‘ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവൽ’; വിവാദത്തിൽ പ്രതികരണവുമായി ബെന്യാമിൻ
ആടുജീവിതം നോവല്‍ സിനിമയായി വെള്ളിത്തിരയിലെത്തിയതിന് പിന്നാലെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ വിശദീകരണവുമായി എഴുത്തുകാരന് ബെന്യാമിന്. ആടുജീവിതം തന്റെ നോവല്‍ മാത്രമാണെന്നും അതില്‍ അനേകം പേരുടെ പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ വീണ്ടും പറയുന്നുവെന്നാണ് ഫേസ്ബുക്ക് പങ്കുവച്ച കുറിപ്പിലൂടെ നല്കിയ വിശദീകരണം. ( Benyamin reacts to the Aadujeevitham controversy )
ആടുജീവിതം സിനിമ റിലീസായതോടെ ആടുമായി നോവലിലെ നായകന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയായ ഷുക്കൂര്‍ പ്രവാസ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ ആധാരമാക്കിയാണ് ബെന്യാമിന് ആടുജൂവിതം എഴുതിയതെന്നായിരുന്നു പ്രേക്ഷകര്‍ വിലയിരുത്തപ്പെട്ടിരുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ പ്രൊമേഷന് പരിപാടികള്‍ക്കിടയില്‍ നോവലിലെ നായകന് ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം ചില മാധ്യമങ്ങളടക്കം അദ്ദേഹത്തോട് ചോദിച്ചത് വിവാദമായിരുന്നു. ആടുജീവിതം സിനിമക്കായി ഈ രംഗം ചിത്രീകരിച്ചതായി ബെന്യാമിനും ഇല്ലെന്ന് സംവിധായകന് ബ്ലെസിയും പറഞ്ഞതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രേക്ഷകരുടെ തെറ്റിദ്ധാരണ മാറ്റുന്നതിന് കൂടിയാണ് ബെന്യമിന്റെ പ്രതികരണം.
‘എന്റെ കഥയിലെ നായകന് നജീബാണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുപ്പത് ശതമാനത്തിലും താഴെ മാത്രമാണ് അതില്‍ ഷുക്കൂറുള്ളത്. ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിന് വിശദീകരണങ്ങളുമുണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക’ കുറിപ്പില്‍ ബെന്യാമിന് പറഞ്ഞു.
അതേസമയം, നജീബിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് നടക്കാന്‍ സഹായിച്ച കുഞ്ഞിക്കയാണെന്ന് പറഞ്ഞു രംഗത്തെത്തിയ ആളെ താന്‍ ഒരു കഥയും കേള്‍ക്കാന്‍ സമീപിച്ചിട്ടില്ലെന്നും ബെന്യാമിന് പറഞ്ഞു. ‘ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതില്‍ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാന്‍ ഒരു കഥയും കേള്‍ക്കാന്‍ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാന്‍ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ..’ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ബെന്യമിന് പറഞ്ഞു.
Story highlights : Benyamin reacts to the Aadujeevitham controversy