഗം മുക്തയായി നാട്ടിലേക്ക് മടങ്ങിയത് വീല്‍ചെയറിന്റെ പോലും സഹായമില്ലാതെയാണ്. സ്തനാര്‍ബുദത്തെ തുടര്‍ന്ന് 2022 ഒക്ടോബറിലാണ് റുസിയ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. കാന്‍സര്‍ കോശങ്ങള്‍ കരള്‍, നട്ടെല്ല് എന്നിവിടങ്ങളിലേക്ക് വ്യാപിച്ച് രോഗത്തിന്റെ നാലാം ഘട്ടം പിന്നിട്ടിരുന്നു.

രാജഗിരി ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അരുണ്‍ ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു തുടര്‍ചികിത്സ. ടാര്‍ജറ്റഡ് തെറാപ്പിയെന്ന നൂതന ചികിത്സാ രീതിയായിരുന്നു റുസിയയ്ക്ക് ഡോ. അരുണ്‍ നിര്‍ദ്ദേശിച്ചത്. അര്‍ബുദം നട്ടെല്ലിനെ അടക്കം ബാധിച്ചതിനാല്‍ സീനിയര്‍ സ്‌പൈന്‍ സര്‍ജന്‍ ഡോ. അമീര്‍ എസ്. തെരുവത്തിന്റെ നേതൃത്വത്തില്‍ ആദ്യം സര്‍ജറി നടത്തി. അതിനുശേഷമായിരുന്നു ടാര്‍ജറ്റഡ് തെറാപ്പി ആരംഭിച്ചത്. ഒരു മാസം തുടര്‍ന്ന ചികിത്സക്കൊടുവില്‍ കാന്‍സറിനെ ചെറുത്തു തോല്‍പ്പിച്ചാണ് റുസിയ ഉഗാണ്ടയിലേക്ക് മടങ്ങിയത്.

37-ാം വയസിലാണ് റുസിയ കാന്‍സര്‍ ബാധിതയാകുന്നത്. അപ്രതീക്ഷമായി എത്തിയ അര്‍ബുദത്തിന് മുന്നില്‍ തോറ്റുകൊടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ആത്മധൈര്യം കൈവിടാതെ രോഗാവസ്ഥയോട് പൊരുതിയ റുസിയയ്ക്ക് സ്വന്തം കമ്പനിയായ ഒരിബാഗ്സിനെ വിജയവഴിയില്‍ നടത്താനും കഴിഞ്ഞു. 32 വനിതകളടക്കം 42 തൊഴിലാളികള്‍ ഇന്ന് അവരുടെ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്.

Read Also : ശബ്ദം പൂർണ്ണമായും നഷ്ടമാകുന്ന രോഗാവസ്ഥയിൽ താര കല്യാൺ- അമ്മയുടെ അവസ്ഥ പങ്കുവെച്ച് സൗഭാഗ്യ

ഉഗാണ്ടയില്‍ കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനം നല്‍കുന്നതിലും മുന്നിലാണ് ഇന്ന് റുസിയ. ഉഗാണ്ടയിലെ യുവജനങ്ങള്‍ക്ക് ആവേശം പകരുന്ന ക്ലാസുകളും മോട്ടിവേഷണല്‍ പ്രോഗ്രാമുകളുമായി തിരക്കിട്ട ജീവിതമാണ് ഇന്ന് റുസിയയ്ക്ക്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളിലും സജീവമായി മുന്‍പിലുണ്ട് റുസിയ.

Story highlights : The success story of Ugandan native Rusia Orikiriza