കോപ്പി ലുവാക്; ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി, നിർമാണം മരപ്പട്ടിയുടെ വിസർജ്യത്തില്‍ നിന്ന്

March 5, 2024

ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി പൊടി ഏതാണെന്ന് അറിയുമോ..? അതൊരു ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്നാണ് ഉണ്ടാക്കുന്നതെന്ന് അറിയുമ്പോഴാണ് നാം ശരിക്കും അത്ഭുതപ്പെടുക. യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് നാടുകളിലും കോടീശ്വരന്മാരുടെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നുമാണ് ഈ കാപ്പി. ലുവാക് കോഫി, സിവറ്റ് കോഫി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത് അമൂല്യമായ പാനീയങ്ങളില്‍ ഒന്നാണ് അറിയപ്പെടുന്നത്. ( Kopi Luwak world’s most expensive coffee )

നമുടെ നാട്ടിലെ ആവാസ വ്യവസ്ഥയില്‍ സുലഭമായിട്ടുള്ളതും എന്നാല്‍ അത്രപെട്ടെന്ന് മുന്നില്‍പെടാത്തതുമായ ജീവിയാണ് മരപ്പട്ടി. വെരുക് എന്ന പേരിലും അറിയപ്പെടുന്ന ഈ മരപ്പട്ടിയെ ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി തയാര്‍ ചെയ്യുന്ന രീതിയ്ക്ക് തുടക്കമായത്. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂര്‍ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീന്‍സിലുമൊക്കെ ഈ രീതിയില്‍ കാപ്പിപ്പൊടി തയ്യാറാക്കുന്നുണ്ട്.

‘കോഫി ലുവാക്’ പ്രത്യേകയിനം കോഫിയല്ല. ‘സുമാത്രേയന്‍’ എന്ന പ്രത്യേകതരം ഉല്‍പാദനരീതിയാണ്. കോഫി അറബിക്ക എന്ന സാധാരണ കാപ്പിക്കുരു, സുമാത്രയന്‍ രീതിയില്‍ മരപ്പട്ടിയെ കാണ്ട് തീറ്റിക്കും. പഴം തിന്നികളായ മരപ്പട്ടിയുടെ മുഖ്യആഹാരമാണ് വിളഞ്ഞ കാപ്പിക്കുരു. തുടര്‍ന്ന് ഈ ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്ന് ആ കാപ്പിക്കുരു വീണ്ടെടുക്കും.

ഈ പ്രക്രിയയിലൂടെ രണ്ട് തരത്തിലാണ് കാപ്പിയുടെ ഗുണമേന്മ വര്‍ധിക്കുന്നത്. നല്ലതുപോലെ വിളഞ്ഞുപഴുത്ത കാപ്പിക്കുരു മാത്രമാണ് ഈ ജീവികള്‍ കഴിക്കുന്നത് എന്നതാണ് അതിന്റെ സവിശേഷത. മരപ്പട്ടിയുടെ ആമാശയത്തിലെ ദഹനപ്രക്രിയ കാപ്പിയുടെ മണവും ഗുണവും രുചിയും വര്‍ധിപ്പിക്കും എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഈ ജീവിയുടെ ആമാശയത്തിലെ ‘പാട്ടിയോലേസ്’ എന്ന എന്‍സൈം കാപ്പിക്കുരുവില്‍ അടങ്ങിയ പെപ്‌ടൈഡ്‌സിനെ സ്വതന്ത്ര അമിനോ ആസിഡുകളാക്കി മാറ്റുമ്പോഴാണ് മേല്‍പറഞ്ഞ ഗുണങ്ങളെല്ലാം ലഭിക്കുന്നത്. മരപ്പട്ടിയുടെ കുടലിന്റെ പ്രത്യേകത കാരണം മറ്റു വിസര്‍ജ്യം കലരാതെ പുറംതള്ളപ്പെടുന്ന കാപ്പിക്കുരു ശേഖരിച്ച് കഴുകിയുണക്കി റോസ്റ്റ് ചെയ്താണ് അമൂല്യമായ ലുവാക് കോഫി ഉണ്ടാക്കുന്നത്.

Read Also : അവരുടെ ഭാഷയും സംസ്കാരവും അവർക്ക് മാത്രം; ലോകത്തിൽ നിന്നും ഒറ്റപ്പെട്ട ​ഗോത്രങ്ങളെ അറിയാം

ലുവാക് കോഫിയുടെ കഥ..!

18-ാം നൂറ്റാണ്ടില്‍ ഡച്ചുകാരാണ് യെമനില്‍ നിന്നും മറ്റുമായി കാപ്പിക്കുരുക്കള്‍ എത്തിച്ച് ഇന്തോനേഷ്യയിലെ ജാവായിലും സുമാത്രായിലും ഫാമിങ് ആരംഭിച്ചത്. 1870-ല്‍ ഡ്ച്ചുകാര്‍ തദ്ദേശീയരായ കാപ്പി കര്‍ഷകരോട് കാപ്പിചെടിയില്‍ നിന്ന് സ്വന്തം ആവശ്യത്തിന് കാപ്പിക്കുരു ശേഖരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ഈ സാഹചര്യത്തിലാണ് തദ്ദേശീയര്‍ ചെടിയില്‍ നിന്ന് നേരിട്ട് കാപ്പിക്കുരു പറിക്കാതെ മരപ്പട്ടിയെ കൊണ്ട് തീറ്റിച്ച് അതിന്റെ വിസര്‍ജ്യത്തില്‍നിന്ന് കുരു വീണ്ടെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്. പില്‍ക്കാലത്ത് ലുവാക് കോഫിയുടെ രുചിയും മണവും തിരിച്ചറിഞ്ഞ ഡച്ചുകാരും ഈ അസാധാരണ കോഫി ഉല്പാദനം ആരംഭിച്ചു എന്നാണ് കഥ. കിലോയ്ക്ക് 100 ഡോളര്‍ മുതല്‍ 1300 ഡോളര്‍ വരെ വിപണിയില്‍ വില വരുന്ന കോപ്പി ലുവാക് വകഭേദങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

Story highlights : Kopi Luwak world’s most expensive coffee