ഒരിക്കൽ പ്രതാപനഗരം; 60 വർഷങ്ങൾക്കിപ്പുറവും ഒറ്റപ്പെട്ട അവസ്ഥയിൽ ധനുഷ്‌കോടി- തകർച്ചയുടെ കഥ

March 22, 2024

തെളിഞ്ഞ വെള്ളവും അതിശയകരമായ കടൽത്തീരവും ചേർന്ന് ഭൂമിയിൽ ഇങ്ങനെയൊരു ഇടമുണ്ടോ എന്ന് സംശയിക്കുന്ന വിധത്തിൽ അമ്പരപ്പിക്കുന്ന സ്ഥലമാണ് ധനുഷ്‌കോടി. തമിഴ്‌നാട്ടിലെ പാമ്പൻ ദ്വീപിന്റെ തെക്ക്-കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ധനുഷ്കോടി മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്. മെട്രോപൊളീറ്റൻ നഗരങ്ങളുടെ തിരക്കുകൾ ഇല്ലാതെ, ആഡംബര കാഴ്ചകൾ ഇല്ലാതെ, ഒരു ദുരന്ത ശേഷിപ്പായി നിലകൊള്ളുന്ന ഇവിടം സഞ്ചാരികളുടെ പ്രിയനഗരമാണ്. രാമായണത്തിലെ രാമനും രാവണനും സീതയും രാമസേതുവുമെല്ലാം ഈ നഗരത്തിന്റെ നിറമുള്ള കഥകൾക്ക് ചാരുത പകരുന്നു.

1964 ൽ ഉണ്ടായ ഒരു ചുഴലി കൊടുങ്കാറ്റിനെ തുടർന്ന് നശിപ്പിക്കപ്പെട്ട നഗരമാണ് ധനുഷ്‌കോടി. ഒരു കാലത്ത് സമ്പന്നമായിരുന്ന പട്ടണത്തിന്റെ ഓർമ്മപ്പെടുത്തലായി അവശേഷിക്കുന്ന അവശിഷ്ടങ്ങൾ മാത്രമാണ് ഇന്ന് ധനുഷ്കോടിയുടെ മുതൽക്കൂട്ട്. എന്നാൽ, ഈ മിതമായ കാഴ്ചകളും ജനസാന്ദ്രത കുറഞ്ഞ അവസ്ഥയും ധനുഷ്കോടിക്ക് വേറിട്ടൊരു ചാരുത പകരുന്നുണ്ട്. എന്നാൽ എങ്ങനെയാണ് ധനുഷ്‌കോടി നിശബ്ദമായതെന്നും, ഒറ്റപ്പെട്ടതെന്നും പലർക്കും അറിയില്ല.

ഒരു വശത്ത് ഇന്ത്യൻ മഹാസമുദ്രവും മറുവശത്ത് ബംഗാൾ ഉൾക്കടലും സ്ഥിതിചെയ്യുന്ന ധനുഷ്കോടി ഒരു കാലത്ത് തിരക്കേറിയതും സമൃദ്ധവുമായ ഒരു നഗരമായിരുന്നു – വീടുകൾ, സ്കൂളുകൾ, പള്ളി, ക്ഷേത്രം, പോസ്റ്റ് ഓഫീസ്, ഒരു റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം ഈ നഗരത്തിൽ ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നമായ മൽസ്യബന്ധന ശൃംഖല ഈ കൊച്ചു പട്ടണത്തിലെ ആയിരക്കണക്കിന് ആളുകളിലൂടെ സജീവമായിരുന്നു. ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള കര മുഖേനയുള്ള ഏക അതിർത്തി കൂടിയാണിത്. നിരവധി തീർഥാടകർക്കും വ്യാപാരികൾക്കും ഒരു പ്രധാന തുറമുഖമായിരുന്നു ഇത്.

സഞ്ചാരികളും, തീർത്ഥാടകരുമെല്ലാം രാമായണ കഥകളിലൂടെ ഇവിടേക്ക് എത്തിയിരുന്ന സമയത്താണ്, 1964 ഡിസംബർ 22 ന് ധനുഷ്കോടിയിലുടനീളം ഒരു വലിയ ചുഴലിക്കാറ്റ് വീശിയടിച്ചത്. 170 മൈൽ വരെ വേഗതയിൽ കാറ്റ് വീശുകയും നഗരം മുഴുവൻ തകർന്നടിയുകയും അന്ന് നശിച്ച കെട്ടിടങ്ങളുടെ അവശിഷ്ടവുമായി ആൾതാമസമില്ലാത്ത ഇന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ് ധനുഷ്‌കോടി. അന്ന് സംഭവിച്ച അപകടത്തിൽ 1,800ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു, പട്ടണത്തിലെ എല്ലാ വീടുകളും നിലംപൊത്തി. മദ്രാസ് സർക്കാർ ‘മനുഷ്യവാസത്തിന് അനുയോജ്യമല്ല’ എന്ന ലേബലും ധനുഷ്കോടിക്ക് നൽകി. വർഷങ്ങൾക്ക് ശേഷം ഏതാനും കുടുംബാംഗങ്ങൾ തിരികെ എത്തിയെങ്കിലും, മത്സ്യബന്ധനം ഉപജീവനമായ ആളുകൾ മാത്രമാണ് കുടുംബമായി ഇന്നും ഇവിടെ ജീവിക്കുന്നത്.

പുരാണവുമായി വളരെയധികം ബന്ധമുള്ള ഇടമാണ് ധനുഷ്‌കോടി. സീതയെ രാവണന്റെ കയ്യിൽനിന്നും രക്ഷിക്കാനായി രാമനും സൈന്യവും രാമ സേതു നിർമ്മിച്ച സ്ഥലമാണ് ധനുഷ്കോടി. സീതയെ രക്ഷപ്പെടുത്തിയ ശേഷം വിഭീഷണന്റെ അഭ്യർത്ഥനപ്രകാരം രാമൻ തന്റെ വില്ലിൽ നിന്ന് അമ്പുകളുപയോഗിച്ച് പാലം നശിപ്പിച്ചു. അങ്ങനെയാണ് ഈ പട്ടണത്തിന് ‘ധനുഷ്കോടി’ എന്ന് പേര് വന്നതെന്ന് വിശ്വസിക്കുന്നു.

Read also: ജോലിയോടുള്ള അടങ്ങാത്ത ആത്മാർത്ഥത; 26 വർഷത്തിനിടെ തെജ്പാൽ ലീവെടുത്തത് ഒറ്റത്തവണ..!

ധനുഷ്കോടിയിൽ ഒട്ടേറെ കാഴ്ചകൾ കാണാനുണ്ട്. അതിലൊന്നാണ് വിസ്മയമായി നിലകൊളളുന്ന പാമ്പൻ പാലം. ഈ പാലം ഇപ്പോൾ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ കടൽ പാലമാണ്, ഇന്ത്യയിലെ ആദ്യത്തെ കടൽ പാലവുമാണ്. മികച്ച വാസ്തുവിദ്യയിലൂടെയാണ് ഈ പാലം ലോക ശ്രദ്ധ കവരുന്നത്. നിർഭാഗ്യവശാൽ 1964 ൽ ധനുഷ്കോടി ചുഴലിക്കാറ്റിനെ തുടർന്ന് പാലത്തിന് വലിയ നാശനഷ്ടമുണ്ടായി. എന്നാൽ വെറും 48 ദിവസത്തിനുള്ളിൽ പാലം പുനർനിർമിച്ചു.

Story highlights- history an tragedy of dhanushkodi