ട്രെയിനിൽ അച്ഛന്റെ ബാഗും മൊബൈലും കവർന്നു; മോഷ്ടാവിനെ മകൻ വലയിലാക്കിയത് ഇങ്ങനെ..!

February 7, 2024

ട്രെയിന്‍ യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണുകളും ബാഗുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പതിവ് വാര്‍ത്തയാണ്. കളവ് പോയ ഇത്തരം സാധനങ്ങള്‍ തിരികെ കിട്ടുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഇതിനായി അധികൃതരെ സമീപിച്ചാലും വളരെ അപൂര്‍വമായിട്ടാണ് തിരികെ ലഭിക്കാറുള്ളത്. ഇത്രയധികം സാങ്കേതിക വിദ്യ വളര്‍ന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയ തന്റെ അച്ഛന്റെ ബാഗും മൊബൈല്‍ ഫോണും കണ്ടെത്തിയിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ്. രാജ് ഭഗത് എന്ന യുവാവാണ് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്തി ബാഗും മൊബൈല്‍ ഫോണും കണ്ടെത്തിയത്. ( Techie uses shared location to get back father’s stolen phone )

നാഗര്‍കോവില്‍-കാച്ചെഗുഡ എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് തന്റെ ബാഗും മൊബൈല്‍ ഫോണും മോഷ്ടിക്കപ്പെട്ടെന്ന് ഭഗതിന്റെ അച്ഛന്‍ തിരിച്ചറിഞ്ഞത്. തിരുനെല്‍വേലി ജംഗ്ഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് ഫോണ്‍ അടങ്ങിയ ബാഗ് നഷ്ടമായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് മോഷണം പോയതായി മനസിലായത്. തുടര്‍ന്ന് ട്രെയിനില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സുഹൃത്തിന്റെ ഫോണില്‍ നിന്ന് വിളിച്ച് ബാഗും ഫോണും മോഷണം പോയ വിവരം രാജ് ഭഗതിനെ അറിയിക്കുന്നത്.

പിതാവിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ ഷെയറിങ് ഓണായിരുന്നതിനാല്‍ അതിന്റെ സ്ഥാനം കണ്ടെത്താന്‍ ഭഗതിനായി. എന്നാല്‍ മൊബൈല്‍ തിരുനെല്‍വേലി മേലപ്പാളയത്തിന് സമീപം റെയില്‍ ട്രാക്കിലൂടെ നീങ്ങുന്നതായിട്ടാണ് കണ്ടത്. അതിനാല്‍, കള്ളന്‍ തിരുനെല്‍വേലി ജംഗ്ഷനില്‍ ഇറങ്ങി മറ്റൊരു ട്രെയിനില്‍ നാഗര്‍കോവിലിലേക്ക് മടങ്ങുകയാണെന്ന് അനുമാനിച്ചു. ഇതോടെ പൊലീസിനെ വിവരമറിയിച്ച ഭഗത്, പോലീസും മറ്റൊരു സുഹൃത്തുമായി നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും ആളുകളുടെ തിരക്കില്‍ മോഷ്ടാവിനെ കണ്ടെത്തുക പ്രയാസകരമായിരുന്നു. സിഐടിയു എന്ന് എഴുതിയ കറുത്ത ബാഗ് മാത്രമായിരുന്നു തിരിച്ചറിയാന്‍ സാധിക്കുമായിരുന്നതെന്നാണ് രാജ് ഭഗത പറഞ്ഞത്.

Read Also : ‘പഴയ ട്രെയിൻ പുതിയ ലുക്കിൽ’; പദ്ധതികളുമായി കേന്ദ്ര റെയിൽവേ!

മോഷ്ടാവിന്റെ സ്ഥാനം ഏകദേശം അടുത്താണ് എന്ന് ഉറപ്പാക്കിയ ഭഗതും സുഹൃത്തും അയാളെ പിടികൂടാനായി ശ്രമം തുടര്‍ന്നു. ഒടുവില്‍ മോഷ്ടാവിന്റെ സ്ഥാനം അണ്ണാ ബസ് സ്റ്റാന്‍ഡില്‍ തങ്ങള്‍ക്ക് വെറും രണ്ട് മീറ്റര്‍ മുന്‍പിലായി ഭഗത് കണ്ടെത്തുകയായിരുന്നു. അവിടെ കൂടിയിരിക്കുന്നവരുടെ സഹായത്തോടെ മോഷ്ടാവിനെ കീഴ്‌പ്പെടുത്തി ബാഗും ഫോണും കണ്ടെടുക്കുകയായിരുന്നു. മോഷ്ടാവ് മൊബൈല്‍ ഫോണ്‍ ഓഫാക്കാതിരുന്നത് ഭാഗ്യമായെന്ന് രാജ് ഭഗത് പറഞ്ഞു. മാപ്പുകളെക്കുറിച്ചും അത് നാവിഗേറ്റ് ചെയ്യുന്നതിനെ കുറിച്ചും കൃത്യമായി അറിയാമായിരുന്നതും ഫോണ്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. ലൊക്കേഷന്‍ ട്രാക്കിംഗ് പോലുള്ള സാങ്കേതികവിദ്യ ഒരാളുടെ സ്വകാര്യതയ്ക്ക് ഹാനികരമാകുമെന്ന് ഞാന്‍ മനസിലാക്കുന്നു. പക്ഷെ ഈ സാഹചര്യത്തില്‍ അത് സഹായകമായെന്നും രാജ് ഭഗത് എക്‌സില്‍ കുറിച്ചു.

Story highlights : Techie uses shared location to get back father’s stolen phone