തണ്ണീർ കൊമ്പൻ ഇപ്പോൾ വെറും അസ്ഥികൂടം; കഴുകൻമാരുടെ റെസ്റ്റൊറന്റിനെ കുറിച്ചറിയാം..!
മണിക്കൂറുകളോളം മാനന്തവാടി നഗരത്തെ ഭീതിയാലാഴ്ത്തിയ തണ്ണീർകൊമ്പൻ ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍വച്ച് ചരിഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഈ കാട്ടുകൊമ്പന്റെ ജഡം കര്‍ണാടക വനംവകുപ്പ് സംസ്കരിച്ചെന്നായിരിക്കും എല്ലാവരുടെയും ധാരണ. എന്നാൽ ഈ കാട്ടുകൊമ്പനെ ബന്ദിപ്പൂര്‍ വനത്തിലെ കഴുകൻമാരുടെ റെസ്റ്റോറന്റിലേക്കാണ് കൊണ്ടുപോയത്. (Thanneer komban carcass have been fed to vultures)
ഉൾക്കാടിനുള്ളിൽ കഴുകൻമാർക്കായി ഒരുക്കിയ ഭക്ഷണശാല എന്ന് കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടോ..? വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയുടെ സമീപത്തുള്ള കാക്കപ്പാടം, ബന്ദിപ്പൂര്‍, മുതുമല അടക്കമുള്ള ഒട്ടേറെ വനമേഖലകൾ കഴുകൻമാരുടെ റെസ്റ്റോറന്റ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയാണ്. വാഹനാപകടത്തിലോ അല്ലാതെയോ ജീവൻ നഷ്ടമാകുന്ന മൃഗങ്ങളെ സംസ്കരിക്കാതെ കാട്ടില്‍ കഴുകന്മാരുടെ ആവാസവ്യവസ്ഥയിൽ ഉപേക്ഷിക്കും. അവയെ കഴുകൻ കൂട്ടങ്ങൾ ഭക്ഷണമാക്കും. ഇതാണ് കഴുകൻമാരുടെ ഭക്ഷണശാല എന്ന അറിയപ്പെടുന്നത്.
ഉൾവനങ്ങളിൽ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ടാൽ നൂറുകണക്കിന് കഴുകൻമാരാണ് ഇതിനെ ഭക്ഷണമാക്കാൻ എത്തുന്നത്. അതുകൊണ്ടുതന്നെ ഒരു ആനയെ മുഴുവനായി തിന്ന് തീർക്കാൻ രണ്ടോ മൂന്നോ ദിവസം മതിയാകുമെന്നാണ് പറയുന്നത്. അതിനാൽ ഉൾക്കാട്ടിൽ ഉപേക്ഷിച്ച തണ്ണീർകൊമ്പൻ ഇപ്പോൾ വെറും അസ്ഥിക്കൂടമായിട്ടുണ്ടാകും എന്നാണ് കരുതുന്നത്. ഒരുപാടുദൂരം പറക്കാൻ കഴിവുള്ളതിനാൽ ബന്ദിപ്പൂർ വനത്തിൽ മൃഗങ്ങളുടെ ജഡം ഉപേക്ഷിച്ചാൽ വയനാട്ടിൽ നിന്ന് വരെ കഴുകന്മാരെത്തും. ഒരു കിലോമീറ്റർ ഉയരത്തിൽനിന്ന് കാണാനുള്ള കഴിവും കഴുകന്മാർക്കുണ്ട്.
ഭൂമിയിൽ കഴുകന്മാരുടെ എണ്ണം കുറയാൻ തുടങ്ങിയ സാഹചര്യത്തിൽ 1960-കളിൽ യൂറോപ്പിലും ആഫ്രിക്കയിലുമാണ് ആദ്യമായി കഴുകൻ റെസ്റ്റൊറന്റുകൾ സ്ഥാപിക്കപ്പെട്ടത്. 1966 ൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യത്തെ കഴുകൻ റെസ്റ്റോറന്റ് നിലവിൽ വന്നത്. ഇത്തരത്തിൽ രീതി പിന്തുടർന്നതോടെ കഴുകൻമാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
Read Also : 17 മാസങ്ങൾ നീണ്ട സഞ്ചാരം; ലോകം ഉറ്റുനോക്കിയ കാട്ടാനക്കൂട്ടത്തിന്റെ യാത്ര!
എന്നാൽ തണ്ണീർക്കൊമ്പന്റെ ജഡം കഴുകൻമാർക്ക് ഭക്ഷണമായി നൽകിയതിൽ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. മാരകരോഗമോ പകര്‍ച്ചവ്യാധിയോ മൂലം ജീവൻ നഷ്ടമാകുന്ന വന്യജീവികളെ കേരള വനം വകുപ്പ് കഴുകൻമാർക്ക് ഭക്ഷണമായി നല്‍കാറില്ല. എന്നാൽ തണ്ണീര്ക്കൊമ്പന് ശ്വാസകോശ അണുബാധ, ക്ഷയം ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. രോഗബാധിതരായ മൃഗങ്ങളെ ഭക്ഷണമാക്കിയാൽ കഴുകന്മാരിലേക്കും രോഗം പടർന്നേക്കാം എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് വിമർശനം ഉയർന്നിരുന്നത്.
Story highlights : Thanneer komban carcass have been fed to vultures