ഫ്രയിമുകളും അഭിനയമികവും ഒരുപോലെ മികവോടെ; വിസ്മയമായി ‘ആടുജീവിതം’ ട്രെയ്‌ലർ

March 9, 2024

ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 28 ന് തിയേറ്ററുകളിലേക്ക് എത്തുന്ന ഈ അഭിലഷണീയ സിനിമയുടെ ട്രെയ്‌ലർ ഇപ്പോഴിതാ, പ്രേക്ഷകരിലേക്ക് എത്തി.

ഫ്രയിമുകളും അഭിനയമുഹൂർത്തങ്ങളും കൊണ്ട് ചിത്രം വിസ്മയം തീർക്കുമെന്നതിൽ സംശയംവേണ്ട. അത്ര മനോഹരവും ആഴത്തിൽ സ്പർശിക്കുന്ന തരത്തിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത്രയധികം തടസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വേറെയില്ല. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവൻ വിദേശ ഷെഡ്യൂളും നാട്ടിലെ ഷെഡ്യൂളും 2022 പകുതിയോടെയാണ് അവസാനിച്ചത്.

ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ബ്ലെസിയാണ് ‘ആടുജീവിതം’ സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഈ വേഷത്തിനായി ശരീരഭാരം കുറച്ച് രൂപാന്തരം വരുത്തിയത് ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷത്തിലധികം ചിത്രത്തിന്റെ നിർമ്മാണം നീണ്ടുപോയിരുന്നു. എആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രവർത്തകർ.

Read also: ഭിന്നശേഷിക്കാരിയായ കുട്ടിക്ക് പരീക്ഷ സഹായിയായി 4-ാം ക്ലാസുകാരി; സന്തോഷം പങ്കിട്ട് അമ്മ

അതേസമയം, ജോർദാനിൽ ലോക്ക് ഡൗൺ പ്രതിസന്ധി കാരണം രണ്ടുമാസത്തോളം കുടുങ്ങികിടക്കേണ്ടി വന്നിരുന്നു ആടുജീവിതം ടീമിന്. അതിനുശേഷമായിരുന്നു ‘ആടുജീവിതം’ ടീം കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അമല പോൾ ആണ്.

Story highlights- Aadujeevitham The Goat Life Official trailer