സായ് സുദർശനും മില്ലറും തിളങ്ങി; സൺറൈസേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അനായാസ ജയം

March 31, 2024

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പൊരുതിജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. 163 റണ്‍സ് വിജലയക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ വിജയം കുറിച്ചു. 36 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ്പ് സ്‌കോറര്‍. 44 റണ്‍സുമായി പുറത്താകാതെനിന്ന ഡേവിഡ് മില്ലറുടെ പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി. ( Gujarat Titans VS Sunrisers Hyderabad )

ആക്രമിച്ച് തുടങ്ങിയ വൃദ്ധിമാന്‍ സാഹയും കരുതലോടെ തുടങ്ങിയ ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. 13 പന്തില്‍ 25 റണ്‍സ് നേടിയ സാഹയെ പുറത്താക്കി ഷഹബാസ് അഹ്‌മദ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. സാവധാനത്തില്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത ഇരുവരും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28 പന്തില്‍ 36 റണ്‍സ് നേടിയ ഗില്ലിനെ മടക്കി മാര്‍ക്കണ്ഡെ ഹൈദരാബാദിനെ വീണ്ടും കളിയിലേക്ക് തിരികെയെത്തിച്ചു.

മൂന്നാം വിക്കറ്റില്‍ സായ് സുദര്‍ശനും ഡേവിഡ് മില്ലറും ചേര്‍ന്ന കൂട്ടുകെട്ടാണ് ഗുജറാത്തിനെ വിജയിപ്പിച്ചത്. മധ്യ ഓവറുകളില്‍ സ്‌കോറ് ഉയര്‍ത്താന്‍ വിഷമിച്ച ഇരുവരും സാവധാനം ആക്രമണ മൂഡിലെത്തി. മായങ്ക് മാര്‍ക്കണ്ഡെ എറിഞ്ഞ 16ആം ഓവറില്‍ 24 റണ്‍സ് പിറന്നത് നിര്‍ണായകമായി. സുദര്‍ശനെ കമ്മിന്‍സ് മടക്കിയെങ്കിലും മില്ലറുമൊത്ത് മൂന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് താരം പുറത്തായത്. 27 പന്തില്‍ 44 റണ്‍സ് നേടി പുറത്താവാതെ നിന്ന മില്ലര്‍ ഗുജറാത്തിന് വിജയം സമ്മാനിച്ചു.

Read Also : വേഗം മണിക്കൂറിൽ 155.8 കിലോമീറ്റർ; തീപ്പന്തുകളുമായി പഞ്ചാബിനെ തകർത്ത രാജധാനി എക്‌സ്പ്രസ്..!

ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സ് നേടിയത്. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്കെല്ലാം തുടക്കം കിട്ടിയെങ്കിലും ആര്‍ക്കും അത് മുതലെടുക്കാനായില്ല. 20 പന്തില്‍ 29 റണ്‍സെടുത്ത അഭിഷേക് ശര്‍മയും, 14 പന്തില്‍ 29 റണ്‍സ് നേടിയ അബ്ദുല്‍ സമദുമാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story highlights : Gujarat Titans VS Sunrisers Hyderabad