എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ; അവയിലൂടെ പ്രശസ്തരായ രണ്ട് പേരുടെ ആദ്യ കൂടിക്കാഴ്ച!
‘ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൽ ചുവട്ടിൽ…’ ഷിബു ചക്രവർത്തി എഴുതിയ ഈ വരികളും ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രവും പരിചിതമല്ലാത്ത മലയാളികൾ ചുരുക്കമാണ്. 1988-ൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതോടെ സുമിത്രയായി മോഹൻലാലിനൊപ്പം വെള്ളിത്തിരയിലെത്തിയ രഞ്ജിനിയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. (Shibu Chakravarthy and Ranjini meets for the first time)
അതേ വർഷം പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. ‘ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക…’ എന്ന ഒറ്റ ഗാനത്തോടെ മലയാള സിനിമയിൽ രഞ്ജിനിയുടെ ഭാവി തന്നെ മാറിമറിയുകയായിരുന്നു. ആ മനോഹര ഗാനത്തിന് പിന്നിൽ ചലിച്ച കരങ്ങളും ഷിബു ചക്രവർത്തിയുടേത് തന്നെ.
പാട്ടുകളും ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായി. കൊല്ലങ്ങൾ എത്ര കടന്നുപോയിട്ടും തലമുറകൾ ഇന്നും ആ ഗാനങ്ങൾ ഏറ്റുപാടുന്നു. മാത്രമല്ല, ലാലേട്ടനൊപ്പം തന്നെ രഞ്ജിനിയും ഇന്നും മലയാളി മനസ്സുകളിൽ നിറഞ്ഞ് നിൽക്കുന്നത് ഈ ചിത്രങ്ങളിൽ കൂടെ തന്നെ.
Read also: ‘ഈ കളക്ടർ സകലകലാവല്ലഭയാണ്’; മനോഹരം ദിവ്യ എസ് അയ്യരുടെ സംഗീത യാത്ര!
പക്ഷെ ആ മനോഹര ഗാനങ്ങൾ എഴുതിയ ഷിബു ചക്രവർത്തിയും, ആ വരികൾ മനോഹരിയാക്കിയ രഞ്ജിനിയും ഇന്ന് വരെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് 36 വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും കണ്ടുമുട്ടി. മുതിർന്ന മാധ്യമപ്രവർത്തകൻ രവി മേനോന്റെ പുതിയ പുസ്തകമായ അക്ഷരനക്ഷത്രങ്ങളുടെ പ്രകാശന ചടങ്ങിലാണ് ഇരുവരുടെയും ഈ അപൂർവ കൂടിക്കാഴ്ച ഉണ്ടായത്.
ആ പാട്ടുകളില്ലെങ്കിൽ താനില്ലെന്നും അവയിൽ അഭിനയിച്ച രഞ്ജിനിയെ ആദ്യമായി കാണുകയാണെന്നും ഷിബു ചക്രവർത്തി പറഞ്ഞു. അത് ഏറെ സന്തോഷകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സിനിമകളിലും വെച്ച് തൻ്റെ ഇഷ്ട ഗാനം ‘ഓർമകൾ’ ആണെന്ന് രഞ്ജിനിയും പറഞ്ഞു. ഏതായാലും ഈ അപ്രതീക്ഷിത കൂടിക്കാഴ്ച കാണികൾക്കും ഏറെ കൗതുകകരമായിരുന്നു.
Story highlights: Shibu Chakravarthy and Ranjini meets for the first time