തുടർച്ചയായ പന്തിൽ സിക്സും ഫോറും; ടെസ്റ്റ് കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറിയുമായി യശസ്വി ജയ്സ്വാൾ..!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ആദ്യ ഇന്നിങ്സിന്റെ 102-ാം ഓവര്‍. 191 റണ്‍സുമായി യുവതാരം യശസ്വി ജയ്സ്വാള്‍ ക്രീസില്‍ തുടരുകയാണ്. ഇംഗ്ലണ്ടിനായി പന്തെറിയാന്‍ എത്തുന്നത് 20-കാരനായ ഓഫ് സ്പിന്നര്‍ ഷൊയ്ബ ബഷീര്‍. ആദ്യ ദിനത്തില്‍ ഇംഗ്ലീഷ് ബോളര്‍മാരെ കരുതലോടെ നേരിട്ട ജയ്സ്വാള്‍, യുവതാരത്തിന്റെ ആദ്യ പന്ത് സിക്സറിനും രണ്ടാം പന്ത് ബൗണ്ടറി നേടിയതോടെ വിശാഖപട്ടണത്ത് പിറന്നത് ചരിത്രം. 22-കാരനായ യശസ്വി ജയ്സ്വാള്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണ് പിറന്നത്. ( Yashasvi Jaiswal maiden double hundred )
277 പന്തുകള്‍ നേരിട്ടാണ് ജയ്സ്വാള്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 179 റണ്‍സുമായി രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച താരം കരുതലോടെയാണ് ഇന്ന് ബാറ്റ് വീശി തുടങ്ങിയത്. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണെയും ഷൊയ്ബ് ബഷീറിനെയും ശ്രദ്ധയോടെ താരം നേരിട്ടു. ഇതിനിടയിലാണ് താരം കളിയുടെ വേഗം കൂട്ടിയതും ഷൊയ്ബ് ബഷീറിന്റെ പന്തുകള്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ പറത്തിയതും ഇരട്ട സെഞ്ച്വറിയിലേക്ക് എത്തിയത്. 19 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിങ്സ്. 290 പന്തില്‍ 209 റണ്‍സടിച്ച യശസ്വിയെ ആന്‍ഡേഴ്സന്റെ പന്തില്‍ ജോണി ബെയര്‍സ്റ്റോ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
കളിക്കുന്ന ആറാമത്തെ മാത്രം ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍ നിന്നും ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും ഇതോടെ ജയ്സ്വാളിനെ തേടിയെത്തി. ടെസ്റ്റ് കരിയരിലെ പത്താം ഇന്നിങ്സിലാണ് ജയ്സ്വാള്‍ ആദ്യ ഡബിള്‍ സെഞ്ച്വറി തികച്ചത്. മൂന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറിയിലെത്തിയ കരുണ്‍ നായരാണ് പട്ടികയിലെ ഒന്നാമന്. വിനോദ് കാംബ്ലി (4), സുനില്‍ ഗവാസ്കര്‍, മായങ്ക് അഗര്‍വാള്‍ (8), ചേതേശ്വര്‍ പുജാര (9) എന്നിവരാണ് പട്ടികയില്‍ ജയ്സ്വാളിനേക്കാള്‍ കുറഞ്ഞ ഇന്നിങ്സില്‍ ഡബിള്‍ സ്ഞ്ച്വറിയിലെത്തിയത്.
യശസ്വി ജയ്സ്വാളിന്റെ കന്നി ഇരട്ടസെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് നേടിയത്. ഒരു വശത്ത് ജയസ്വാള്‍ നിലയുറപ്പിച്ചെങ്കിലും മറ്റു ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്താതിരുന്നതാണ് ഇന്ത്യയെ 400 റണ്‍സിനെ താഴെ ഒതുക്കിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്ഡേഴ്സണ്, ഷൊയ്ബ ബഷീര്‍, റിഹാന് അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി.
Story highlights : Yashasvi Jaiswal maiden double hundred