സൗന്ദര്യ മത്സരവേദികളും സിനിമയും ഉപേക്ഷിച്ചു; ആഡംബരങ്ങളില്ലാതെ ബുദ്ധസന്യാസിനിയായ നടി
പുതിയ നായികമാർ ധാരാളം ഉദയംകൊണ്ട വർഷങ്ങളായിരുന്നു തൊണ്ണൂറുകൾ. അവരിൽ പലരും ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുകയും രാജ്യത്തിന് അഭിമാനമാകുകയും ചെയ്തു. സുസ്മിത സെൻ, ദിവ്യ ഭാരതി, പൂജ ബത്ര, നഗ്മ, സീമ ബിശ്വാസ്, നന്ദിത ദാസ്, റാണി മുഖർജി, ഐശ്വര്യ റായ് ബച്ചൻ, പ്രീതി സിൻ്റ എന്നിവരൊക്കെ ഈ കാലഘട്ടത്തിൽ വന്നവരാണ്. നടിമാർക്കിടയിൽ മുൻനിരയിലേക്ക് എത്തുന്നതിനുള്ള മത്സരങ്ങൾ ശക്തമായിരുന്ന കാലത്ത് വലിയ ബഹളങ്ങളില്ലാത്ത കടന്നുവന്ന നടിയായിരുന്നു ബർഖ മദൻ. ഇന്നവർ ഒരു ബുദ്ധസന്യാസിനിയാണ്. യഥാർത്ഥ നാമം ഉപേക്ഷിച്ച് ‘ഗയാൽട്ടൻ സാംതെൻ’ എന്നാണ് അറിയപ്പെടുന്നത്.
1996-ൽ അക്ഷയ് കുമാർ, രവീണ ടണ്ടൻ, രേഖ തുടങ്ങിയവർക്കൊപ്പം ‘ഖിലാഡിയോൻ കാ ഖിലാഡി’ എന്ന ചിത്രത്തിലൂടെ ബർഖ മദൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ ജെയ്ൻ എന്ന കഥാപാത്രത്തെ ബർഖ അവതരിപ്പിച്ചു. അത് ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രമായി മാറി. എന്നിരുന്നാലും, സിനിമാ മേഖലയിലെ കടുത്ത മത്സരം കാരണം അടുത്ത ആറ് വർഷത്തേക്ക് അവർക്ക് ഒരു വേഷം ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട്, ഭൂത് എന്ന സിനിമയിലാണ് നടി വേഷമിട്ടത്. അതോടൊപ്പം നിരവധി സിനിമാക്കൽ ചെയ്തു. എന്തൊക്കെയോ പ്രത്യേകതകൾകൊണ്ട് സിനിമയിൽ ഇല്ലെങ്കിൽ പോലും ആളുകൾ ഓർക്കുന്ന ഒരു പേരും മുഖവുമായിരുന്നു ബർഖ മദന്റെത്.
ഹിന്ദി ചലച്ചിത്രമേഖലയിൽ കടന്നുവരുന്നതിന് മുൻപ് ബർഖ മദൻ വർഷങ്ങളോളം മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. 1994-ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു ബർഖ. സുസ്മിത സെൻ ആ മത്സരത്തിൽ കിരീടമണിഞ്ഞപ്പോൾ ഐശ്വര്യ റായ് ഫസ്റ്റ് റണ്ണറപ്പായി. ബർഖ, മിസ് ഇന്ത്യ ടൂറിസമായി തിരഞ്ഞെടുക്കപ്പെട്ടു.
Read also: കോപ്പി ലുവാക്; ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി, നിർമാണം മരപ്പട്ടിയുടെ വിസർജ്യത്തില് നിന്ന്
2012-ൽ ബർഖ മദൻ താൻ അഭിനയം നിർത്തി സിനിമാലോകം വിടുന്നതായി പ്രഖ്യാപിച്ചു. നിരവധി സിനിമ പ്രോജക്ടുകൾ ലഭിക്കുന്ന സമയത്തായിരുന്നു ഈ പ്രഖ്യാപനം. ലാമ സോപാ റിൻപോച്ചെയുടെ മേൽനോട്ടത്തിൽ, ബർഖ മദൻ കർണാടകയിലെ സെരാ ജെയ് മൊണാസ്ട്രിയിലെ ഹാർഡോങ് ഖാങ്സെനിൽ ബുദ്ധ സന്യാസിയായി മാറുകയും പേര് മാറ്റുകയും ചെയ്തു. ഇപ്പോൾ ആശ്രമത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നിത്യേന അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
Story highlights- barkha madan nun life