ഇവിടെയത്തിയാൽ വടക്കുനോക്കി യന്ത്രങ്ങളും ഫോണുകളും നിശ്ചലമാകും; ഇത് ജപ്പാനിലെ ‘ആത്മഹത്യാവനം’
‘മഞ്ഞുമ്മല്‍ ബോയ്സ്’ മലയാള സിനിമയുടെ സീന്‍ മാറ്റിയതോടെ കൊടൈക്കനാലിലും ഗുണ കേവിലുമെല്ലാം സഞ്ചാരികളുടെ തിരക്കാണ്. മരണം വിരുന്നൊരുക്കുന്ന ഗുണ കേവിനെക്കുറിച്ചും അവിടെ സംഭവിച്ച അപകടങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യാത്തവര്‍ വളരെ കുറവായിരിക്കും. അതോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിഗുഡതകള്‍ നിറഞ്ഞ മേഖലകളും അവിടെ സംഭവിച്ച അപകടങ്ങളുമെല്ലാം നമുക്കിടയില്‍ ചര്‍ച്ചവിഷയമായി മാറി. അത്തരത്തില്‍ ഗുണകേവ് പോലെയോ അതിനെക്കാളോ ഭയാനകവും ഭീകരവുമായ നിരവധി മേഖലകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ( Aokigahara suicide forest in Japan )
അത്തരത്തില്‍ നിഗൂഢമായ കഥകളാല്‍ സമ്പന്നമായ ഒരു കൊടുംവനം സ്ഥിതിചെയ്യുന്നുണ്ട്. ഈ വനത്തിനുള്ളിലേക്ക് പോയവരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് തിരികെ വന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജപ്പാനിലെ ആവോകിഗഹര വനം ‘വൃക്ഷസാഗരം’ എന്നും ‘ആത്മഹത്യ വനം’ എന്നൊക്കെയാണ് അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനവും ഈ വനത്തിനാണ് എന്നാണ് പറയുന്നത്.
യുഎസിലെ ഗോള്‍ഡന്‍ ഗേറ്റ് പാലം ആയിരുന്നു ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ആത്മഹത്യാശ്രമങ്ങള്‍ തടയാനായി അധികൃതര്‍ ഇപ്പോള്‍ വലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്കെതിരെയുള്ള ബോധവല്കരണം ഉള്‍പ്പെടുന്ന ബോര്‍ഡുകളും പോസ്റ്ററുകളുമെല്ലാം അധികൃതര്‍ ആവോകിഗഹര വനത്തിന് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. കാരണം ഈ വനത്തിന്റെ ഭീതിപ്പെടുത്ത അന്തരീക്ഷങ്ങളും ചുറ്റുപാടുകളും ആളുകളില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ക്ക് കാരണമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍നിന്ന് രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ ആവോകിഗഹര വനത്തില്‍ എത്താം. 35 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ് നില്ക്കുന്നതിനാല് മരങ്ങളുടെ സമുദ്രം എന്ന പേരിലും അറിയപ്പെടുന്നു. അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതോടെ ഈ മേഖലയില്‍ വലിയ തോതില്‍ കാന്തിക മൂലകങ്ങളുടെ നിക്ഷേപമുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ വടക്കുനോക്കി യന്ത്രങ്ങളും മറ്റുപകരണങ്ങളും പ്രവര്‍ത്തിക്കില്ല എന്ന് മാത്രമല്ല മൊബൈല്‍ ഫോണുകള്‍ക്ക് സിഗ്നലും കിട്ടില്ല എന്നതും ഈ കാട്ടിലേക്കുള്ള യാത്ര ദുഷ്കരമാക്കും.
Read Also : 15 വർഷങ്ങൾക്ക് മുൻപ് ലോകത്തെ നടുക്കിയ സംഭവം; അമേരിക്കയിലെ ‘ഗുണാ കേവ്’ ദുരന്തം
ഇടതൂര്‍ന്ന മരങ്ങളൊരുക്കുന്ന കെണിയില്‍, വന്നവഴി കണ്ടുപിടിക്കുക അസാധ്യമായ കാര്യമാണ്. ചുരുക്കത്തില്‍, ഇതിനുള്ളിലേക്ക് കയറുന്നവര്‍ക്ക് പുറത്തേക്കിറങ്ങുക ബുദ്ധിമുട്ടായിരിക്കും. എന്നാല്‍, സാഹസികരായ ചില വിനോദസഞ്ചാരികള്‍ ഈ കാട്ടില്‍ കയറി തിരിച്ചിറങ്ങിയിട്ടുമുണ്ട്. പ്ലാസ്റ്റിക് കയറുകളും ടേപ്പുകളുമൊക്കെ ഉപയോഗിച്ച് വഴി അടയാളപ്പെടുത്തിയാണ് ഇവര്‍ കയറി ഇറങ്ങിയത്.
Story highlights : Aokigahara suicide forest in Japan