രോഹിത് സ്ഥാനമൊഴിഞ്ഞു; ഇനി മുംബൈയെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ

December 15, 2023

മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥനമൊഴിഞ്ഞ രോഹിത് ശര്‍മ. ഇതോടെ 2024 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസമാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് മുംബൈയിലേക്ക് എത്തിയത്. ( Hardik Pandya replaces Rohit Sharma as Mumbai Indians captain )

രോഹിതിന് പകരം ഹാര്‍ദികിനെ മുംബൈയുടെ നായകനാക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുയര്‍ന്നിരുന്നു. ടീമിന്റെ ഭാവി മുന്നില്‍ കണ്ടാണ് നായകനെ മാറ്റുന്നതെന്നാണ് മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി അറിയിച്ചത്. 2013 മുതല്‍ രോഹിതിന് കീഴില്‍ മുംബൈ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ടീമിന്റെ പെര്‍ഫോമന്‍സ് മാനേജര്‍ മഹേല ജയവര്‍ധനെ പ്രസ്താവനയില്‍ വ്യക്തമാക്കി.

2013-ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത രോഹിത് ടീമിനെ അഞ്ച് സീസണില്‍ ജേതാക്കളാക്കി. 2015 മുതല്‍ 2021 വരെ ഏഴ് സീസണുകള്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ഹാര്‍ദിക് ടീമിനായി 92 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച താരം രണ്ട് തവണ ഫൈനലിലെത്തിച്ചു. ഇതില്‍ ഒരു തവണ ജേതാക്കളാകുകയും ചെയ്തു.

Read Also : ഇനി ആര്‍ക്കും ഏഴാം നമ്പറില്ല; ധോണിയോടുള്ള ആദരവ്, 7-ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ബി.സി.സി.ഐ

15 കോടിയുടെ താര കൈമാറ്റത്തിലൂടെയാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഹാര്‍ദികിനെ തിരികെ ടീമിലെത്തിച്ചത്. 15 കോടി രൂപ മൂല്യമുള്ള ഹാര്‍ദികിനെ എത്തിക്കുന്നതിനായി അത്രയും തുക പഴ്‌സില്‍ ഇല്ല എന്നതായിരുന്നു മുംബൈ നേരിട്ട പ്രതിസന്ധി. ഇതിനുവേണ്ടി കഴിഞ്ഞ വര്‍ഷം 17.5 കോടി മുടക്കി ടീമിലെത്തിച്ച ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു കൈമാറിയ മുംബൈ എട്ട് കോടി രൂപ മൂല്യമുള്ള ഇംഗ്ലിഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Story highlights : Hardik Pandya replaces Rohit Sharma as Mumbai Indians captain