സ്വന്തം വീട്ടിൽ യുവതിയുടെ മോഷണം; കാരണം അതിവിചിത്രം!

February 6, 2024

മോഷ്ടിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ… മോഷണം ഒരു പുതിയ കാര്യമൊന്നുമല്ല. എളുപ്പത്തിൽ ധനം സമ്പാദിക്കാനും, ആർഭാട ജീവിതം നയിക്കാനും, ഗതികേട് കൊണ്ട് വീട്ടിലെ പല ആവശ്യങ്ങൾക്ക് പണം കണ്ടെത്താനുമൊക്കെ പലരും മോഷണത്തിലേക്ക് തിരിയാറുണ്ട്. എന്നാൽ ഡൽഹിയിൽ നിന്നുള്ള ഏറെ വ്യത്യസ്തയുള്ള ഒരു മോഷണമാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിക്കുന്നത്. (Woman robs from her own residence)

ഡൽഹി സ്വദേശി കമലേഷിന്റെ വീട്ടിലാണ് വ്യത്യസ്തമായ ഈ മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ലക്ഷങ്ങൾ വില വരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. പോലീസിൽ പരാതി കൊടുത്തതനുസരിച്ച് തകൃതിയായി അന്വേഷണം നടന്നു. ഒടുവിൽ കള്ളനെ കണ്ടെത്തി. അധികം ദൂരെയൊന്നുമല്ല, കള്ളൻ കപ്പലിൽ തന്നെ ഉണ്ടായിരുന്നു.

കമലേഷിന്റെ മകൾ ശ്വേതയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. എന്നാൽ അവിടെയും അതിശയോക്തി തീരെയില്ല. സ്വന്തം വീട്ടിൽ മോഷണം നടത്തുന്ന സംഭവങ്ങൾ ഇതിന് മുൻപും നടന്നിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെ വേറിട്ട് നിർത്തുന്നത് മോഷണത്തിന്റെ പിന്നിലെ കാരണമാണ്.

Read also: ‘ഹോം ഡെലിവെറി’യായി ഇനി ‘വീടും’ എത്തും; ‘പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളുമായി ആമസോൺ..!

കമലേഷിന് രണ്ട് മക്കളാണ്. മാതാപിതാക്കൾക്ക് ഇളയ സഹോദരിയോട് അമിത സ്നേഹമാണ്. പലപ്പോഴും ശ്വേതയ്ക്ക് തുല്യ പരിഗണന കിട്ടിയിരുന്നില്ല. അങ്ങനെ സ്നേഹം കിട്ടാത്തതിന്റെ സങ്കടം പകയായി മനസ്സിൽ വളർന്നു. ഒടുവിൽ ആ പക ചെന്ന് അവസാനിച്ചത് അനുജത്തിയുടെ വിവാഹത്തിനായി മാതാപിതാക്കൾ മാറ്റി വെച്ച സ്വർണ്ണം മോഷ്ടിക്കുന്നിടത്താണ്.

പൂട്ടിയിട്ട അലമാരയിൽ നിന്നാണ് മോഷണം സംഭവിച്ചതെങ്കിലും അലമാര കുത്തിപ്പൊളിച്ച ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വീടും പരിസരവും നന്നായി അറിയുന്ന ഒരാൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സംശയം തുടക്കത്തിൽ തന്നെ അന്വേഷണ സംഘത്തിന്റെ മനസ്സിൽ ഉദിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബുർഖ ധരിച്ച ഒരു സ്ത്രീ വീട്ടിലേക്ക് കയറുന്ന ദൃശ്യങ്ങൾ ലഭിച്ചത്. മോഷ്ടിച്ച സ്വർണ്ണത്തിൽ അൽപ്പം വിൽപ്പന നടത്തിയെങ്കിലും മുഴുവൻ സർണ്ണവും പോലീസ് കണ്ടെത്തി. ശ്വേതയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഏതായാലും സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഒരു വലിയ മോഷണത്തിലേക്ക് വഴി തുറന്നത് കണ്ട അമ്പരപ്പിലാണ് ഇപ്പോൾ നാട്ടുകാരും അയൽവാസികളും.

Story highlights: Woman robs from her own residence