‘കപ്പുകളും പ്ളേറ്റുകളും എറിഞ്ഞു പൊട്ടിക്കുന്ന ചടങ്ങ്’; ജർമനിയിലെ വിചിത്രമായ വിവാഹാചാരം!
മനുഷ്യർ ഏറെ വ്യത്യസ്തരാണ്. കോടിക്കണക്കിന് മനുഷ്യർ വസിക്കുന്ന ഈ ഭൂമിയിൽ ഓരോ രാജ്യത്തിനും, നാടിനും, ഗ്രാമങ്ങൾക്ക് പോലും എത്രയോ വിചിത്രമായ ആചാരങ്ങളുമുണ്ട്! കണ്ടിട്ടും കേട്ടിട്ടും, എന്തിന് ചിന്തിക്കാൻ പോലും കഴിയാത്തത്ര വിചിത്രമായിരിക്കും അവയിൽ പലതും.അത്തരത്തിൽ ഏറെ വിചിത്രമായ ഒരു വിവാഹാചാരം ജർമനിയിൽ നിലനിൽക്കുന്നുണ്ട്. (Germany’s Polterabend Custom)
വിവാഹത്തിന് മുൻപ് നടത്തുന്ന ഈ വിചിത്രമായ ആചാരത്തിൽ, വധുവിൻ്റെയും വരൻ്റെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേർന്ന് പാത്രങ്ങൾ പൊട്ടിക്കും. പിന്നെ വധുവും വരനും ചേർന്ന് അത് വൃത്തിയാക്കണം. ഒരുമിച്ചുള്ള ജീവിതം കെട്ടിപ്പടുക്കുമ്പോൾ, പലപ്പോഴും വിള്ളലുകൾ ഉണ്ടായേക്കാം. എന്നാൽ ദാമ്പത്യബന്ധം തകർക്കാൻ ആരും ശക്തരല്ലെന്ന ഓർമ്മപ്പെടുത്തലാണ് ഈ ചടങ്ങ്.
തകർന്ന പ്ലേറ്റുകൾ ഉണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദം ദുരാത്മാക്കളെ ഭയപ്പെടുത്തുകയും പൊട്ടിയ പാത്ര കഷ്ണങ്ങൾ ഭാഗ്യം കൊണ്ടുവരുന്നു എന്നുമാണ് വിശ്വാസം. ആദ്യകാലങ്ങളിൽ വിവാഹത്തിൻ്റെ തലേദിവസം അർദ്ധരാത്രി വരെ പോൾട്ടറബെൻഡ് നടത്തിയിരുന്നു. എന്നാലിന്ന് പലപ്പോഴും വിവാഹത്തിന് ഒരാഴ്ച മുമ്പ് വരെ ഇത് ആഘോഷിക്കപ്പെടാറുണ്ട്.
Read also: അവരുടെ ഭാഷയും സംസ്കാരവും അവർക്ക് മാത്രം; ലോകത്തിൽ നിന്നും ഒറ്റപ്പെട്ട ഗോത്രങ്ങളെ അറിയാം
പരമ്പരാഗതമായി, വധുവിൻ്റെ മാതാപിതാക്കളുടെ വീടാണ് ചടങ്ങിനുള്ള വേദി. ഇന്ന്, വലിയ പന്തലുകളും സ്റ്റേജുകളുമൊക്കെ ഇതിനായി ഒരുക്കാറുണ്ട്. പറന്നു നടക്കുന്ന പാത്രങ്ങൾക്കിടയിൽ ആർക്കും പരിക്കേൽക്കാത്ത അനുയോജ്യമായ ഇടം കണ്ടത്തേണ്ടതും ആവശ്യമാണ്.
ചടങ്ങിൽ പെങ്കെടുക്കാൻ പൊതുവെ ആർക്കും ക്ഷണമൊന്നും ആവശ്യമില്ല. ദമ്പതികൾക്കൊപ്പം ആഘോഷിക്കാൻ ആർക്കും ഈ ദിവസം കടന്നുവരാം. കുപ്പിച്ചില്ലുകൾ ഒഴിച്ച്, കപ്പുകളും സോസറുകളും മുതൽ പൂച്ചട്ടികളോ സെറാമിക് ടൈലുകളോ വരെയുള്ള എല്ലാത്തരം വസ്തുക്കളും കൊണ്ടുവരാം. ഇന്ന്, കനം കുറഞ്ഞതും വിലകുറഞ്ഞതുമായ പ്രത്യേകം പാത്രങ്ങൾ പോലും ഇതിനായി വിപണിയിൽ ലഭ്യമാണ്.
വധുവും വരനും ഒരുമിച്ച് തറ തൂത്തുവാരുകയും എല്ലാ പൊട്ടിയ കഷ്ണങ്ങളും നീക്കം ചെയ്യുകയും വേണം എന്നതാണ് ചടങ്ങിന്റെ ഏറ്റവും രസകരമായ ഭാഗം. ദാമ്പത്യജീവിതത്തിൽ ഇരുവരും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട ഭാവി വെല്ലുവിളികളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ജീവിതത്തിലും, ദാമ്പത്യത്തിലും ഒന്നിച്ച് പ്രവർത്തിക്കുന്നതിനെ ഇത് പ്രതീകപ്പെടുത്തുന്നു.
കാലത്തിനൊപ്പം, പോൾട്ടേറബെൻഡിൽ തിരുത്തുകളും വ്യതിയാനങ്ങളും ഉണ്ടായിട്ടും, ആചാരത്തിന്റെ വികാരം ഇന്നും അതേപടി തന്നെ തുടരുന്നു.
Story highlights: Germany’s Polterabend Custom