മൈ ഡിയർ കുട്ടിച്ചാത്തനിലെ കുഞ്ഞ് താരം; പിൽക്കാലത്ത് ഹിറ്റ് സംവിധായകൻ- സൂര്യ കിരണിന്റെ അകാല വിയോഗത്തിൽ സിനിമാലോകം
മുൻ ബാലതാരവും സംവിധായകനുമായ സൂര്യ കിരൺ മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ച ചെന്നൈയിൽ അന്തരിച്ച വാർത്ത സിനിമാലോകത്തിന് വലിയ നൊമ്പരമാണ് സമ്മാനിച്ചത്. 48 വയസായിരുന്നു. മലയാള സിനിമയിൽ ആയിരുന്നു തുടക്കം. 1978-ൽ പുറത്തിറങ്ങിയ സ്‌നേഹിക്കൻ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കിരൺ അരങ്ങേറ്റം കുറിച്ചത്. 3D ഫോർമാറ്റിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാളം ഫാൻ്റസി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി ആണ് അദ്ദേഹം എല്ലാവര്ക്കും സുപരിചിതൻ.
ബാലതാരമായി വിവിധ ഭാഷകളിലെ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങളിൽ സൂര്യ കിരൺ അഭിനയിച്ചിരുന്നു. കമൽഹാസൻ, രജനികാന്ത്, ശിവാജി ഗണേശൻ, ഭാഗ്യരാജ്, അമിതാഭ് ബച്ചൻ എന്നിവർക്കെല്ലാം ഒപ്പം സൂര്യ കിരൺ വേഷമിട്ടിരുന്നു. പിൽക്കാലത്ത് സംവിധാനത്തിലാണ് അദ്ദേഹം തിളങ്ങിയത്. 2003ൽ പുറത്തിറങ്ങിയ സത്യം എന്ന ചിത്രത്തിൽ ആയിരുന്നു തുടക്കം.
പിന്നീടുള്ള സിനിമകളിൽ അദ്ദേഹത്തിന് കാര്യമായ വിജയം ആവർത്തിക്കാൻ കഴിയാതെ വന്നതോടെ സിനിമാലോകത്തുനിന്നും നീണ്ട ഇടവേളയെടുത്തു. പിന്നീട് ഒരു റിയാലിറ്റി ഷോയിലൂടെ സജീവമായി. നടി സുചിത സഹോദരിയാണ്. നടി കാവേരിയെ ആയിരുന്നു സൂര്യ കിരൺ വിവാഹം കഴിച്ചിരുന്നത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.
Story highlights- actor director surya kiran passes away