വിവാഹ ആ​ഘോഷത്തിനിടെ വൈകാരിക വാക്കുകളുമായി ആനന്ദ് അംബാനി; കണ്ണുനിറഞ്ഞ് മുകേഷ് അംബാനി..

March 3, 2024

ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും പ്രീവെഡ്ഡിങ് ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ നിറയുന്നത്. ജൂലൈ 12ന് മുംബൈയിലാണ് വിവാഹം നടക്കുന്നത്. എന്നാൽ മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിലായി ​ഗുജറാത്തിവെ ജാംനഗറിൽ നടക്കുന്ന‌ ആഘോഷത്തോടെ വിവാഹച്ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. അതായത് മാസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇരു കുടുംബവും പദ്ധതിയിട്ടിരിക്കുന്നത്. മുകേഷ് അംബാനിയുടെ കുടുംബത്തിലെ അവസാന വിവാഹം കൂടിയാണ് ഇത് എന്നത് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുമെന്നത് ഉറപ്പാണ്. ( Anant Ambani’s speech made Mukesh Ambani emotional )

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലെ ആനന്ദ് അംബാനിയുടെ പ്രസംഗമാണ് ഇപ്പോൾ വൈറലായിട്ടുള്ളത്. മകന്റെ പ്രസംഗം കേട്ട് നിറകണ്ണുകളോടെ സദസിലിരിക്കുന്ന മുകേഷ് അംബാനിയേയും വീ‍ഡിയോയിൽ കാണാം. ചെറുപ്പം മുതൽ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയ ആനന്ദ് അംബാനി ഇക്കാലയളവിൽ മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയേക്കുറിച്ചാണ് സംസാരിക്കുന്നത്. തനിക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്ത കുടുംബമാണ് തന്റേതെന്നാണ് ആനന്ദ് അംബാനി പറയുന്നു. ജീവിതത്തിൽ പലകാര്യങ്ങളും അത്ര എളുപ്പമായിരുന്നില്ലെന്നും ആനന്ദ് കൂട്ടിച്ചേർത്തു.

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയത് അമ്മ നിത അംബാനിയാണെന്നും ആനന്ദ് പറയുന്നുണ്ട്. നാല് മാസത്തോളമായി ദിവസവും പതിനെട്ടും പത്തൊമ്പതും മണിക്കൂറുകളാണ് ഒരുക്കങ്ങൾക്കായി അമ്മ മാറ്റിവച്ചത്. മൂന്ന് മാസത്തോളമായി കുടുംബത്തിലെ എല്ലാ അം​ഗങ്ങളുടെയും ഉറക്കം മൂന്ന് മണിക്കൂറിൽ കുറവാണ്. രാധികയെ വധുവായി ലഭിക്കുന്നതിൽ താൻ വളരെയധികം ഭാഗ്യവാനാണെന്നും ആനന്ദ് പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തോളമായി പരസ്പരം അറിയാമെങ്കിലും ഇന്നലെ കണ്ടതുപോലെയാണ് തോന്നാറുള്ളതെന്നും ആനന്ദ് കൂട്ടിച്ചേർത്തു.

Read Also : ആനന്ദ് അംബാനി- രാധിക വിവാഹത്തിന് എങ്ങനെ വസ്ത്രം ധരിക്കണം? അതിഥികൾക്ക് മാർഗ്ഗനിർദേശങ്ങളുമായി 9 പേജുള്ള ബുക്‌ലെറ്റ്!

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രീവെഡ്ഡിങ് ആഘോഷത്തിൽ പങ്കെടുക്കാനായി പ്രമുഖരാണ് ജാംന​ഗറിൽ എത്തിയിട്ടുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ബ്ലാക്ക്റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്സ്റ്റോൺ ചെയർമാൻ സ്റ്റീഫൻ ഷെവർസ്മൻ, ഡിസ്നി സിഇഒ ബോബ് ഇഗർ, ഇവാൻക ട്രംപ്, മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയർമാൻ ബ്രിയാൻ തോമസ് മോയ്നിഹാൻ തുടങ്ങി സിനിമ കായിക രംഗത്തെ പ്രമുഖരാണ് ജാംനഗറിലെ ആഘോഷത്തിനായി എത്തിയിട്ടുണ്ട്. വിഖ്യാത പോപ് ​ഗായിക റിയാന്നയുടെ സം​ഗീതപരിപാടിയും ആഘോഷത്തിന് മിഴിവേകി.

Story highlights : Anant Ambani’s speech made Mukesh Ambani emotional