ഓരോ ജീവനും വിലപ്പെട്ടത്; മരത്തിൽ കുടുങ്ങിയ കാക്കയ്ക്ക് അതിസാഹസിക വിടുതൽ!

February 12, 2024

പ്രപഞ്ചത്തിലെ ഓരോ ജീവജാലവും പ്രാധാന്യമർഹിക്കുന്നുണ്ട്. കണ്ണുകൾക്ക് കാണാൻ കഴിയാത്ത സൂക്ഷ്മാണുക്കൾ തുടങ്ങി ഭീമാകാരമായ ജീവികൾ വരെ, ഈ ഭൂമുഖത്തുള്ള ഓരോ ജീവനും വിലപ്പെട്ടതാണ്. ഇന്ന് മനുഷ്യർ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ പരസ്പരം കൊന്നൊടുക്കുമ്പോൾ ഒരു ജീവൻ രക്ഷിക്കാനായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്ത് മാതൃകയാകുകയാണ് കോഴിക്കോട് കാരശ്ശേരി കുമാരനെല്ലൂരിലെ നാട്ടുകാർ. (Villagers unite to rescue crow battling death for 3 days)

മൂന്ന് ദിവസങ്ങളായി മരത്തിന് മുകളിൽ തൂങ്ങി കിടന്ന കാക്കയെ രക്ഷിക്കാനാണ് നാട്ടുകാർ അതി സാഹിസികമായ മാർഗങ്ങൾ തെരഞ്ഞെടുത്തത്. അമ്പതടിയോളം ഉയരമുള്ള ചീനി മരത്തിൽ ഒരു കാക്ക കുടുങ്ങി കിടക്കുന്നത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ആദ്യം കാക്കയ്ക്ക് ജീവനില്ലെന്ന് കരുതിയെങ്കിലും നേരിയ അനക്കം കണ്ടതോടെ മരത്തിൽ കൂട് കൂട്ടാനുള്ള ശ്രമത്തിനിടെ നൂൽക്കമ്പിയിൽ പെട്ടതാണെന്ന് മനസിലായി.

അതോടെ കാക്കയെ രക്ഷിക്കാനായി നാട്ടുകാർ ഒന്നിച്ച് കൂടി. മരത്തിന്റെ ഉയരവും വണ്ണവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. താമരശ്ശേരിയിൽ നിന്ന് വനംവകുപ്പിന്റെ വോളന്റീയർമാർ എത്തിയിട്ട് പോലും രക്ഷയുണ്ടായില്ല. ഒടുവിൽ മരം വെട്ടുകാരനും കാരശ്ശേരി സ്വദേശിയുമായ സുകുമാരനെ നാട്ടുകാർ വിവരമറിയിച്ചു.

Read also: ‘ട്രിപ്പ് അല്ലല്ലോ മനുഷ്യജീവൻ അല്ലെ വലുത്’; കുഴഞ്ഞുവീണ വിദ്യാര്‍ഥിനിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ..!

പിന്നീട് നാട്ടുകാർ സാക്ഷ്യം വഹിച്ചത് അതിസാഹസികമായ സുകുമാരന്റെ രക്ഷാപ്രവർത്തനമായിരുന്നു. താഴെ വീഴുന്ന കാക്കയ്ക്ക് പരിക്ക് പറ്റാതിരിക്കാൻ നാട്ടുകാരും ബെഡ്ഷീറ്റ് വിരിച്ച് തയ്യാറായി ഇരുന്നു. അവശയായ കാക്കയെ വെള്ളം കുടിപ്പിക്കാനും കുളിപ്പിക്കാനുമെല്ലാം നാട്ടുകാർ മുന്നിലുണ്ടായിരുന്നു.

മൂന്ന് ദിവസം കുടുങ്ങി കിടന്ന കാക്കയെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ തിളക്കമായിരുന്നു ഏവരുടെയും മുഖത്ത്. സ്വന്തം ജീവൻ പോലും പണയം വെച്ച് കാക്കയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ സുകുമാരനും ലോകത്തിന് മുന്നിൽ വെയ്ക്കുന്ന മാതൃക വലുതാണ്.

Story highlights: Villagers unite to rescue crow battling death for 3 days