നജീബ് നേരിട്ട ദുരനുഭവങ്ങളുടെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തരുത്: നടൻ റിക്ക് ആബേ

March 30, 2024

ആടുജീവിതത്തിലെ യഥാര്‍ഥ നജീബ് നേരിട്ട ദുരനുഭവത്തിന്റെ പേരില്‍ ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുതെന്ന് സിനിമയില്‍ അഭിനയിച്ച അറബ് നടന്‍ റിക്ക് ആബെ. ദുബായില്‍ വച്ചാണ് നടന്റെ പ്രതികരണം. ആടുജീവിതത്തിലെ പൃഥ്വിരാജിന് യഥാര്‍ഥ നജീബുമായുള്ള സാമ്യം അമ്പരിപ്പിച്ചെന്നും സംവിധായകന്‍ ബ്ലെസിയും പൃഥിരാജും എടുത്ത പ്രയ്തനം അത്ഭുതപ്പെടുത്തിയെന്നും ആബെ പറഞ്ഞു. ( Arab actor Rik Aby about Aadujeevitham movie )

താനുള്‍പ്പെടെയുളള ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കാത്തിരുന്ന ദിവസം വന്നെത്തിയതിന്റെ സന്തോഷത്തിലായിരുന്നു റിക്ക് ആബേ. സിനിമയില്‍ നജീബ് കഴിയുന്ന മസ്‌റയിലെ ജൂനിയര്‍ കഫീലിന്റെ വേഷം മനോഹരമായി വെളളിത്തിരയിലെത്തിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇതിനോടകം കയറിക്കഴിഞ്ഞ റിക്ക് ആബേയ്ക്ക് അന്നത്തെ ഷൂട്ടിങ്ങ് സമയത്ത് സംവിധായകനും പ്രിഥ്വിരാജും എടുത്ത പ്രയത്‌നം പറയുമ്പോള്‍ നൂറ് നാവാണ്. നജീബിനുണ്ടായ ദുരനുഭവം ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാമെന്നും എന്നാല്‍, നേരിടേണ്ടി വന്ന ക്രൂരതയുടെ പേരില്‍ ഒരു സമുഹത്തെ മുഴുവന്‍ പഴിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആടുജീവിതത്തിലെ യഥാര്‍ഥ നജീബിനെ നേരില്‍ കണ്ടിരുന്നു. പിന്നീട് പൃഥ്വിരാജിനെ കണ്ടപ്പോള്‍ തനിക്ക് രണ്ട് പേരെയും മാറിപ്പോകുന്ന തരത്തില്‍ സാമ്യം അനുഭവപ്പെട്ടു. അസാമാന്യ പ്രതിഭകളാണ് മലയാള സിനിമ പ്രവര്‍ത്തകരെന്നും റിക്ക് ആബേ പറഞ്ഞു. സുഡാന്‍ ബന്ധമുള്ള റിക്ക് ആബേ വര്‍ഷങ്ങളായി യു.എ.ഇയിലാണ് താമസം. ഹോളിവുഡ് സിനിമകള്‍ക്ക് പുറമേ നിരവധി ഇമറാത്തി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read Also : ‘പൃഥിരാജിനെ കണ്ട് കെട്ടിപ്പിടിക്കണം’; ജീവിതം നേർക്കാഴ്ചയായ അനുഭവം പങ്കുവെച്ച് നജീബ്!

ബ്ലെസിയുടെ പതിനാറ് വര്‍ഷത്തെ പ്രയ്തനം മലയാളികളുടെ നിശ്ചയദാര്‍ഢ്യമാണ് വെളിവാക്കുന്നത്. ഇരുപത് വര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് റിക്ക് ഹോളിവുഡ് ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിലും സീരീസുകളിലും ഇതിനോടകം വേഷമിട്ടിട്ടുണ്ട്. മലയാളികള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് അഭിനേതാവെന്ന നിലയില്‍ വളരാന്‍ സഹായിക്കുമെന്നും കൂടുതല്‍ മലയാള സിനിമകളുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും റിക്ക് കൂട്ടിച്ചേര്‍ത്തു.

Story highlights : Arab actor Rik Aby about Aadujeevitham movie