‘സ്വിംകറ്റ്’; ഈ ക്രിക്കറ്റ് കളിയിൽ റണ്ണെടുക്കാൻ നീന്തണം, വീഡിയോ വൈറൽ..!
സ്വിംകറ്റ്..! തലക്കെട്ടിലെ ഈ വാക്ക് കണ്ടപ്പോൾ കാര്യമെന്താണെന്ന് അറിയാൻ കൗതുകം തോന്നിയോ..? ക്രിക്കറ്റ് എന്ന കായിക മത്സരത്തിന് അത്രയേറെ സ്വീകാര്യതയുള്ള നമ്മുടെ ഇന്ത്യയിൽ നിന്നുള്ള ഒരു വീഡിയോയിലൂടെയാണ് ഈ വാക്ക് സോഷ്യൽ മീഡിയയിൽ തരംഗമായത്. പരമ്പരാഗത ക്രിക്കറ്റിൽ നിന്നും വ്യത്യസ്തമായ ഒരു ക്രിക്കറ്റ് കളിയുടെ വീഡിയോയാണിത്. ‘സ്വിംകെറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ ഹൈബ്രിഡ് സ്പോർട്സ് നീന്തലിൻ്റെയും ക്രിക്കറ്റിൻ്റെയും ആകർഷകമായ സംയോജനമാണ്. ( Swimket the new cricket format video viral in social media )
Godman Chikna എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വ്യത്യസ്തമായ ക്രിക്കറ്റ് കളിയുടെ വീഡിയോ പങ്കുവച്ചത്. ‘ ഒളിമ്പിക്സിൽ ഈ ക്രിക്കറ്റ് + നീന്തൽ കായിക ഇനത്തെ ‘സ്വിംകെറ്റ്’ എന്ന് വിളിക്കണം. ഇത് ഗംഭീരമാണ് എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഉപയോക്താവ് കുറിച്ചത്. ഈ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. എന്നാൽ ക്രിക്കറ്റിനെ ജീവശ്വാസമായി കാണുന്ന ഇന്ത്യക്കാർ പുതിയ ക്രിക്കറ്റിന്റെ കണ്ട് ഞെട്ടിയിരിക്കുകയാണ്.
We should add this Cricket + Swimming sport in olympics calling it Swimket.
— Godman Chikna (@Madan_Chikna) February 5, 2024
This is brilliant pic.twitter.com/a5EmJm1VPx
ഇന്ത്യയുടെ പഴയ ഒരു മത്സരത്തിന്റെ റിക്രിയേഷനായിട്ടാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ സാധാരാണ ക്രിക്കറ്റ് പിച്ചിൽ നിന്നും വ്യത്യസ്തമായി ഒഴുകുന്ന പുഴയാണ് പിച്ചായി ഉപയോഗിക്കുന്നത്. ഒഴുകുന്ന വെള്ളത്തിൽ പിച്ച് ചെയ്ത ശേഷമാണ് പന്ത് ബാറ്ററുടെ അടുത്തേക്ക് എത്തുന്നത്. അതുപോലെതന്നെ റൺസ് ഓടിയെടുക്കുന്നതിന് പകരമായി പുഴ നീന്തിക്കടക്കുകയാണ് വേണ്ടത്. നാടകീയമായ റിവ്യൂവിന് ശേഷം ബാറ്റർ റണ്ണൗട്ട് ആകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോ വൈറലായതോടെ പുതിയ കളിക്ക് പേര് നൽകാനും സോഷ്യൽ മീഡിയ ഉപയോക്താക്കൾ മറന്നില്ല. സ്വിമ്മിംഗും ക്രിക്കറ്റും ചേർത്ത് ‘സ്വിംകറ്റ്’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ചിലര്‍ ഈ വീഡിയോ ഐസിസിക്കും മറ്റ് ക്രിക്കറ്റ് അസോസിയേഷനുകളെയും ടാഗ് ചെയ്തിട്ടുണ്ട്.
Story highlights : Swimket the new cricket format video viral in social media