വരന് സ്വന്തം കാലുകൊണ്ട് ഭക്ഷണം വിളമ്പുന്ന വധു; ഇത് ‘തരു’ ജനതയുടെ വ്യത്യസ്ത ആചാരം..!
വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളാൽ സമ്പന്നമാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം. വൈവിധ്യങ്ങളാൽ നിറഞ്ഞ രാജ്യത്തിന്റെ ഓരോ കോണിലും എത്തിയാൽ നമുക്ക് വ്യത്യസ്തമായ ആചാരങ്ങൾ കാണാനാകും. ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്ര വിഭാഗങ്ങൾക്കിടയിലാണ് ഇത്തരത്തിൽ ഒരേ സമയം വിചിത്രവും കൗതുകവും തോന്നുന്ന തരത്തിലുള്ള ആചാരങ്ങൾ കൂടുതലായും കാണുന്നത്. ( Tharu tribe Bride Offers Food To Groom With Her Feet )
അത്തരത്തിൽ വിചിത്രമായ ആചാരങ്ങൾ പിന്തുടരുന്ന ഒരു വിഭാഗമാണ് തരു ഗോത്രം (Tharu Tribe). തരു ഗോത്രത്തിലെ സ്ത്രീകൾ വിവാഹം കഴിഞ്ഞ് വരനെ വീട്ടിലേക്ക് ക്ഷണിക്കുന്നത്, തൻറെ കാലുകൾ കൊണ്ട് വരന് ഭക്ഷണം നൽകിയാണ്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും തരു ഗോത്രത്തിൻറെ ഒരു ആചാരമാണിത്.
തരു ഗോത്രത്തിൻറെ ഇടയിലെ വിവാഹ രീതികൾ മറ്റ് ഹിന്ദു സമൂഹങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് പത്രപ്രവർത്തകനായ രാജേഷ് ജോഷി പറയുന്നു. വിവാഹ ചടങ്ങുകൾക്ക് ശേഷം വധു ആദ്യമായി ഭക്ഷണമുണ്ടാക്കിയ ശേഷം തൻറെ ഭർത്താവിന് ഭക്ഷണം വിളമ്പേണ്ടത് കൈ കൊണ്ടല്ല, മറിച്ച് കാലുകൊണ്ടാണ്. വധുവിന് തിലകം ചാർത്തൽ, വിവാഹ ചടങ്ങിനിടെ വരൻ കഠാരയും തലപ്പാവും ധരിക്കുക എന്നീ ചടങ്ങുകളുമുണ്ട്. മറ്റ് ആചാരങ്ങൾക്കായി സഖു വൃക്ഷത്തെയും ഇവർ ആരാധിക്കുന്നു.
അപ്ന പരയ അല്ലെങ്കിൽ ഖനൗരി എന്നറിയപ്പെടുന്ന വിവാഹ നിശ്ചയ ചടങ്ങ് ഇവർക്കിടയിൽ ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം ബാത്ത് കാട്ടി എന്ന സമൂഹത്തിലെ ഉയർന്ന സ്ഥാനക്കാരനാണ് വിവാഹ തീയതി നിശ്ചയിക്കുന്നത്. മറ്റു ഹിന്ദു സമൂഹത്തിൽ നിന്നും വ്യത്യസ്തമായി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ തരു ഗോത്രത്തിൽ സ്ത്രീകൾക്ക് ഉയർന്ന പദവിയുണ്ട്, ബലിപീഠങ്ങളിൽ ശിവൻ, കാളി എന്നീ ആരാധനമൂർത്തികളെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
താർ മരുഭൂമിയിൽ നിന്ന് കാലക്രമേണ നേപ്പാളിലേക്ക് കുടിയേറിയവരാണ് തരു ഗോത്ര വിഭാഗം. ഇന്ത്യയിലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും നേപ്പാളിലുമാണ് ഇപ്പോൾ തരു ഗോത്രക്കാർ താമസിക്കുന്നത്. ചമ്പാരൻ, ബിഹാർ, നൈനിറ്റാൾ, ഉധം സിങ് നഗർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി എന്നി മേഖലയിലാണ് ഇവരുടെ സാന്നിധ്യമുള്ളത്. ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ ഖാത്തിമ, കിച്ച, നാനക്മട്ട, ഉദ്ദം സിങ് നഗറിലെ സിതാർഗഞ്ച് എന്നിവിടങ്ങളിലെ 141 ഗ്രാമങ്ങളിലാണ് ഇവർ താമസിക്കുന്നത്.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ ഏറ്റവും വലിയ ഗോത്രവിഭാഗമാണ് തരു ഗോത്രം. രാജസ്ഥാനിലെ സിസോദിയ രാജവംശവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഒരു വിഭാഗം പറയുമ്പോൾ മറ്റ് ചിലർ ഇവർ ബുദ്ധൻറെ വംശാവലിയോ മംഗോൾ വംശജരോ ആണെന്ന് വാദിക്കുന്നു. മംഗോളിയൻ അധിനിവേശത്തെ തുടർന്ന് ഹിമാലയത്തിൽ നിന്നും സമതലങ്ങളിലേക്ക് നീങ്ങിയ വംശമാണ് ഇതെന്ന് മറ്റുചില ചരിത്രകാരന്മാരും വാദിക്കുന്നു.
Story highlights : Tharu tribe Bride Offers Food To Groom With Her Feet