‘തീരുമാനം രോഹിതിന്റെ ജോലിഭാരം കുറയ്ക്കാൻ’; ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിൽ പ്രതികരിച്ച് മുംബൈ ഇന്ത്യൻസ്

February 6, 2024

മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥനത്തു നിന്നും രോഹിത് ശർമയെ മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഏറെ ചർച്ചയായ നടപടിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ്. രോഹിതിൻ്റെ ജോലി ഭാരം കുറയ്ക്കാനാണ് ഹാർദിക്കിനെ ക്യാപ്റ്റനായി നിയമിച്ചതെന്ന് മുംബൈ മുഖ്യ പരിശീലകൻ മാർക്ക് ബൗച്ചർ. സമ്മർദ്ദം ഒഴിവാക്കി രോഹിതിന് കളി ആസ്വദിക്കാനും, വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും തീരുമാനം സഹായകമാകുമെന്നും മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ അഭിപ്രായപ്പെട്ടു. ( Why Mumbai Indians took away captaincy from Rohit Sharma )

ദീർഘകാലം മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത് ശർമയെ മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ നായകനാക്കിയത് മുംബൈ ആരാധകരെ ചൊടിപ്പിച്ചിരുന്നു. മുംബൈയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ അൺഫോളോ ചെയ്തുകൊണ്ട് ആരാധകർ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനിടെ, ഇതാദ്യമായാണ് തലമുറമാറ്റത്തെക്കുറിച്ച് മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പ്രതികരണം നടത്തുന്നത്. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നായകനായ താരത്തിൻ്റെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് മാർക്ക് ബൗച്ചർ പറയുന്നത്.

‘ഇതൊരു ക്രിക്കറ്റിങ് തീരുമാനമാണ്. ഒരു കളിക്കാരനായി ഹാർദിക്കിനെ തിരിച്ചെടുക്കാനുള്ള സമയം നമുക്ക് ലഭിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പരിവർത്തന ഘട്ടമാണ്. ഇന്ത്യയിൽ പലർക്കും അത് മനസിലായിട്ടില്ല, ആളുകൾ വളരെ വികാരാധീനരാകുന്നു. ഒരു കളിക്കാരനെന്ന നിലയിൽ രോഹിതിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് ഞാൻ കരുതുന്നു. രോഹിത് ഗ്രൗണ്ടിൽ പോയി കളി ആസ്വദിച്ച് കുറച്ച് നല്ല റൺസ് നേടട്ടെ’-മാർക്ക് ബൗച്ചർ പ്രതികരിച്ചു.‌

Read Also : രോഹിത് സ്ഥാനമൊഴിഞ്ഞു; ഇനി മുംബൈയെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ

ഐപിഎൽ ചരിത്രത്തിൽ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് രോഹിത് ശർമ. 2013-ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത രോഹിത് മുംബൈ ഇന്ത്യൻസിനെ അഞ്ച് സീസണില്‍ ജേതാക്കളാക്കി.

Story highlights : Why Mumbai Indians took away captaincy from Rohit Sharma