വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്സ്റൂമിൽ നൃത്തവുമായി അധ്യാപകൻ- വേറിട്ടൊരു അധ്യാപനം
ക്ലാസ്സ്മുറികൾ പഠനത്തിനായി മാത്രമല്ല, വിനോദത്തിനും സമയം കണ്ടെത്താനുള്ള ഇടമാണ്. അങ്ങനെ വിദ്യാർത്ഥികളുമായി അധ്യാപകർ ഒരു ആത്മബന്ധം പുലർത്തുന്നതാണ് എപ്പോഴും ആരോഗ്യകരമായ സൗഹൃദത്തിന്റെ ഉദാഹരണം. മുൻപ്, ഒരു അധ്യാപിക വിദ്യാർത്ഥികൾക്കൊപ്പം ചുവടുവയ്ക്കുന്നത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഒരു അധ്യാപകൻ മനോഹരമായ നൃത്തവുമായി എത്തിയിരിക്കുകയാണ്.
ഹിമാചൽ പ്രദേശിലെ ഒരു ക്ലാസ് മുറിയിൽ അധ്യാപകൻ തൻ്റെ വിദ്യാർത്ഥികളെ നൃത്തം പഠിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ആളുകളുടെ ഹൃദയം കവർന്നിരിക്കുകയാണ്. അമിത് താക്കൂർ സിദ്ധു എന്ന യുവാവ് തൻ്റെ നൃത്തച്ചുവടുകളോടെ ഒരു കൂട്ടം വിദ്യാർത്ഥികളെ മനോഹരമായി ആ ഗാനത്തിലേക്കും നൃത്തത്തിലേക്കും നയിക്കുന്നതാണ് വിഡിയോയിലുള്ളത്.
അമിത് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോ, ഒരു ക്ലാസ് റൂം ഒരു ഡാൻസ് ഫ്ലോറായി രൂപാന്തരപ്പെടുന്ന മനോഹരമായ കാഴ്ച പങ്കുവയ്ക്കുന്നു. ഗുരു സിനിമയിലെ ‘ബർസോ റേ’ എന്ന ഗാനത്തിന്റെ താളാത്മകമായ ഈണത്തിനൊപ്പം വിദ്യാർത്ഥികൾ അവരുടെ നൃത്താധ്യാപകനായ അമിതിനൊപ്പം ചുവടുവയ്ക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
‘ ഓരോ നിമിഷവും ആസ്വദിക്കൂ’ എന്നാണ് അമിതിൻ്റെ പോസ്റ്റിൻ്റെ അടിക്കുറിപ്പ്. അടുത്തിടെ ജുംകാ ബറേലി വാല എന്ന ഗാനത്തിന്റെ നവീകരിച്ച പതിപ്പിന് ഒരു അധ്യാപികയും തന്റെ വിദ്യാർത്ഥികളും ചുവടുവയ്ക്കുന്നത് ശ്രദ്ധനേടിയിരുന്നു. ഗാനത്തിനൊപ്പമുള്ള അവരുടെ നൃത്തച്ചുവടുകൾ അതിശയിപ്പിക്കുന്നതാണ്. സമ്മർ ക്യാമ്പിന്റെ അവസാന ദിവസം ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ വെച്ചാണ് വിഡിയോ പകർത്തിയത്.
Read also: വേൾഡ് അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി; മുന്നിലെത്തിയത് അലക്സ് ഡോസണിന്റെ ‘തിമിംഗലങ്ങളുടെ ശവപ്പറമ്പ്’
എല്ലാ വിദ്യാർത്ഥികളുടെയും ജീവിതത്തിൽ അധ്യാപകരുടെ സ്വാധീനം വളരെ വലുതാണ്. ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിൽ ഒന്നാണ് സ്കൂൾ. അവിടെ നിന്നുള്ള പാഠങ്ങളാണ് എന്നും നമ്മെ മുന്നോട്ട് നയിക്കുന്നതും. പലർക്കും സ്കൂളിൽ ഒരു പ്രിയ അധ്യാപകനോ അധ്യാപികയെ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒരു നല്ല അധ്യാപകന്റെ സാന്നിധ്യം ജീവിതത്തിൽ വളരെ പ്രധാനമാണ്.
Story highlights-teacher dances with students viral video