ലെവർകുസനില് വിപ്ലവം തീർത്ത് സാബി അലോന്സോ; കാത്തിരിക്കുന്നത് സ്വപനനേട്ടം..!

ഒരു ദശാബ്ദത്തിലധികമായി ബുണ്ടസ് ലീഗയിലെ ബയേൺ മ്യൂണിക് ആധിപത്യത്തിന് അന്ത്യമാവുകയാണോ..? ടൈറ്റിൽ റേസിൽ നിർണായകമാകുമെന്ന പ്രവചിച്ച പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ബയേണിനെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബയേർ ലെവർകുസൻ കുറച്ചു മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ലീഗിൽ ഒന്നാം സ്ഥാനം ഭദ്രമാക്കുകയാണ്. കഴിഞ്ഞ സീസണിലെ തരംതാഴ്ത്തൽ മേഖലയിൽനിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിന് പിന്നിൽ ഒരേയൊരു പേര് മാത്രമാണുള്ളത്, സാബി അലോൻസോ.. ( Xabi Alonso’s impact in Bayer Leverkusen )
2014-ൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ ശേഷം റയൽ മാഡ്രിഡ് വിട്ട് മ്യൂണിക്കിലേക്ക് ചേക്കേറിയ അലോൻസോയുടെ ലക്ഷ്യം ഇതിഹാസ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ കളിക്കുക എന്നത് മാത്രമായിരുന്നുവെന്ന് താരം തുറന്നുസമ്മതിക്കുന്നുണ്ട്. ബയേണിൽ പെപ് ഗ്വാർഡിയോള, റയൽ മാഡ്രിഡിൽ ജൊസെ മൗറിന്യോ, കാർലോ ആൻസലോട്ടി ലിവർപൂളിൽ റാഫ ബെനിറ്റസ് എന്നി പ്രഗത്ഭരായ പരിശീലകർക്ക് കീഴിൽ ലോകത്തെ വിവിധ ലീഗുകളിൽ പന്ത് തട്ടിയ സാബി അലോൻസോയിൽ മികച്ച പരിശീലകനാകാനുള്ള സാധ്യതയുണ്ടെന്ന് മൗറിന്യോ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
ഈ വാക്കുകളെ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന പ്രകടനമാണ് സാബി അലോൻസോ എന്ന ടാക്റ്റിക്കൽ ജീനിയസ് ബയേർ ലെവർകുസനിൽ കാണിക്കുന്നത്. സർവമേഖലയിലും ബയേണിന്റെ മേധാവിത്വം പ്രകടമാകുന്ന ബുണ്ടസ് ലീഗയിൽ പലപ്പോഴും ബൊറുസിയ ഡോർട്ട്മുണ്ട് മാത്രമാണ് ഒരു മിന്നായം പോലെ വെല്ലുവിളിയുമായി എത്താറുള്ളത്. എന്നാൽ ഇത്തവണത്തെ കീരിടസാധ്യതയിൽ ബയേണിനെ മറികടന്ന് മുന്നിട്ടുനിൽക്കുന്നത് ബയേർ ലെവർകുസനാണ്.
അത്ര വലിയ താരപരിവേഷമൊന്നുമില്ലാത്ത ബയേർ ലെവർകുസൻ കിരീടത്തിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അറിയേണ്ട ചില ചരിത്രങ്ങളുണ്ട്. 1904-ലാണ് ജർമൻ ക്ലബായ ബയേർ ലെവർകുസൻ എന്ന ക്ലബിന് രൂപം നൽകുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള എന്നാൽ ഇതുവരെ പ്രധാനകീരടങ്ങളൊന്നുമില്ലാത്ത ആ കുഞ്ഞൻ ക്ലബിനെ ഒരുപാട് വലിയ സ്വപ്നങ്ങൾ കാണുന്നതിലേക്ക് നയിച്ച ഒരു പരിവർത്തനം. അഞ്ച് തവണ ബുണ്ടസ് ലീഗ കിരീടത്തിനടുത്ത് വീണുപോയതും 2001-02 സീസണിൽ റയലിനോട് പരാജയപ്പെട്ടതോടെ പൊലിഞ്ഞുപോയ ചാമ്പ്യൻസ് ലീഗ് മോഹവും മാറ്റിനിർത്തിയാൽ 1987- 88 സീസണിൽ നേടിയ യൂറോപ്യൻ കപ്പും തൊണ്ണൂറുകളിൽ നേടിയ ഡിഎഫ്ബി പൊകൽ കിരീടവും മാത്രമാണുള്ളത്.
ലോക ഫുട്ബോളിന് ഒരുപിടി മികച്ചതാരങ്ങളെ സംഭാവന ചെയ്യുന്നതിൽ ഏറെ മുന്നുട്ടുനിൽക്കുന്ന ലീഗായി ബുണ്ടസ് ലീഗ അറിയപ്പെടുമ്പോഴും ലെവർകുസന്റെ സ്ഥിതി മറ്റൊന്നാണ്. എന്നാൽ കളിവൈഭവത്തിനായി വലിയ സാമ്പത്തിക പിന്തുണ നൽകാത്ത ഒരു മാനേജ്മെന്റിന് ടീം നൽകാനൊരുങ്ങുന്നത് വിലമതിക്കാനാത്ത സമ്മാനമാണ്. പേരുകേട്ട വമ്പൻ നിരയൊന്നുമില്ലാത്ത ലെവർകുസനെ സുന്ദരമായി ഫുട്ബോൾ കളിക്കാൻ പ്രാപ്തനാക്കിയത് സാബി അലോൻസോ എന്ന പരിശീലകനാണ്.
സാബി അലോൻസോ എന്ന സ്പാനിഷ് മിഡ്ഫീൽഡറുടെ കളിയഴകിന് ഫുട്ബോൾ ലോകം സാക്ഷിയായവരാണ്. ലോകകപ്പിലും യൂറോകപ്പിലുമെല്ലാം സ്പാനിഷ് മധ്യനിരയിൽ കളിമെനഞ്ഞ ടാക്റ്റിക്കൽ ജീനിയസിന്റെ തന്ത്രങ്ങൾ ലെവർകുസനിലുടെ ലോകം വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ്.
പേരുകേട്ട താരനിരയൊന്നും ഇല്ലാത്ത ബയേർ ലെവർകുസനെ സുന്ദരമായ ഫുട്ബോൾ കളിക്കുന്നതിലേക്കുള്ള പരിവർത്തനം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? എതിരാളികൾ എത്ര ശക്തരായാലും പോരാട്ടവീര്യം പുറത്തെടുത്ത് വിജയം മാത്രം ആഗ്രഹിക്കുന്ന ടീമാക്കി മാറ്റിയത് എങ്ങനെയായിരിക്കും. തുടക്കത്തിൽ ഡിഫൻസിവായി കളിച്ച് കൗണ്ടർ അറ്റാക്കിങ്ങ് ഫുട്ബോൾ കളിച്ചിരുന്ന ആലോൻസോ പിന്നീട് പല തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്ന് സ്വന്തമായിട്ടൊരു ശൈലി രൂപപ്പെടുത്തുകയായിരുന്നു. അതോടൊപ്പം തന്നെ കളിക്കാരെ കൃത്യമായ പൊസിഷൻ സ്വീകരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി എല്ലാ സമയത്തും എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുന്ന ടീം മൂവ്മെന്റ്സ് നടത്തുന്ന അലോൻസോ ശൈലി.
സാഹചര്യങ്ങൾക്ക് അനുസരിച്ച് 3-4-3, 4-2-4 എന്നി ഫോർമേഷനുകളിലായി ഡബിൾ പിവോട്ട്സ് അറ്റാക്കാണ് ആലോൻസോ ഫുട്ബോളിന്റെ പ്രധാന സവിശേഷതയായിട്ട് വിദഗ്ധർ പറയുന്നത്. ഒറ്റനോട്ടത്തിൽ സാബിയുടെ ശൈലിയിൽ വലിയ പുതുമയൊന്നും കാണാനാകില്ല. എന്നാൽ, തന്റെ ശൈലിക്കൊത്ത കളിക്കാരെ ടീമിലെത്തിക്കാനും അത് ഭംഗിയായി നടപ്പാക്കാനും കഴിയുന്നിടത്താണ് സാബിയും ലെവർകുസനും വിജയഗാഥ രചിക്കുന്നത്.
ഒരു ഫസ്റ്റ് ടീമിനെ പോലും പരിശീലിപ്പിച്ച പരിചയമില്ലാതെയാണ് ആലോൻസോ 2022 ഒക്ടോബറിൽ ബയേർ ലെവർകുസന്റെ പുതിയ പരിശീലകനായി എത്തുന്നത്. 2022/23 സീസണിൽ ബുണ്ടസ് ലീഗിലെ തരംതാഴ്ത്തൽ മേഖലയിൽ നിന്നും ലെവർകുസനെ രണ്ടാം സ്ഥാനത്തെത്തിച്ചാണ് പരിശീലക കുപ്പായത്തിലേക്കുള്ള വരവറിയിച്ചത്. അലോൻസോയിൽ അർപ്പിച്ച ക്ലബിന്റെ വിശ്വാസവും താരത്തിന്റെ ചിന്തകളും ലെവർകുസന്റെ വിധി മാറ്റുകയായിരുന്നു. നിലവിൽ 21 മത്സരങ്ങളിൽ പൂർത്തിയാകുമ്പോൾ ഒരു തോൽവി പോലും അറിയാതെയാണ് അലോൻസോയുടെ യുവനിര ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. സീസണിലാകെ തോൽവിയറിയാത്ത 31 മത്സരങ്ങളുമായി യൂറോപ്യൻ ഫുട്ബോളിൽ തോൽവിയറിയാത്ത ഏക ടീമും ബയേർ ലെവർകുസനാണ്.
ചരിത്രപുസ്തകത്തിൽ വലിയ സ്ഥാനമൊന്നുമില്ലാത്ത ബയേർ ലെവർകുസൻ സാബിയുടെ തോളിലേറി മുന്നോട്ട് കുതിക്കുകയാണ്. ഈ പ്രയാണത്തിൽ ഫ്ലോറിയൻ വിർട്സ്, ഗ്രനിറ്റ് ഷാക്ക, ബോനിഫെസ്, ഗ്രിമാൾഡോ, ജെറമി ഫ്രിംപോങ് എന്നിവരെല്ലാം സാബിയുടെ ആവനാഴിയിലെ വജ്രായുധങ്ങളാണ്. ഈ മികച്ച താരങ്ങളെയെല്ലാം ഒരു മാലയിലെന്ന പോലെ കോർത്തിണക്കി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് സാബി. ഭാഗ്യം കൂടെ തുണച്ചാൽ സാധ്യമാകുന്നത് ലോകം എന്നും ഓർക്കുന്ന ചരിത്രമായിരിക്കും.
Story highlights : Xabi Alonso’s impact in Bayer Leverkusen