വേട്ടയാടിയ പക്ഷികളെ തൂവൽ പറിച്ച് തടവിലാക്കും; ‘എലനോറാസ് ഫാൽക്കൻ’ പക്ഷികളിലെ കിഡ്‌നാപ്പർ..!

March 31, 2024

വ്യത്യസ്ത തരത്തിലുള്ള നിരവധി പക്ഷികളാണ് നമുക്ക് ചുറ്റും കാണുന്നത്. ഇവയില്‍ പലതും വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇത്തരത്തില്‍ അതിവിചിത്രമായ സ്വഭാവമുള്ള ഒരു പക്ഷി വിഭാഗമാണ് എലനോറാസ് ഫാല്‍ക്കന്‍. പക്ഷികള്‍ക്കിടയിലെ കിഡ്‌നാപ്പര്‍ എന്ന പേര് എന്തുകൊണ്ടും ഈ പക്ഷികള്‍ അര്‍ഹരാണ്. അതിനൊരു കാരണവമുണ്ട്. തട്ടികൊണ്ടു പോകല്‍ സംഘത്തിന്റെ രീതികള്‍ക്ക് സമാനമാണ് ഈ പക്ഷികളുടെ വേട്ടയാടല്‍. ( Eleonoras falcon Imprisons its Prey )

ഇരകളെ ജീവനോടെ കീഴ്‌പെടുത്തി സുരക്ഷിത സ്ഥലങ്ങളില്‍ തടവിലാക്കുന്നതാണ് ഇവയുടെ രീതി. ഇരകളാകുന്ന ചെറുപക്ഷികളുടെ ശരീരത്തിലെ തൂവലുകള്‍ എല്ലാം പറിച്ചുകളയും എന്നതാണ് അതിന്റെ ഭീകരത വര്‍ധിപ്പിക്കുന്നത്. തുടര്‍ന്നാണ് അവയെ പാറയിലെ ചെറിയ വിടവുകളിലോ ആഴത്തിലുള്ള ദ്വാരങ്ങളിലോ ഒളിപ്പിക്കുന്നത്. ഈ പക്ഷികള്‍ പറന്ന് പോകാതിരിക്കാനാണ് തൂവലുകളെല്ലാം പറിച്ചുകളയുന്നത്. എലനോറാസ് ഫാല്‍ക്കണ്‍ വിഭാഗത്തിലെ ഒരു വിഭാഗം പക്ഷികള്‍ മാത്രമാണ് ഇത്തരത്തില്‍ വിചിത്രമായ തട്ടിക്കൊണ്ടുപോകല്‍ രീതി പിന്തുടരുന്നത്. മൊഗഡോര്‍ എന്ന പ്രത്യേകയിനം പക്ഷികളാണ് ഈ ‘കിഡ്‌നാപ്പര്‍മാര്‍.’

2015 -ല്‍ മൊറോക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് മൊഗഡോര്‍ ദ്വീപസമൂഹത്തില്‍ ജീവിവര്‍ഗങ്ങളുടെ സെന്‍സസ് നടത്തിയ പക്ഷിശാസ്ത്രജ്ഞരാണ് ഈ വേട്ടയാടല്‍ രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പക്ഷികളെ ഇങ്ങനെ ഒളിപ്പിച്ചുവക്കുന്നതിലൂടെ ഇവയ്ക്ക് ഇരയെ എത്ര കാലം വേണമെങ്കിലും തങ്ങളുടെ ഭക്ഷണ സ്രോതസായി നിര്‍ത്താനുകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Read Also : നോക്കിനിൽക്കവേ മുന്നിൽ അഗാധ ഗർത്തങ്ങൾ; ഇതുവരെ രൂപപ്പെട്ടത് 2500 ലധികം! കോന്യയിൽ സംഭവിക്കുന്നത്..

സോങ്ബേഡുകള്‍ എന്ന ചെറുപക്ഷികളെയാണ് ഇവ പ്രധാനമായും വേട്ടയാടുന്നത്. സ്വിഫ്റ്റ്സ്, ഹൂപോസ്, വേഡേഴ്സ് എന്നിങ്ങനെയുള്ള പക്ഷികളെയും ഇവ ഇങ്ങനെ പിടികൂടി സൂക്ഷിക്കാറുണ്ട്. ഇരകളെന്നും കിട്ടാതെ വരുമ്പോള്‍ ഭക്ഷിക്കാനാണ് ഇവ പക്ഷികളെ ഇത്തരത്തില്‍ തടവിലാക്കി സൂക്ഷിക്കുന്നത്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലാണ് എലനോറാസ് ഫാല്‍ക്കനുകളെ പ്രധാനമായും കാണപ്പെടുന്നത്.

Story highlights : Eleonoras falcon Imprisons its Prey