മരണം വിരുന്നൊരുക്കിയ ഡെവിൾസ് കിച്ചൻ; ആകെ രക്ഷപ്പെട്ടത് ഒരേയൊരാൾ- ഗുണ കേവിന്റെ യഥാർത്ഥ കഥ!

February 23, 2024

‘മഞ്ഞുമ്മൽ ബോയ്‌സ്’ ഹിറ്റ്‌ രചിച്ച് പ്രദർശനം തുടരുകയാണ്. ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വിജയഗാഥ തുടരുമ്പോൾ എല്ലാവർക്കുമിടയിൽ ചർച്ചയാകുകയാണ് ഗുണ കേവ്. കാഴ്ചകൾകൊണ്ട് അതിമനോഹരമെങ്കിലും അപകടമരണങ്ങൾകൊണ്ട് സമ്പന്നമായതിനാലാണ് ഗുണ കേവ് അധികവും ശ്രദ്ധേയമായത്. എന്താണ് ഈ സ്ഥലത്തിന്റെ പ്രത്യേകത? മുൻപ് ഡെവിൾസ് കിച്ചൻ എന്നറിയപ്പെട്ടിരുന്ന ഗുഹ എങ്ങനെ ഗുണ കേവ് ആയിമാറി?

കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഇടമാണ് ഗുണ കേവ്. മൂന്നു തൂണുകൾ പോലെ നിൽക്കുന്ന കൂറ്റൻ പാറകൾക്കിടയിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. രണ്ടുപാറകളിൽ പിടിച്ച് സമാന്തരമായ മൂന്നാമത്തെ പാറയിലൂടെ ഊർന്ന് ഇറങ്ങിയാലാണ് ഈ ഗുഹയിൽ എത്തുക. അത് തീരെ എളുപ്പവും അല്ല. അങ്ങനെ ഈ ഗുഹയിൽ ഇറങ്ങാൻ ശ്രമിച്ചവരിൽ അധികവും മരണമടഞ്ഞിരുന്നു. 13 പേരുടെ മരണം സംഭവിച്ച ഇടമാണ് ഇത്.

പണ്ട്, ഡെവിൾസ് കിച്ചൻ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. എന്നാൽ, കമൽഹാസൻ നായകനായ ഗുണ ഹിറ്റായതോടെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ ഈ ഗുഹയെ ഗുണ കേവ് എന്ന് വിളിച്ചുതുടങ്ങി. കാരണം, കമൽഹാസൻ നായകനായ ആ ചിത്രം ഈ ഗുഹയ്ക്ക് ഉള്ളിലായിരുന്നു ചിത്രീകരിച്ചത്.

1821 ൽ ആണ് ഡെവിൾസ് കിച്ചൻ കണ്ടെടുത്തത് എന്ന് വിശ്വസിക്കപ്പെടുന്നു. ബി എസ് വാർഡ് എന്ന അമേരിക്കകാരനായിരുന്നു ഇതിന് പിന്നിൽ. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് അനുസരിച്ച് ഇത് പഞ്ചപാണ്ഡവർ താമസിക്കുകയും അവർ അടുക്കളയായി ഉപയോഗിക്കുകയും ചെയ്ത സ്ഥലമാണ് എന്നതാണ്. ഗുണ സിനിമയുടെ റിലീസിന് ശേഷം ധാരാളം ആളുകൾ ഇവിടേക്ക് എത്തുകയും ഗുഹയിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒട്ടേറെ മരണങ്ങൾ സംഭവിച്ചതോടെ ഈ ഗുഹ ഇരുമ്പുകമ്പി കെട്ടി ആളുകളെ നിയന്ത്രിക്കുന്ന തരത്തിലാക്കി.

അടുക്കള എന്ന പേര് പാണ്ഡവരിൽ നിന്നാണ് വന്നത്. പക്ഷേ, പിശാച് എന്ന പേര് എവിടെ നിന്നാണ് വന്നത് എന്നതിന് വ്യക്തതയില്ല. ഗുഹയ്ക്കുള്ളിലെ വെളിച്ചമില്ലാത്ത ഇരുണ്ട പ്രദേശമാണ് ഇതിന് കാരണമെന്ന് ആളുകൾ കരുതുന്നു. അനേകം മൃഗങ്ങളുടെയും പ്രത്യേകിച്ച് വവ്വാലുകളുടെയും ആവാസകേന്ദ്രമാണിത്.
ഇരുട്ടും വവ്വാലുകളും ആളുകൾക്ക് പിശാച് എന്ന ധാരണ നൽകി. അങ്ങനെ ഈ പേരിലേക്ക് എത്തി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Read also: വനിത ദിനത്തിൽ പിങ്ക് മിഡ്നൈറ്റ് മാരത്തൺ; രജിസ്റ്റർ ചെയ്യാം, സൗജന്യമായി..!

എന്തായാലും ധാരാളം മരണങ്ങൾ നടന്ന ഈ ഗുഹയിൽ നിന്ന് രക്ഷപ്പെട്ടത് സുഭാഷ് എന്ന മലയാളി യുവാവ് മാത്രമായിരുന്നു. കേരളത്തിൽ നിന്നും കൊടൈക്കനാലിൽ യാത്രയ്‌ക്കെത്തിയ ആറാംഘ സംഘത്തിലെ സുഭാഷ് വഴുതി വീണതാണ് ഗുഹയിലേക്ക്. പൊലീസോ ഫയർ ഫോഴ്‌സോ ഒന്നിനും തയ്യാറായില്ല. മുൻപ് കുടുങ്ങിയ മന്ത്രിയുടെ മകനുവേണ്ടി ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിട്ടും ആരും തയ്യാറാകാത്ത അവസ്ഥയായിരുന്നു. എന്നാൽ, സുഭാഷിന് വേണ്ടി സുഹൃത്ത് സിജു ഈ ഗുഹയിലേക്ക് ഇറങ്ങി. 600 അടി താഴ്ചയിൽ സുഭാഷിനെ കണ്ടെത്തി. ആ സംഭവമാണ് ഇന്ന് ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമേയം.

Story highlights- story of guna cave