വാഹനങ്ങളോ കടകളോ ഇല്ല, ജനസംഖ്യ നാനൂറോളം; ആൻഡമാനിലെ ഹൻസ്പുരി ദ്വീപിനെ കുറിച്ചറിയാം..!
വ്യത്യസ്തമായ ജനവിഭാഗങ്ങളാലും അവരുടെ വൈവിധ്യമാര്‍ന്ന ആചാരങ്ങളാലും സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. അതില്‍തന്നെ വളരെ വ്യത്യസ്തമായ ഒരു ജനവിഭാഗം അധിവസിക്കുന്ന ഒരു ദ്വീപസമൂഹമാണ് ആന്‍ഡമാന്‍. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സെന്റിനല്‍സ് ജനവിഭാഗം അധിവസിക്കുന്നത് ആന്‍ഡമാനിലെ ഒരു ദ്വീപിലാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഗതാഗത സംവിധാനങ്ങളൊന്നുമില്ലാത്ത നാനൂറിലധികം ആളുകള്‍ മാത്രം അധിവസിക്കുന്ന വ്യത്യസ്തമായ ഹന്‍സ്പുരി ഗ്രാമത്തെ പരിചയപ്പെടാം.. ( Hanspuri village in Andaman Nocobar islands )
ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ആന്‍ഡമാന്റെ തലസ്ഥാനമായ പോര്ട്ട്ബ്ലെയറില് നിന്നും 230 കിലോമീറ്റര്‍ ദൂരം കാട്ടിലൂടെ യാത്ര ചെയ്താല്‍ മാത്രമെ മായബന്ദറില് എത്താനാകുക. അവിടെ നിന്നും ആദിവാസികളുടെ ഒറ്റത്തടിയില്‍ തീര്‍ത്ത വഞ്ചിയില്‍ മൂന്ന് മണിക്കൂറോളം കടലില്‍ യാത്ര ചെയ്ത് വീണ്ടും ഒരു മണിക്കൂറോളം വനപാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രം ഹന്‍സ്പുരി എന്ന ഗ്രാമത്തില്‍ എത്താനാകു.
1918-ല്‍ ഇന്ത്യയില്‍ നിന്നും ആന്‍ഡമാന്‍ ദ്വീപിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ച ഗോത്രവിഭാഗമാണ് ഹന്‍സ്പുരി ദ്വീപില്‍ താമസമാക്കിയിട്ടുള്ളത്. 420 പേരാണ് ഇവിടെ താമസിക്കുന്നത്. അതിഥികളെ അവരുടെ ആചാര പ്രകാരം സ്ത്രീകളാണ് വരവേല്‍ക്കുന്നത്. ജലവും പൂവും തളിച്ച് പരമ്പരാഗത നൃത്തവും ഗാനങ്ങളുമായിട്ടാണ് സ്വാഗതം ചെയ്യുന്നത്.
Read Also : അവരുടെ ഭാഷയും സംസ്കാരവും അവർക്ക് മാത്രം; ലോകത്തിൽ നിന്നും ഒറ്റപ്പെട്ട ഗോത്രങ്ങളെ അറിയാം
ഗ്രാമത്തിലുള്ളത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമാണുള്ളത്. ഗതാഗത സൗകര്യങ്ങളോ കടകളോ ഇല്ലാത്ത ഒറ്റപ്പെട്ട ഗ്രാമമാണ് ഹന്‍സ്പുരി. പരസ്പരം അകലെയാണ് ഗ്രാമവാസികള്‍ താമസിക്കുന്ന കുടിലുകളുള്ളത്. വൈദ്യതിക്ക് വേണ്ടി ഒരു ജനറേറ്റര്‍ മാത്രമാണ് ഇവിടെയുള്ളത്. ശുദ്ധജലത്തിനായി മൂന്ന് കിണറുകളാണ് ഗ്രാമവാസികള്‍ ആശ്രയിക്കുന്നത്. പരമ്പരാഗതമായി പിന്തുടരുന്ന മത്സ്യബന്ധനവും കൃഷിയുമാണ് ഇവരുടെ ഉപജീവന മാര്‍ഗം. സ്കൂളിന്റെ കാര്യമെടുത്താലും കാര്യം വ്യത്യസ്തമല്ല. എട്ടാം ക്ലാസ് വരെ പഠിപ്പിക്കുന്ന നാല് അധ്യാപകരുള്ള ഒരു വിദ്യാലയം മാത്രമാണ് ഈ ദ്വീപിലുള്ളത്.
Stroy highlights : Hanspuri village in Andaman Nocobar islands