തെരഞ്ഞെടുപ്പിൽ തോറ്റത് 238 തവണ; കെ പത്മരാജൻ ഇത്തവണ ജനവിധി തേടുന്നത് ധർമപുരിയിൽ
തോറ്റവരാണ് എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്, ജയിച്ചവന് എന്നും ചരിത്രത്തിന്റെ ഭാഗമായി മാറിനിന്നിട്ടെയുള്ളു.. തോറ്റവന്റെ ചരിത്രമാണ് എന്നും ജയിക്കാന്‍ വരുന്നവന് പ്രചോദനം. ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ ഈ ഡയലോഗ് ഏതൊരു മലയാളി പ്രേക്ഷകന്റെയും മനസില്‍ മായാതെ നില്ക്കുന്നുണ്ടാകും. അത്തരത്തില്‍ തുടര്‍ച്ചയായി തോല്‍വികളിലും റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ച ഒരാളെ പരിചയപ്പെടാം.. ( Election king Padmarajan who lost 238 times in polls )
രാജ്യം ലോക്സഭ തെരഞ്ഞെടുപ്പ് ചൂടിലാണ്. ഭരണം നിലനിര്‍ത്താനും നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുമുള്ള തന്ത്രങ്ങളുമായിട്ടാണ് ഒരോ പാര്‍ട്ടികളും മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക എന്നത് ഒരു ഹരമായി കരുതുന്ന ആളാണ് തമിഴ്നാട്ടുകാരനായ കെ. പത്മരാജന്. രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിലായി 238 തവണ തോല്‍വി നേരിട്ടിട്ടും ഇത്തവണ വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന 65-കാരനായ പത്മരാജന്റെ 239-ാം തെരെഞ്ഞടുപ്പാണിത്.
1988-ല്‍ സ്വന്തം നാടായ തമിഴ്നാട്ടിലെ മേട്ടൂരില്‍ നിന്ന് ആദ്യമായി മത്സരിച്ച പത്മരാജന് മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയ്, മന്മോഹന് സിങ്, നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തുടങ്ങിയ പ്രമുഖരായ നേതാക്കന്മാര്ക്കെതിരെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി പരാജയം രുചിച്ചിട്ടുണ്ട്. സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്ന ജോലിയാണ് പത്മരാജന് ചെയ്യുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കുക എന്നതാണ് അദ്ദേഹത്തിന് ഏറെ സന്തോഷം നല്കുന്ന കാര്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ പൊതു തെരഞ്ഞെടുപ്പ് വരെ നീളുന്നതാണ് പത്മരാജന്റെ ഇലക്ഷന്. 238 തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പത്മരാജന് ഇലക്ഷന് കിങ് എന്ന വിശേഷണമുണ്ട്.
പ്രമുഖരോടെല്ലാം അങ്കത്തിനിറങ്ങി പരാജയപ്പെട്ടിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ തുടരാന്‍ തന്നെയാണ് പത്മരാജന്റെ തീരുമാനം. മത്സരിക്കുക എന്നതാണ് പ്രധാനം. ജയിക്കുക എന്നത് രണ്ടാമത്തെ കാര്യമാണ്. എതിരാളി ആരാണെന്ന് താന്‍ ഗൗനിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.
Read : സമ്മതിദായകന്റെ ചൂണ്ടുവിരലിലെ മായാത്ത മഷിയടയാളം; അറിയാം മൈസൂരിലെ മഷിക്കമ്പനിയുടെ വിശേഷങ്ങൾ..!
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഇതുവരെ ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. കെട്ടിവയ്ക്കുന്ന പണം പത്മരാജന് തിരിച്ചു കിട്ടാറുപോലുമില്ലെന്നതാണ് സത്യം. ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍, ഓരോ സ്ഥാനാര്‍ത്ഥിയും 16 ശതമാനം വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമെ കെട്ടിവച്ച തുക തിരികെ ലഭിക്കുകയുള്ളു. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ മേട്ടൂരില്‍ നിന്ന് നേടിയ 6273 വോട്ടുകളാണ് പത്മരാജന്റെ ഇലക്ഷന് ഗോദയിലെ മികച്ച പ്രകടനം. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ലിംക ബുക്ക് ഓഫ് റെക്കോഡ് കെ പത്മരാജന്റെ പേരിലാണ്.
Story highlights : Election king Padmarajan who lost 238 times in polls